‘വിജയ ക്രാന്തി’ ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് ഏകദിന പരമ്പര


Sports Desk
Published on Jul 24, 2025, 12:42 AM | 1 min read
ചെസ്‌റ്റർ ലെ സ്‌ട്രീറ്റ്
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പേസ് നിരയിലേക്കുള്ള വരവ് ഗംഭീരമാക്കി ഇരുപത്തൊന്നുകാരി ക്രാന്തി ഗൗഡ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയപ്പോൾ ക്രാന്തിയുടെ ആറ് വിക്കറ്റ് പ്രകടനമാണ് നിർണായകമായത്. ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറിന്റെ മികവിൽ മൂന്നാം ഏകദിനത്തിൽ ഇന്ത്യ അഞ്ചിന് 318 റണ്ണാണ് നേടിയത്. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് ജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ക്രാന്തി വിട്ടുകൊടുത്തില്ല. ഒരോവറിൽ രണ്ട് വിക്കറ്റ് ഉൾപ്പെടെ നേടി ഇന്ത്യക്ക് 13 റണ്ണിന്റെ ജയവും പരമ്പരയും നൽകി. 2–-1നാണ് പരമ്പര സ്വന്തമാക്കിയത്.
ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ക്രാന്തിയുടെ അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരെ മൂന്ന് കളിയിലും ഇറങ്ങി. ആകെ ഒമ്പത് വിക്കറ്റ് നേടി. മൂന്നാം മത്സരത്തിൽ 9.5 ഓവറിൽ ഒരു മെയ്‌ഡൻ ഉൾപ്പെടെ 52 റൺ വഴങ്ങിയായിരുന്നു ആറ് വിക്കറ്റ് നേട്ടം. ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമാണ് ക്രാന്തി. ഏകദിനത്തിൽ ആറ് വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യക്കാരി.
മധ്യപ്രദേശിലെ ചതർപുരിൽനിന്നുള്ള വലംകൈ പേസർ വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്‌സിന്റെ താരമാണ്. മൂന്നാം ഏകദിനത്തിൽ ക്യാപ്‌റ്റൻ നാത് സ്‌കീവർ ബ്രുന്റ് (105 പന്തിൽ 98) ആണ് ഇംഗ്ലണ്ടിനായി പൊരുതിയത്. സെഞ്ചുറിക്ക് രണ്ട് റണ്ണകലെവച്ച് ദീപ്‌തി ശർമ ക്യാപ്‌റ്റനെ മടക്കുകയായിരുന്നു. അവസാന ഓവറുകളിൽ 34 പന്തിൽ 44 റണ്ണുമായി അപകടമുയർത്തിയ ആലിസ് ഡേവിഡ്‌സൺ റിച്ചാർഡ്‌സിനെ ക്രാന്തിയും പുറത്താക്കി. അമ്പതാം ഓവറിന്റെ അഞ്ചാംപന്തിൽ ലോറെൻ ബെല്ലിനെ ബൗൾഡാക്കി ജയം പൂർത്തിയാക്കി.











0 comments