ജോർജിയയിലെ വോട്ടർമാരുടെ വിവരങ്ങൾ ചോര്‍ത്തി ആന്ത്രോപിക് ക്ലോഡ് എഐ; സുരക്ഷയിൽ ആശങ്ക

പ്രതീകാത്മകചിത്രം
ന്യൂയോർക്ക് : യുഎസിലെ ജോർജിയ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ച് ആന്ത്രോപിക്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ക്ലോഡ് (Claude). പണം നൽകിയാൽ മാത്രം ലഭ്യമാകുന്ന തെരഞ്ഞെടുപ്പ് വിവരങ്ങളാണ് ക്ലോഡ് പേയ്മെന്റ് അനുമതിയില്ലാതെ നിയന്ത്രണം മറികടന്ന് ശേഖരിച്ചത്. ആക്സിയോസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആന്ത്രോപിക്കും ഇക്കാര്യം സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.
പൊതുജനങ്ങൾക്ക് ഫീസ് വാങ്ങി ലഭ്യമാക്കുന്ന ആകെ വോട്ടുകളുടെ കണക്കുകളാണ് ക്ലോഡ് ശേഖരിച്ചതെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. സ്ഥിതിവിവരക്കണക്കുകളുമായി ബന്ധപ്പെട്ട ആഭ്യന്തര പദ്ധതിയുടെ ഭാഗമായി പൊതുവിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് സംഭവം. പരിശീലന പരീക്ഷണത്തിനിടെയാണ് സംഭവമെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ജോർജിയ സർക്കാർ നിശ്ചിത തുക ഈടാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന വിവരങ്ങളാണ് ഇത്. എന്നാൽ സംസ്ഥാനത്തെ വോട്ടർ രജിസ്ട്രേഷൻ സംവിധാനത്തിലേക്ക് ക്ലോഡ് പ്രവേശിച്ചിട്ടില്ലെന്നും വ്യക്തിഗത വോട്ടിങ് വിവരങ്ങൾ ശേഖരിക്കുകയോ അവയിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെന്നും ആന്ത്രോപിക് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ആഴ്ചകൾക്കുമുമ്പുതന്നെ ജോർജിയ സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസിനെയും വൈറ്റ് ഹൗസിനെയും ആന്ത്രോപിക് അറിയിച്ചിരുന്നതായാണ് വിവരം. സംഭവം പരസ്യപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ആന്ത്രോപിക് നടപടിയെടുത്തില്ലെന്നും റിപ്പോർട്ടുണ്ട്. അനുമതിയില്ലാതെ ക്ലോഡ് വിവരങ്ങൾ ശേഖരിച്ച സംഭവം മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ഫെഡറൽ, സംസ്ഥാന, പ്രാദേശിക സർക്കാർ ഏജൻസികളുടെ വെബ്സൈറ്റുകളിൽ നിന്ന്, ഫീസോ പ്രത്യേക ടോക്കണോ ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ക്ലോഡ് മറികടന്ന സംഭവങ്ങളുണ്ടായെന്ന് ആന്ത്രോപിക് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവം ആവർത്തിക്കാതിരിക്കാൻ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായി കമ്പനി വ്യക്തമാക്കി. എന്നാൽ അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവരങ്ങൾ ചോർന്ന സംഭവം ഗുരുതരമായ ആശങ്കകളുയർത്തുന്നു. വിവരം നേരത്തെതന്നെ അറിഞ്ഞിട്ടും യുഎസ് സർക്കാരും നടപടി സ്വീകരിച്ചിട്ടില്ലെന്നതും ചർച്ചയാകുന്നു.








0 comments