Deshabhimani

രഞ്ജി ട്രോഫി; ടോസ് നേടിയ കേരളം ബൗളിങ് തെരഞ്ഞെടുത്തു

Renji trophy

ടീം കേരളം| Photo: Social Media

വെബ് ഡെസ്ക്

Published on Oct 26, 2026, 01:17 PM | 1 min read

തിരുവനന്തപുരം : രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരായ മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിങ് തെരഞ്ഞെടുത്തു. മംഗലപുരം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ബംഗാൾ 15.3 ഓവറിൽ 29 റൺസിന് ഒരു വിക്കറ്റ് നഷ്ടമായ നിലയിലാണ്. 17 പന്തിൽ 10 റൺസെടുത്ത അഭിമന്യു ഈശ്വരൻ പുറത്തായി. അങ്കുർ പോളും അമീർ ഗനിയുമാണ് ക്രീസിൽ.


ഈ സീസണിൽ കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെതിരെ ലീഡ് വഴങ്ങിയ കേരളം, രണ്ടാം മത്സരത്തിൽ ഒഡീഷയെ ഇന്നിങ്‌സിനും 36 റൺസിനും തകർത്തിരുന്നു. എട്ട് പോയിന്റുമായി സി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് കേരളം. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ബംഗാൾ 12 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ്.


ഒഡീഷയ്ക്കെതിരെ കളിച്ച ടീമിനെ തന്നെയാണ് കേരളം ഈ മത്സരത്തിലും നിലനിർത്തിയിരിക്കുന്നത്. വിഷ്ണു വിനോദ് നയിക്കുന്ന ടീമിൽ അഭിഷേക് ജെ നായർ, അഭിഷേക് പി നായർ, സച്ചിൻ ബേബി, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, ജലജ് സക്സേന, ആദിത്യ സർവാടെ, വൈശാഖ് ചന്ദ്രൻ, എം.ഡി. നിധീഷ്, നെടുമൻകുഴി ബാസിൽ എന്നിവരാണുള്ളത്.


കഴിഞ്ഞ മത്സരത്തിൽ സച്ചിൻ ബേബിയുടെയും മുഹമ്മദ് അസറുദ്ദീന്റെയും സെഞ്ചുറികളുടെ കരുത്തിൽ കേരളം ആദ്യ ഇന്നിങ്സിൽ 404 റൺസെടുത്തിരുന്നു. ഒഡീഷയ്ക്ക് രണ്ട് ഇന്നിങ്സുകളിലുമായി 368 റൺസ് മാത്രമാണ് നേടാനായത്. ജലജ് സക്സേന, ആദിത്യ സർവാടെ, വൈശാഖ് ചന്ദ്രൻ എന്നിവരടങ്ങിയ സ്പിൻ നിരയുടെ മികവാണ് കേരളത്തിന് കരുത്തായത്.


രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന രഞ്ജി ട്രോഫിയിൽ 35-ാം തവണയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ബിഷൻ സിങ് ബേദിയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു.


ഡൽഹിയെയും സർവീസസിനെയും തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബംഗാൾ ഇറങ്ങുന്നത്. ഡൽഹിയെ ഒൻപത് വിക്കറ്റിനും സർവീസസിനെ 60 റൺസിനുമാണ് ബംഗാൾ പരാജയപ്പെടുത്തിയത്. അഭിമന്യു ഈശ്വരൻ, അങ്കുർ പോൾ, സുദീപ് ചാറ്റർജി, സുധീപ് കുമാർ ഘരാമി എന്നിവരടങ്ങുന്ന ബാറ്റിങ് നിരയും മുഹമ്മദ് ഷമി, ഷഹബാസ് അഹമ്മദ് എന്നിവരടങ്ങുന്ന ബൗളിങ് നിരയും ബംഗാളിന്റെ കരുത്താണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home