വീണ്ടും മിന്നു, ഇന്ത്യ മിന്നി


Sports Desk
Published on Aug 16, 2025, 04:00 AM | 2 min read
ബ്രിസ്‌ബെയ്‌ൻ
ആവേശകരമായ മത്സരത്തിൽ ഓസ്‌ട്രേലിയൻ എ ടീമിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യൻ എ ടീമിന് വനിതാ ഏകദിന ക്രിക്കറ്റ് പരമ്പര. അവസാന ഓവർവരെ ആവേശംനിറഞ്ഞ കളിയിൽ ഒരുപന്ത് ശേഷിക്കെയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. ആദ്യം ബാറ്റുചെയ്‌ത ഓസീസ് വനിതകൾ ഒമ്പതിന് 265 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇന്ത്യ 49.5 ഓവറിൽ ജയം കണ്ടു. മൂന്ന് വിക്കറ്റ് വീഴ്‌ത്തി മലയാളിതാരം മിന്നു മണി ഒരിക്കൽക്കൂടി ഇന്ത്യൻ നിരയിൽ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ വാലറ്റത്ത് പൊരുതിയ തനുജ കൻവാറും (57 പന്തിൽ 50) പ്രേമ റാവത്തും (33 പന്തിൽ 32*) ആണ് ഇന്ത്യക്ക് മിന്നുന്ന ജയമൊരുക്കിയത്.
സ്‌കോർ: ഓസീസ് 265/9; ഇന്ത്യ 266/8
കൂറ്റൻ ലക്ഷ്യം പിന്തുടരാനെത്തിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 83 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. ഒരറ്റത്ത് പൊരുതിനിന്ന ഓപ്പണർ യസ്‌തിക ഭാട്ടിയ (71 പന്തിൽ 66) പ്രതീക്ഷ നൽകി. ക്യാപ്‌റ്റൻ രാധാ യാദവുമായി (78 പന്തിൽ 60) ചേർന്ന് യസ്‌തിക ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. യസ്‌തിക പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. സ്‌കോർ അഞ്ചിന് 151. പിന്നാലെ മിന്നുവും (3) പുറത്തായി.
ആറിന് 157 എന്ന നിലയിൽ തകർന്ന ഘട്ടത്തിലാണ് രാധാ യാദവ് വാലറ്റവുമായി ചേർന്ന് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. സ്‌കോർ 193ൽവച്ച് ക്യാപ്‌റ്റൻ പുറത്താകുമ്പോൾ ജയത്തിന് 73 റണ്ണകലെയായിരുന്നു ഇന്ത്യ. മൂന്ന് വിക്കറ്റ് ബാക്കി. തുടർന്നായിരുന്നു തനൂജയും പ്രേമയും ചേർന്നുള്ള ആവേശകരമായ ചെറുത്തുനിൽപ്പ്. എട്ടാം വിക്കറ്റിൽ 68 റൺ കൂട്ടിച്ചേർത്തു.
അവസാന ഓവറിൽ അഞ്ച് റണ്ണായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ആദ്യ പന്തിൽ തനൂജ പുറത്തായി. തുടർന്നെത്തിയത് ടിറ്റാസ് സദു. അടുത്ത പന്ത് വൈഡ്. തുടർന്നുള്ള പന്തിൽ സദുവിന് റണ്ണെടുക്കാനായില്ല. മൂന്നാം പന്ത് ലെഗ്‌ബൈ. നാലാം പന്തിൽ പ്രേമ രണ്ട് റൺ ഓടിയെടുത്തു. അടുത്ത പന്തിൽ വിജയ റണ്ണും കുറിച്ചു.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസിനായി അലീസ ഹീലി 91 റണ്ണെടുത്തു. മിന്നുവിനെ കൂടാതെ രണ്ട് വിക്കറ്റുമായി സയ്‌മ ഠാക്കൂറും ഇന്ത്യൻ ബൗളർമാരിൽ തിളങ്ങി. രാധ യാദവ് ഒരു വിക്കറ്റ് നേടി.ആദ്യ കളി മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. അവസാനത്തേത് നാളെ നടക്കും.









0 comments