പിള്ളേര് ‘കൂൾ വൈബാ’ണ്

കൊച്ചി
ഉച്ചവെയിലും മത്സരച്ചൂടും കനത്ത മൂന്നാംദിനത്തിലും പിള്ളേര് ‘കൂൾ വൈബാ’ണ്. ‘പൂക്കി’യുമായി സെൽഫികളെടുത്തും സ്റ്റേജിലെ പ്രകടനങ്ങൾ റീലുകളാക്കിയും ചറപറാ ഇൻസ്റ്റയിലും സ്‌നാപ്പിലുമെല്ലാം ‘പോസ്റ്റോട് പോസ്റ്റ്’! ‘കലോത്സവം വൈബ്’, ‘പൊളി മൂഡ്’, ‘എക്‌സ്‌പ്ലോറിങ് എറണാകുളം’....തുടങ്ങിയ ഹാഷ് ടാഗുകൾ ട്രെൻഡിങ്ങായി. ജെൻ സീയും ജനറേഷൻ ആൽഫയും ചേർന്ന ‘2കെ കിഡ്‌സി’ന്റെ കലോത്സവമാണിത്. ‘ഇത് ഭയങ്കര ലാഗാണല്ലോ’–ഇൻസ്റ്റഗ്രാം റീൽസിലും യുട്യൂബ് ഷോർട്‌സിലും വിഹരിക്കുന്ന കുഞ്ഞുങ്ങൾക്ക് മത്സരിക്കാൻ മണിക്കൂറുകൾ ഉൗഴംകാത്തിരിക്കുന്നതേ ‘ഡാർക്കാ’ണ്. ചില ഐറ്റങ്ങൾ ‘ചൂഗി’യും (പഴഞ്ചൻ) ‘ക്രിഞ്ചു’മാണെന്നും അഭിപ്രായമുള്ളവരുമുണ്ട്. എങ്കിലും ‘ടിബിഎച്ച്, ഇറ്റ്‌സ് ഗോട്ട്’(ടു ബി ഓണസ്റ്റ്, ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം) എന്നാണ് പൊതുവിലെ അഭിപ്രായം.
അൺബീറ്റബിൾ
‘ഇറ്റ്‌സ് ടെൻ ലോങ് ഇയേഴ്‌സ്, വീ ആർ അൺബീറ്റബിൾ!’ എച്ച്‌എസ് വിഭാഗം കോൽക്കളി മത്സരഫലം വന്നയുടൻ തണ്ടേക്കാട് ജെഎച്ച്എസ്എസിലെ പിള്ളേരുടെ ഇൻസ്റ്റാ ‘സ്‌റ്റോറി’കൾ നിറഞ്ഞു. തുടർച്ചയായ പത്താംവർഷവും കോൽക്കളിയിൽ സ്‌കൂളിനാണ് വിജയം. മാഹിൻ പാനായിക്കുളത്തിന്റെ കീഴിൽ അഞ്ചുമാസത്തെ പരിശീലനത്തിനുശേഷമാണ് ടീം തട്ടിൽ കയറിയത്. ചാഞ്ഞും ചരിഞ്ഞും അകംപുറം മാറിയും മുന്നോട്ടും പിന്നോട്ടും ചടുലചലനങ്ങളുമായി കളംനിറഞ്ഞതോടെ കാണികൾക്കും ആവേശമായി. മുഹമ്മദ് ആദം, അമ്മാർ ബിൻ യാസിർ, മുഹമ്മദ് അഷറഫ്, ഫാരിസ് അബൂബക്കർ, അലി അക്ബർ, ഫയാസ് മുഹമ്മദ്, മുഹമ്മദ് ജർഫാദ്, മുഹമ്മദ് സമീൽ, മുഹമ്മദ് ഹാഷിർ, അൽ അമീൻ, മുഹമ്മദ് റിഹാൻ, മുഹമ്മദ് സിയാൻ എന്നിവരടങ്ങിയ സംഘമാണ് നേട്ടം കൊയ്തത്.
എന്തു വിധിയിത് !
എച്ച്‌എസ് വിഭാഗം തിരുവാതിര മത്സരഫലത്തെച്ചൊല്ലി പരാതി. വിധിനിര്‍ണയത്തില്‍ അപാകമുണ്ടെന്നാണ് ആരോപണം. തുടര്‍ന്ന് വാക്കേറ്റവുമുണ്ടായി. പ്രോഗ്രാം കമ്മിറ്റിക്കാരെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് സംഘാടകര്‍ ഉറപ്പുനല്‍കി. അതേസമയം കഥാപ്രസംഗം വിധികർത്താക്കൾ ഇൗ മേഖലയിലുള്ളവരല്ലെന്നും ആക്ഷേപമുണ്ട്.
ഇൻക്വിലാബ് സിന്ദാബാദ്
"പ്രിയമുള്ള കലാസ്‌നേഹികളെ..., കൊലമരത്തിന് താഴെയെത്തിയപ്പോൾ മുഖംമൂടാനെത്തിയവരോട് ഭഗത്‌സിങ് പറഞ്ഞു; അരുത് മുഖം മൂടരുത്... ശേഷം വിപ്ലവത്തിന്റെ വരണമാല്യംപോലെ കൊലക്കയർ കഴുത്തിലണിഞ്ഞു.., ആകാശത്തേക്ക് മുഷ്ടിചുരുട്ടി ഉറക്കെവിളിച്ചു ‘"ഇൻക്വിലാബ് സിന്ദാബാദ്'’–വിപ്ലവനക്ഷത്രം ഭഗത്‌സിങ്ങിന്റെ ജീവിതകഥപറഞ്ഞ യുപി വിഭാഗം കഥാപ്രസംഗത്തിന് സദസ്സിന്റെ നിറകൈയടി, ഒപ്പം ഒന്നാംസ്ഥാനവും. ഫോർട്ട് കൊച്ചി ഫാറ്റിമ ജിഎച്ച്എസിലെ പെൺകുട്ടികളുടെ സംഘമാണ് കഥ അവതരിപ്പിച്ചത്. ഏഴാംക്ലാസുകാരി മാളവിക സുധീറാണ് കുട്ടികാഥിക.
