ഡിആർഎസ് ഇല്ല, ഗ്ലൗസിൽ തട്ടിയ പന്തിന് എൽബിഡബ്ല്യൂ ; അമ്പയറോട് കയർത്ത് ബാറ്റ് നിലത്തടിച്ച് നേപ്പാൾ ക്യാപ്റ്റൻ

Photo Credit: Social Media
കീർത്തിപൂർ: ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് ടു മത്സരത്തിനിടെ നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡൽ വിചിത്രമായ രീതിയിൽ പുറത്തായത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു.
അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ അമ്പയറുടെ തെറ്റായ എൽബിഡബ്ല്യു തീരുമാനത്തിന് ഇരയാകേണ്ടി വന്ന താരം മൈതാനത്ത് പ്രകടിപ്പിച്ച കടുത്ത അസംതൃപ്തി ഇപ്പോൾ ഐസിസിയുടെ അച്ചടക്ക നടപടിയുടെ നിഴലിലാണ്.
ത്രിഭുവൻ സർവകലാശാല അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 38-ാം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അമേരിക്കൻ ബൗളർ മിലിന്ദ് കുമാറിനെതിരെ പൗഡൽ സ്വീപ്പ് ഷോട്ടിന് ശ്രമിക്കവെ പന്ത് ഗ്ലൗസിലാണ് തട്ടിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
എന്നാൽ പന്ത് പാഡിലാണ് തട്ടിയതെന്ന നിഗമനത്തിൽ അമ്പയർ ഔട്ട് വിളിക്കുകയായിരുന്നു. അമ്പയറുടെ ഈ തെറ്റായ തീരുമാനത്തിൽ പ്രകോപിതനായ പൗഡൽ, കളം വിടുന്നതിന് മുൻപായി തന്റെ ബാറ്റ് കൊണ്ട് വായുവിൽ ശക്തമായി അടിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.
അമ്പയറുടെ തീരുമാനങ്ങളോട് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയോ കായിക ഉപകരണങ്ങളോട് മോശമായി പെരുമാറുകയോ ചെയ്യുന്നത് ഐസിസിയുടെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണ്.
സാധാരണയായി ഇത്തരം സംഭവങ്ങളിൽ കളിക്കാർക്കെതിരെ ലെവൽ 1 അല്ലെങ്കിൽ ലെവൽ 2 പ്രകാരമുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കാറുള്ളത്. നേപ്പാൾ ക്യാപ്റ്റനായ പൗഡലിനെതിരെ ഐസിസി മാച്ച് റഫറി എന്ത് നടപടിയാകും സ്വീകരിക്കുകയെന്ന് വരും മണിക്കൂറുകളിൽ വ്യക്തമാകും.
ഈ കടുത്ത തിരിച്ചടിയ്ക്കിടയിലും പതറാതെ ബാറ്റിംഗ് തുടർന്ന നേപ്പാൾ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 317 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്കയെ 41.5 ഓവറിൽ വെറും 195 റൺസിന് ചുരുട്ടിക്കെട്ടിയാണ് നേപ്പാൾ ബൗളർമാർ തകർപ്പൻ വിജയം ഉറപ്പിച്ചത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ലാമിച്ചാനെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദീപേന്ദ്ര സിംഗ് ഐറി, ഗുൽഷൻ ഝാ എന്നിവരും നേപ്പാളിനായി പന്തുകൊണ്ട് തിളങ്ങി. സ്കോട്ട്‌ലൻഡ് കൂടി ഉൾപ്പെടുന്ന ഈ പരമ്പരയിൽ ആദ്യ മത്സരത്തിൽ തോറ്റെങ്കിലും, പിന്നീട് അമേരിക്കയെയും സ്കോട്ട്‌ലൻഡിനെയും പരാജയപ്പെടുത്തി മികച്ച രീതിയിലാണ് നേപ്പാൾ ടൂർണമെന്റ് അവസാനിപ്പിച്ചത്.
ട്വന്റി-20 ലോകകപ്പിൽ നേപ്പാളിനെ നയിച്ച പൗഡൽ, വാംഖഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ വെറും നാല് റൺസിന് മാത്രം പരാജയപ്പെട്ട പോരാട്ട വീര്യത്തെക്കുറിച്ച് അടുത്തിടെ സംസാരിച്ചിരുന്നു.
ടെസ്റ്റ് പദവിയുള്ള വലിയ ടീമുകളുമായി വർഷത്തിൽ ഒന്നോ രണ്ടോ പരമ്പരകളിലെങ്കിലും കളിക്കാൻ അവസരം ലഭിച്ചാൽ മാത്രമേ നേപ്പാൾ ക്രിക്കറ്റിന് കൂടുതൽ വളരാൻ സാധിക്കൂ എന്നും, ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ പോലുള്ള മുൻനിര ടീമുകൾ നേപ്പാളിൽ പര്യടനം നടത്തുന്നത് രാജ്യത്തെ ക്രിക്കറ്റിന് വലിയൊരു മാറ്റം സമ്മാനിക്കുമെന്നും പൗഡൽ കൂട്ടിച്ചേർത്തു.










0 comments