ad
Deshabhimani

രഞ്ജി ട്രോഫിയിൽ കേരളത്തിന് വീണ്ടും സമനില

kerala cricket
വെബ് ഡെസ്ക്

Published on Nov 11, 2025, 05:32 PM | 2 min read

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള സൗരാഷ്ട്ര മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. നേരത്തെ എട്ട് വിക്കറ്റിന് 402 റൺസെന്ന നിലയിൽ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. സ്കോർ: സൗരാഷ്ട്ര 160, 402/8d കേരളം 233/8, 154/3.



അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ് സൗരാഷ്ട്ര അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. ഡിക്ലയർ മുന്നിൽക്കണ്ട് അതിവേഗം സ്കോർ ചെയ്ത സൗരാഷ്ട്ര ബാറ്റർമാർ എട്ട് ഓവറിൽ 51 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ പ്രേരക് മങ്കാദ് (62) അൻഷ് ഗോസായി (10) ധർമ്മേന്ദ്ര സിങ് ജഡേജ (5) എന്നിവർ പുറത്തായി. പ്രേരകിനെയും അൻഷ് ഗോസായിയെയും എം ഡി നിധീഷ് പുറത്താക്കിയപ്പോൾ എൻ പി ബേസിലാണ് ധർമ്മേന്ദ്ര സിങ് ജഡേജയെ പുറത്താക്കിയത്. യുവരാജ് സിങ് (12) ജയ്ദേവ് ഉനദ്ഘട്ട് (11) എന്നിവർ പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസിൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.


330 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായി. ധർമ്മേന്ദ്ര സിങ് ജഡേജയുടെ പന്തിൽ എൽബിഡബ്ല്യു ആയാണ് രോഹൻ പുറത്തായത്. തുടർന്നെത്തിയ സച്ചിൻ ബേബിയും (16) പുറത്തായി. ഇതിനിടയിൽ ഓപ്പണർ എ കെ ആകർഷ് പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങി. അഞ്ച് റൺസായിരുന്നു ആകർഷ് നേടിയത്.


തുടർന്നെത്തിയ വരുൺ നായനാരും (66) അഭിഷേക് പി നായരും മികച്ച പ്രതിരോധവുമായി ഉറച്ചു നിന്നു. ഇടയ്ക്ക് മഴയെ തുടർന്ന് കളി തടസ്സപ്പെട്ടു. കളി പുനരാരംഭിച്ചപ്പോഴും മികച്ച ബാറ്റിങ് തുടർന്ന ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്തു. 19 റൺസെടുത്ത അഭിഷേകിനെ ജഡേജയാണ് പുറത്താക്കിയത്. അഭിഷേകിന് പകരമെത്തിയ അഹ്മദ് ഇമ്രാൻ (42) ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഒടുവിൽ കേരളം മൂന്ന് വിക്കറ്റിന് 154 റൺസെടുത്ത് നില്‍ക്കെ കളി സമനിലയിൽ പിരിയുകയായിരുന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ധർമ്മേന്ദ്ര സിങ് ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി.


ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയതോടെ കേരളത്തിന് മൂന്ന് പോയിന്റ് ലഭിക്കും. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റാണ് കേരളത്തിനുള്ളത്. ആദ്യ രണ്ട് കളികളും സമനിലയിൽ കലാശിച്ചപ്പോൾ കർണാടകയോടെ ദയനീയ തോൽവി വഴങ്ങുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home