കഴിഞ്ഞവർഷവും ഒന്നാംസ്ഥാനം നേടിയിരുന്നു. ഇത്തവണ മാപ്പിളപ്പാട്ടിനും എ ഗ്രേഡ് നേടി. കാഥികൻ പള്ളുരുത്തി രാമചന്ദ്രന്റെ കീഴിലായിരുന്നു പരിശീലനം. പിന്നണിയിൽ, അയാന ഫാത്തിമ തബലയും സമ പർവീൻ സിംബലും നന്ദന ലക്ഷ്‌മി ഹാർമോണിയവും ദിയ സന്തോഷ് താമ്പറിനും വായിച്ചു.
‘‘കേരള ബഹുത്ത് അച്ചാ ഹേ’’
‘കേരള ബഹുത് അച്ചാ ഹേ...’ മൂന്നുവർഷംമുമ്പ് പശ്ചിമബംഗാളിൽനിന്ന് കേരളത്തിലേക്ക് കുടിയേറിയ അപൂർബ ബിശ്വാസിന് കേരളം ‘പ്യാരി’യാണ്. ഇവിടെയെത്തി ‘മലയാള'ത്തിനും മുന്നേ പഠിച്ചത് കേരളത്തിന്റെ നാടോടിനൃത്തമാണ്. യുട്യൂബാണ് ആദ്യഗുരു. വാസന തിരിച്ചറിഞ്ഞ മൂവാറ്റുപുഴ ഗവ. മോഡൽ എച്ച്‌എസിലെ പ്രഥമാധ്യാപിക ഷെമീന ബീഗവും അധ്യാപകരും പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞവർഷം നാടോടിനൃത്തത്തിൽ എ ഗ്രേഡ് നേടിയതോടെ ബിശ്വാസിൽ എല്ലാവർക്കും വിശ്വാസമായി.
ഇത്തവണ സ്കൂൾ മുൻകൈയെടുത്ത് ഒമ്പതാംക്ലാസുകാരനെ നൃത്തം പഠിപ്പിച്ചു. മൂവാറ്റുപുഴ നാട്യാലയ ഡയറക്ടർ രവികുമാർ ശാസ്ത്രീയനൃത്തങ്ങളും വാഴക്കുളം ഷിജോ സെബാസ്റ്റ്യൻ നാടോടിനൃത്തവും സൗജന്യമായി അഭ്യസിപ്പിച്ചു. മുമ്പേ യുട്യൂബ് ഗുരുവിനുകീഴിൽ നാടോടിനൃത്തവും ഭരതനാട്യവും കുച്ചിപ്പുടിയും പരിശീലിച്ചുതുടങ്ങിയിരുന്നു. മത്സരിക്കാനിറങ്ങിയ മൂന്നിനങ്ങളിലും എ ഗ്രേഡുമായാണ് മടക്കം.
കൊൽക്കത്ത മുർഷിദാബാദ് സ്വദേശിയാണ്. കൂലിത്തൊഴിലാളിയായ സുജിത് ബിശ്വാസിന്റെയും പൂർണിമ ബിശ്വാസിന്റെയും മകനാണ്. സഹോദരി പ്രിയ ബിശ്വാസ് ഇതേ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്.
"ഇത് ആ കൊച്ചല്ലേ''
എച്ച്‌എസ് വിഭാഗം കുച്ചിപ്പുടിയിലെ ഒന്നാംസ്ഥാനക്കാരിയെ കണ്ടവരൊക്കെ ഒന്നൂടെ നോക്കി. ‘ഇത് ആ കൊച്ചല്ലേ.. സിയോണ ഷാജി’ ടെലിവിഷൻ ഷോകളിൽ കണ്ടുപരിചയമുള്ള മുഖമാണ്. കടയിരുപ്പ് ജിഎച്ച്എസ്എസ് പത്താംക്ലാസ് വിദ്യാർഥിയായ സിയോണ മൂന്നരവയസ്സുമുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. കലാമണ്ഡലം സുമതിയാണ് ആദ്യഗുരു. കിഴക്കമ്പലം ആദിത്യനുകീഴിലാണിപ്പോൾ കുച്ചിപ്പുടി പരിശീലനം. നാടോടിനൃത്തത്തിലും ഒന്നാംസ്ഥാനം ലഭിച്ചിരുന്നു.
2025ലെ എ പി ജെ അബ്ദുൽകലാം ബാലപ്രതിഭ പുരസ്‌കാര ജേതാവുകൂടിയാണ്.
ഡബ്ബിങ് ആർടിസ്റ്റുകൂടിയായ സിയോണ പ്രിയനന്ദനന്റെ ‘ഏഴുനിറമുള്ള സ്വപ്‌നങ്ങൾ’ ചിത്രത്തിലും അഭിനയിച്ചു. കോഴിക്കോട് ബാലുശേരി താനത്തിൽതാഴെ ഷാജി–ബീന ദമ്പതികളുടെ മകളാണ്.








0 comments