ഏഷ്യൻ ഗെയിംസ്; ചരിത്ര റെക്കോർഡോടെ നേപ്പാളും മലേഷ്യയും ഉൾപ്പെടെ നാല് ടീമുകൾ ക്രിക്കറ്റ് യോഗ്യത നേടി

Photo Credit: Social Media
സിംഗപ്പൂർ: 2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് മത്സരങ്ങൾക്ക് യോഗ്യത നേടി നേപ്പാൾ, മലേഷ്യ, ഹോങ്കോങ്, ഒമാൻ എന്നീ ടീമുകൾ. സിംഗപ്പൂരിൽ നടന്ന യോഗ്യതാ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഈ നാല് രാജ്യങ്ങൾ ഏഷ്യൻ ഗെയിംസ് ടിക്കറ്റ് ഉറപ്പാക്കിയത്.
ടൂർണമെന്റിലെ ഗ്രൂപ്പ് എയിൽ നിന്ന് നേപ്പാളും മലേഷ്യയും യോഗ്യത നേടിയപ്പോൾ, ഗ്രൂപ്പ് ബിയിൽ നിന്ന് ഹോങ്കോങ്ങും ഒമാനുമാണ് യോഗ്യതയുറപ്പിച്ചത്. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ജപ്പാനിലാണ് ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് അരങ്ങേറുന്നത്.
യോഗ്യതാ റൗണ്ടിൽ റെക്കോർഡ് പ്രകടനത്തോടെയാണ് നേപ്പാൾ തങ്ങളുടെ കുതിപ്പ് നടത്തിയത്. ആദ്യ മത്സരത്തിൽ ചൈനയെ 221 റൺസിന് തകർത്ത നേപ്പാൾ, നിശ്ചിത ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് അടിച്ചുകൂട്ടി.
43 പന്തിൽ 129 റൺസ് നേടിയ ഓപ്പണർ കുശാൽ ഭുർട്ടലിന്റെ സെഞ്ച്വറി പ്രകടനമാണ് നേപ്പാളിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇതോടെ പുരുഷ ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒന്നിലധികം തവണ 300 പ്ലസ് സ്കോർ നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും നേപ്പാൾ സ്വന്തമാക്കി.
രണ്ടാം മത്സരത്തിൽ മലേഷ്യയെ 167 റൺസിനും നേപ്പാൾ പരാജയപ്പെടുത്തി. ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന ഖത്തർ ടൂർണമെന്റിന് തൊട്ടുമുമ്പ് പിന്മാറിയതോടെ, കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് നേപ്പാൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ആദ്യ മത്സരത്തിൽ ചൈനയെ പരാജയപ്പെടുത്തിയ മലേഷ്യയും ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടി.
ഗ്രൂപ്പ് ബിയിൽ നിന്ന് ബഹ്‌റൈൻ, സിംഗപ്പൂർ എന്നീ ടീമുകളെ പരാജയപ്പെടുത്തി തോൽവി അറിയാതെയാണ് ഹോങ്കോങ്ങും ഒമാനും മുന്നേറിയത്. ഇതോടെ ഗ്രൂപ്പിലെ ഇവരുടെ അവസാന ലീഗ് മത്സരം സെമി ഫൈനൽ ലൈനപ്പ് തീരുമാനിക്കുന്നതിനുള്ള ഒന്നായി മാറി.
ഈ മത്സരത്തിലെ വിജയികൾ സെമിയിൽ മലേഷ്യയെ നേരിടുമ്പോൾ, പരാജയപ്പെടുന്നവർ നേപ്പാളുമായി ഏറ്റുമുട്ടും. എന്നാൽ ഈ മത്സരങ്ങളുടെ ഫലം ടീമുകളുടെ ഏഷ്യൻ ഗെയിംസ് യോഗ്യതയെ ബാധിക്കില്ല.
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ആകെ 10 ടീമുകളാകും മാറ്റുരയ്ക്കുക. ഐസിസിയുടെ പൂർണ്ണ അംഗരാജ്യങ്ങളായ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കും, ആതിഥേയരായ ജപ്പാനും ടൂർണമെന്റിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്.
ഇവർക്കൊപ്പമാകും പുതിയ നാല് ടീമുകൾ കൂടി ചേരുക. സെപ്റ്റംബർ 24-ന് ആരംഭിക്കുന്ന പുരുഷന്മാരുടെ ടൂർണമെന്റിന്റെ ഫൈനൽ ഒക്ടോബർ 3-നാണ് നടക്കുക. ഇതോടൊപ്പം, സെപ്റ്റംബർ 17 മുതൽ 22 വരെ നടക്കുന്ന വനിതാ ക്രിക്കറ്റ് ടൂർണമെന്റിന് തായ്‌ലൻഡ്, മലേഷ്യ, ചൈന എന്നീ ടീമുകൾ കഴിഞ്ഞ ആഴ്ച യോഗ്യത നേടിയിരുന്നു.









0 comments