ad
Deshabhimani

സീനിയർ വനിതാ ഏകദിന ക്രിക്കറ്റ്: ഗോവയെ 102 റൺസിന് തകർത്ത് കേരളം

Senior Women Cricket Kerala
വെബ് ഡെസ്ക്

Published on Feb 18, 2026, 05:35 PM | 2 min read

റാഞ്ചി : സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ വിജയത്തോടെ മത്സരങ്ങൾ പൂർത്തിയാക്കി കേരളം. 102 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 47.5 ഓവറിൽ 282 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ 45.3 ഓവറിൽ 180 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായാണ് ടൂർണമെന്റിൽ നിന്ന് കേരളത്തിന്റെ മടക്കം.


സ്കോർ - കേരളം 47.5 ഓവറിൽ 282, ഗോവ 45.3 ഓവറിൽ 180.


ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ക്യാപ്റ്റൻ ടി ഷാനിയും എ അക്ഷയയും ഭേദപ്പെട്ട തുടക്കം നൽകി. ഇരുവരും ചേ‍ർന്ന് 55 റൺസ് കൂട്ടിച്ചേ‍ർത്തു. 29 റൺസെടുത്ത് ഷാനി മടങ്ങിയെങ്കിലും അക്ഷയയും ദൃശ്യയും ചേർന്ന് 61 പന്തുകളിൽ 73 റൺസ് കൂട്ടിച്ചേർത്തു. 38 റൺസെടുത്ത ദൃശ്യയെയും 64 റൺസെടുത്ത അക്ഷയയെയും വിധി ഭണ്ഡാരെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. തുടർന്നെത്തിയ എസ് ആശ തകർത്തടിച്ച് മുന്നേറി. നജ്ല സിഎംസിയും ആശയും ചേർന്ന് നാലാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 56 പന്തുകളിൽ നിന്ന് എട്ട് ഫോറും ഒരു സിക്സും അടക്കം ആശ 71 റൺസ് നേടി. നജ്ല 27 റൺസെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത തേജസ്വിനി ദുറാഗത് ആണ് ഗോവ ബൗളിങ് നിരയിൽ തിളങ്ങിയത്. വിധി ഭണ്ഡാരെ രണ്ട് വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവയ്ക്ക് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നൽകിയത്. പൂർവ്വജ വെർലേക്കറും ഹർഷിത യാദവും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 113 റൺസ് കൂട്ടിച്ചേർത്തു. പൂർവ്വജ 59ഉം ഹർഷിത 66ഉം റൺസ് നേടി. എന്നാൽ തുടർന്നെത്തിയവരിൽ ഒരാൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ബാറ്റർമാർ ഓരോരുത്തരായി വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങിയതോടെ 46-ാം ഓവറിൽ 180 റൺസിന് ഗോവയുടെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി നാല് വിക്കറ്റെടുത്ത ക്യാപ്റ്റൻ ടി ഷാനിയാണ് ബൗളിങ് നിരയിൽ തിളങ്ങിയത്. എസ് ആശ മൂന്ന് വിക്കറ്റും നേടി.


വിജയിച്ചെങ്കിലും കേരളത്തിന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനായില്ല. 28 പോയിന്റുള്ള റെയിൽവേസും 24 പോയിന്റുള്ള ഡൽഹിയും നോക്കൗട്ടിലേക്ക് യോഗ്യത നേടിയപ്പോൾ കേരളം 20 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home