വിമർശകർക്ക് സ്ട്രൈക്ക് റേറ്റിലൂടെ മറുപടി നൽകി കെഎൽ രാഹുൽ; സെലക്ടർമാർക്ക് ശക്തമായ മുന്നറിയിപ്പ്

Photo Credit: Social Media
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ വിശ്വസ്തനായ ബാറ്റർ എന്ന പേര് നിലനിർത്തുമ്പോഴും ട്വന്റി 20 ക്രിക്കറ്റിലെ മെല്ലെപ്പോക്കിന്റെ പേരിൽ ഏറെ പഴികേട്ടിരുന്ന താരമാണ് കെഎൽ രാഹുൽ.
കുറഞ്ഞ സ്ട്രൈക്ക് റേറ്റ് കാരണം 2022-ന് ശേഷം ഇന്ത്യൻ ട്വന്റി 20 ടീമിൽ നിന്ന് പുറത്തായ രാഹുൽ, 2026 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി തകർപ്പൻ തിരിച്ചുവരവാണ് നടത്തുന്നത്.
സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമനായി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ രാഹുൽ, തന്നെ തഴഞ്ഞ ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കും വിമർശകർക്കും ബാറ്റ് കൊണ്ട് മറുപടി നൽകിയിരിക്കുകയാണ്.
നിലവിൽ 54 ശരാശരിയിൽ 180-ന് മുകളിൽ സ്ട്രൈക്ക് റേറ്റിലാണ് രാഹുൽ ഡൽഹിക്കായി റൺസ് അടിച്ചുകൂട്ടുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ നിർണ്ണായക വിജയത്തിന് പിന്നാലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയ രാഹുൽ, ഓറഞ്ച് ക്യാപ് ധരിച്ചാണ് അഭിമുഖത്തിനെത്തിയത്.
വ്യക്തിഗത റെക്കോർഡുകൾ സന്തോഷം നൽകുന്നതാണെങ്കിലും ടീമിന്റെ വിജയത്തിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് രാഹുൽ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലെ തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ടീം തിരിച്ചു വന്നതിൽ താൻ സംതൃപ്തനാണെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ ബാറ്റിംഗിൽ ഈ സീസണിൽ ഏറ്റവും സംതൃപ്തി നൽകുന്ന വശം എന്താണെന്ന ചോദ്യത്തിന് "സ്ട്രൈക്ക് റേറ്റ്" എന്നായിരുന്നു രാഹുലിന്റെ കൃത്യമായ മറുപടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ഇതേ കാര്യമായിരുന്നു.
ആധുനിക ട്വന്റി 20 ക്രിക്കറ്റ് ആവശ്യപ്പെടുന്ന രീതിയിലേക്ക് തന്റെ ബാറ്റിംഗ് ശൈലി മാറ്റാൻ താൻ കഠിനാധ്വാനം ചെയ്തതായും അതിന്റെ ഫലം ഇപ്പോൾ മൈതാനത്ത് കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർക്കും വിമർശകർക്കും രാഹുൽ നൽകുന്ന സന്ദേശം വ്യക്തമാണ്. താൻ പഴയ രാഹുലല്ലെന്നും ആധുനിക ട്വന്റി 20ക്ക് അനുയോജ്യമായ പ്രഹരശേഷി തനിക്കുണ്ടെന്നും താരം തെളിയിച്ചു കഴിഞ്ഞു.
ഐപിഎല്ലിലെ ഈ തകർപ്പൻ പ്രകടനം ഇന്ത്യൻ ട്വന്റി 20 ടീമിലേക്കുള്ള രാഹുലിന്റെ തിരിച്ചുവരവിന് വഴിതെളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.










0 comments