ad
Deshabhimani

ഇതിഹാസ താരങ്ങൾക്ക് ആദരം; ന്യൂസിലൻഡ് ഹാൾ ഓഫ് ഫെയിമിലേക്ക് ജെറമി കോണിയും ഹൈഡി ടിഫനും

jeremy cony
വെബ് ഡെസ്ക്

Published on Mar 25, 2026, 01:08 PM | 1 min read

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ഹാൾ ഓഫ് ഫെയിമിലേക്ക് മുൻ ഓൾറൗണ്ടർമാരായ ജെറമി കോണിയെയും ഹൈഡി ടിഫനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ആരംഭിച്ച 'ഫസ്റ്റ് ഇലവൻ' പട്ടികയ്ക്ക് ശേഷമുള്ള ആദ്യ കൂട്ടിച്ചേർക്കലുകളാണിത്.


1970-80 കാലഘട്ടത്തിൽ ന്യൂസിലൻഡ് പുരുഷ ടീമിനെ നയിച്ചിരുന്ന ജെറമി കോണിയും, വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ ഹൈഡി ടിഫനും വ്യാഴാഴ്ച നടക്കുന്ന ന്യൂസിലൻഡ് ക്രിക്കറ്റ് അവാർഡ് ചടങ്ങിൽ ഔദ്യോഗികമായി ആദരിക്കപ്പെടും.


1974 മുതൽ 1987 വരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായിരുന്ന ജെറമി കോണി, 80-കളിൽ ന്യൂസിലൻഡ് ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടത്തിന് നേതൃത്വം നൽകിയ ക്യാപ്റ്റനാണ്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ആദ്യമായി ടെസ്റ്റ് പരമ്പരകൾ നേടിയത് കോണിയുടെ കീഴിലായിരുന്നു.


52 ടെസ്റ്റുകളിൽ നിന്ന് 2668 റൺസും 27 വിക്കറ്റും നേടിയ അദ്ദേഹം 88 ഏകദിനങ്ങളിൽ നിന്ന് 1874 റൺസും 54 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. വിരമിക്കലിന് ശേഷം പ്രമുഖ കായിക നിരീക്ഷകനായും അദ്ദേഹം തിളങ്ങി. കുട്ടിക്കാലത്ത് ടെന്നീസ് കോർട്ടിൽ തനിയെ ക്രിക്കറ്റ് കളിച്ചു വളർന്ന തനിക്ക് ഈ അംഗീകാരം വലിയ സന്തോഷം നൽകുന്നതാണെന്ന് കോണി പ്രതികരിച്ചു.


വനിതാ ക്രിക്കറ്റിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ഹൈഡി ടിഫൻ 1999 ലാണ് അരങ്ങേറ്റം കുറിച്ചത്. 117 ഏകദിനങ്ങളിൽ നിന്ന് 2919 റൺസും 49 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഒമ്പത് ട്വന്റി20 മത്സരങ്ങളിലും രണ്ട് ടെസ്റ്റുകളിലും ന്യൂസിലൻഡിനെ പ്രതിനിധീകരിച്ചു.


2009 ൽ ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച ടിഫൻ, വിരമിക്കലിന് ശേഷം ടീമിന്റെ പരിശീലകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡെബി ഹോക്ലി, റിച്ചാർഡ് ഹാഡ്‌ലി തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം തന്റെ പേരും ചേർക്കപ്പെട്ടത് വലിയ ബഹുമതിയാണെന്ന് ടിഫൻ പറഞ്ഞു.


കഴിഞ്ഞ വർഷം ബെർട്ട് സട്ട്ക്ലിഫ്, ജോൺ ആർ റീഡ്, മാർട്ടിൻ ക്രോ, ഡാനിയൽ വെട്ടോറി, ബ്രണ്ടൻ മക്കല്ലം തുടങ്ങിയ 11 പേരെയാണ് ആദ്യമായി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷം പൂർത്തിയാക്കിയ, മികച്ച പ്രകടനവും നേതൃപാടവവുമുള്ള താരങ്ങളെയാണ് ഈ ആദരവിനായി പരിഗണിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home