ക്രിക്കറ്റിന് പിന്നാലെ ഇ-സ്പോർട്സിലും 'തല' മാജിക്; ധോണിയുടെ 'മാഹി ക്ലച്ചേഴ്സ്' കളത്തിലേക്ക്

എംഎസ് ധോണി | Photo: Google Play India
ന്യൂഡൽഹി : ഇ-സ്പോർട്സ് രംഗത്തും സാന്നിധ്യമറിയിച്ച് എംഎസ് ധോണി. ധോണിയുടെ ടീമായ മാഹി ക്ലച്ചേഴ്സ് മോബ ലെജൻഡ്സ് മാസ്റ്റേഴ്സ് സീരീസിന്റെ (എംഎൽഎംഎസ്) രണ്ടാം സീസണിൽ മത്സരിക്കും. നവംബർ 27ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഇന്ത്യയിലെ മൊബൈൽ ഗെയിമിങ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിൾ പ്ലേയും നോട്‌വിൻ ഗെയിമിങ്ങും ചേർന്ന് സംഘടിപ്പിക്കുന്ന ഗൂഗിൾ പ്ലേ അരീനയിലാണ് മത്സരം. എസ്8യുഎൽ ഇ-സ്പോർട്സ്, ഗോഡ്‌ലൈക്ക് ഇ-സ്പോർട്സ്, ഒറാങ്ങുട്ടാൻ, ടീം അപെക്സ് ഗെയിമിങ്, റെവനന്റ് എക്സ്സ്പാർക്ക് എന്നിവയാണ് മാഹി ക്ലച്ചേഴ്സിന്റെ പ്രധാന എതിരാളികൾ. യോഗ്യതാ മത്സരങ്ങളിലൂടെ എത്തിയ ക്രക്സ് റിക്വിയം, ഷാഡോ ഇ-സ്പോർട്സ് ടീമുകളും ടൂർണമെന്റിലുണ്ട്.
രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുക. നവംബർ 27 മുതൽ 30 വരെയാണ് ഗ്രൂപ്പ് ഘട്ടം. ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പിൽ ഒന്നാമതെത്തുന്ന ടീമുകൾ നേരിട്ട് ഫൈനലിൽ കടക്കും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ അവസാന അവസര യോഗ്യതാ മത്സരത്തിൽ പങ്കെടുക്കും. നാലാം സ്ഥാനക്കാർ പുറത്താകും.
ഡിസംബർ 10ന് നടക്കുന്ന അവസാന അവസര യോഗ്യതാ മത്സരത്തിൽ ആറ് ടീമുകൾ മാറ്റുരയ്ക്കും. ഇതിൽനിന്ന് രണ്ട് ടീമുകൾ കൂടി ഫൈനലിലേക്ക് യോഗ്യത നേടും. ഡിസംബർ 19, 20 തീയതികളിലാണ് ഫൈനൽ. മത്സരത്തിന്റെ ആദ്യ സീസണിൽ ട്രൂ റിപ്പേഴ്സാണ് കിരീടം നേടിയത്. ഇതിലൂടെ 2026ലെ പാരീസ് ഇ-സ്പോർട്സ് ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും ടീമിന് അവസരം ലഭിച്ചു.
രണ്ടാം സീസണിന് പുറമെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, ഫ്രീ ഫയർ മാക്സ്, റിയൽ ക്രിക്കറ്റ്, ചെസ് ഡോട്ട് കോം, ഇഎ സ്പോർട്സ് എഫ്സി മൊബൈൽ തുടങ്ങിയ ഗെയിമുകളിലും ഗൂഗിൾ പ്ലേ അരീന മത്സരങ്ങൾ സംഘടിപ്പിക്കും.









0 comments