സിഎസ്കെയ്ക്ക് തിരിച്ചടി; പരിക്ക് മാറാതെ ധോണി: ഡൽഹി, കൊൽക്കത്ത മത്സരങ്ങളിൽ കളിച്ചേക്കില്ല

ചെന്നൈ: എംഎസ് ധോണിയുടെ ഫിറ്റ്നസ് സംബന്ധിച്ച ആശങ്കകൾ ചെന്നൈ സൂപ്പർ കിങ്സിനെ വിട്ടൊഴിയുന്നില്ല. ചൊവ്വാഴ്ച വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം, സിഎസ്കെയുടെ നിർണ്ണായക താരമായ ധോണി ഇതുവരെ മാച്ച് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല.
ഏപ്രിൽ 11-ന് ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കാനിറങ്ങുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. കാലിലെ പേശികൾക്കേറ്റ പരിക്കിനെ തുടർന്ന് അദ്ദേഹം നിരീക്ഷണത്തിലാണെന്നും, കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയമെടുത്തേക്കുമെന്നും സിഎസ്കെ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഏപ്രിൽ 11-ന് ഡൽഹി ക്യാപിറ്റൽസിനെതിരെയും ഏപ്രിൽ 14-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് രണ്ട് സുപ്രധാന മത്സരങ്ങൾക്കാണ് വരും ദിവസങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആതിഥേയത്വം വഹിക്കുന്നത്.
ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ സിഎസ്കെ തങ്ങളുടെ മുൻ ക്യാപ്റ്റന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെങ്കിലും, ഡൽഹിക്കെതിരായ മത്സരം അദ്ദേഹത്തിന് തീർച്ചയായും നഷ്ടപ്പെടുമെന്നാണ് സൂചന. കെകെആറുമായുള്ള മത്സരത്തിലും അദ്ദേഹം കളിക്കാൻ സാധ്യത കുറവാണ്. അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് ഈ സീസണിലെ പോയിൻ്റ് പട്ടികയിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം, എവേ മത്സരങ്ങൾക്കായി ടീമിനൊപ്പം യാത്ര ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് 44-കാരനായ ധോണി. മാർച്ച് 30-ന് ഗുവാഹത്തിയിലും ഏപ്രിൽ 5-ന് ബെംഗളൂരുവിലും നടന്ന മത്സരങ്ങളിൽ അദ്ദേഹം ടീമിനൊപ്പം ഉണ്ടായിരുന്നില്ല.
ഇതിനിടയിൽ പഞ്ചാബ് കിങ്സിനെതിരെ നടന്ന ഹോം മത്സരത്തിലും ധോണിയുടെ അസാന്നിധ്യം വലിയ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരുന്നു. ഫിസിയോയും മസാജറും ഉൾപ്പെടുന്ന സിഎസ്കെയുടെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ ചെന്നൈയിൽ കുടുംബത്തോടൊപ്പം അദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയാണെന്നാണ് ക്രിക്ബസ് റിപ്പോർട്ട് ചെയുന്നത്. രണ്ട് ദിവസം മുമ്പ് സിഎസ്കെ നെറ്റ്‌സിൽ അദ്ദേഹം ബാറ്റിങ്ങ് പരിശീലനം പുനരാരംഭിച്ചിരുന്നു.
"എംഎസ് നിലവിൽ നിരീക്ഷണത്തിലാണ്, ഇതിന് ഇനിയും കുറച്ച് സമയമെടുക്കും. കൃത്യമായി എത്ര സമയമെടുക്കുമെന്ന് ഇപ്പോൾ പറയാനാവില്ല," സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. പേശിവലിവ് കാരണം സീസണിൻ്റെ തുടക്കം നഷ്ടപ്പെട്ട ഡെവാൾഡ് ബ്രെവിസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അടുത്ത മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ അത് വരും ദിവസങ്ങളിലെ ആരോഗ്യ പുരോഗതിയെ ആശ്രയിച്ചിരിക്കും. അടുത്ത മത്സരത്തിന് മുമ്പ് ഞങ്ങൾക്ക് മുന്നിൽ ഇനിയും കുറച്ചു ദിവസങ്ങളുണ്ട്."
ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൻ്റെ തുടക്കത്തിൽ സിഎസ്കെ നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ പരാജയ പരമ്പരയാണിത്. ഇതിലും വലിയൊരു തകർച്ച അവർ നേരിട്ടത് 2022-ലാണ് (ആദ്യത്തെ നാല് മത്സരങ്ങളിലും പരാജയപ്പെട്ടു). കഴിഞ്ഞ സീസണിൽ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ചെന്നൈ ഫിനിഷ് ചെയ്തത്.
ആദ്യ മത്സരം വിജയിച്ചുകൊണ്ട് തുടങ്ങിയെങ്കിലും തുടർന്നുള്ള അഞ്ച് മത്സരങ്ങളിൽ അവർ പരാജയം രുചിച്ചു. ഒടുവിൽ 14 മത്സരങ്ങളിൽ നിന്ന് വെറും നാല് വിജയങ്ങൾ മാത്രവുമായാണ് കഴിഞ്ഞ വർഷം ചെന്നൈ സീസൺ അവസാനിപ്പിച്ചത്.










0 comments