print edition പുതിയ കാലം; പുതിയ ബ്ലാസ്‌റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഗോൾകീപ്പർ അമരീന്ദർ സിങ് മഹാബലിപുരത്തെ എഫ്സി മദ്രാസ് അക്കാദമി സ്--റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു
കോഴിക്കോട് : കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കാലമാണ് ആരംഭിക്കുന്നത്. 2013ൽ ഐഎസ്‌എൽ ഫു ട്‌ബോളിന്റെ ആദ്യ സീസൺ മുതൽ പന്ത് തട്ടുന്ന ബ്ലാസ്‌റ്റേഴ്‌സ് ഇൗ പതിപ്പ് മുതൽ പുതിയ ഉടമകളായ അൽ ഫുർസാൻ സ്‌പോർട്‌സ് ഇൻവെസ്റ്റ് കന്പനിക്ക് കീഴിൽ ഇറങ്ങുന്നു. സീസൺ നാളെ ആരംഭിക്കാനിരിക്കെ അതിവേഗ നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ പത്ത് കളിക്കാരെ പുതുതായി കൂടാരത്തിലെത്തിച്ചു. ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണ തുടരും.
11ന് പുണെയിൽ ഇന്റർ കാശിയുമായാണ് ആദ്യ മത്സരം. കോച്ച് ആഷ്‌ലി വെസ്‌റ്റ്‌വുഡിന് കീഴിൽ ചെന്നൈ മഹാബലിപുരത്താണ് പരിശീലന ക്യാമ്പ്. നിലവിൽ 23 കളിക്കാരാണുള്ളത്. സഹപരിശീലകനായി ഇംഗ്ലീഷുകാരൻ ഹാസ്‌നി അലോഫ്രിയെ ടീം നിയമിച്ചു. വിദേശ താരങ്ങളിൽ മുന്നേറ്റനിരയിൽ മൊമോ യാൻസെയ്‌ൻ (ഗിനി), ആൻഡ്രെ ഗ്രീൻ (ഇംഗ്ലണ്ട്) മധ്യനിരയിൽ നെബോയ്‌സ കൊസൊവിച്ച് (മൊണ്ടെനെഗ്രോ) പ്രതിരോധത്തിൽ ജയിംസ് ബോൾട്ടൺ (ഇംഗ്ലണ്ട്) എന്നിവരാണ് പുതുമുഖങ്ങൾ.
ഉറുഗ്വായ്‌ക്കാരനായ ലൂണ കഴിഞ്ഞ സീസണിൽ വായ്‌പാടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ് പെർസിക് കെദിരിക്കായാണ് കളിച്ചത്. ഫാലു എൻഡിയായെ, കരിം ബെനാറിഫ് തുടങ്ങിയ മറ്റ് വിദേശ താരങ്ങളുടെ കരാർ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇന്ത്യൻ കളിക്കാരിൽ മലയാളി വിങ്ങർ മുഹമ്മദ് സനാനാണ് ശ്രദ്ധേയ താരം. മലപ്പുറംകാരനെ ഉൾപ്പെടെ ആറ് ആഭ്യന്തര കളിക്കാരെയാണ് എത്തിച്ചത്. പരിചയസമ്പന്നനായ ഗോൾകീപ്പർ അമരീന്ദർ സിങ് വന്നു.
മധ്യനിരയിൽ മുഹമ്മദ് യാസിർ, പോൾ റാംഫങ്സൗവ, ജോയെൽ ലാൽറാമെങ്‌മാവിയ എന്നിവരും. മുന്നേറ്റക്കാരൻ റാംലുൻചുങയും പുതുതായെത്തി. ഡിഫൻസീവ് മിഡ്‌ഫീൽഡർ സഹിൽ ടവോറയുമായും ധാരണയിലായിട്ടുണ്ട്. ആദ്യ സീസണുകളിൽ ഏറെ ആരാധകരുണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് സമീപകാലത്ത് മോശം അവസ്ഥയിലായിരുന്നു. കൊച്ചിയിൽപ്പോലും കളി കാണാനാളില്ലാതായി.
വാണിജ്യ പങ്കാളിയുടെ അനിശ്‌ചിതത്വത്തിൽ ഐഎസ്‌എൽ ഒന്നടങ്കം നിശ്‌ചലമായതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രവർത്തനങ്ങളും നിലച്ചു. ക്ലബ്ബ് അടച്ചുപൂട്ടലിന്റെ വക്കിലെത്തി. വിദേശ താരങ്ങൾ ക്ലബ് വിട്ടു. ഇതിനിടെ പരിശീലകൻ മിക്കേൽ സ്‌റ്റാറെയെ പുറത്താക്കി. പകരമെത്തിയ ഇംഗ്ലീഷുകാരൻ വെസ്‌റ്റ്‌വുഡ് ടീമിന് അൽപ്പമെങ്കിലും ദിശാബോധം നൽകി.
ഇക്കുറി വെസ്‌റ്റ്‌വുഡിന് മുന്നിൽ കടന്പകൾ ഏറെയാണ്. പത്ത് ദിവസം മുമ്പാണ് ക്യാമ്പ് തുടങ്ങിയത്. പുതിയ ടീം രൂപീകരിക്കാനും തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും കുറഞ്ഞ സമയം മാത്രം. മറ്റ് ടീമുകളെല്ലാം മാസങ്ങൾക്കുമുന്പേ ഒരുക്കങ്ങൾ തുടങ്ങി. ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം തട്ടകമായി കൊച്ചി തുടരും. 25ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് കൊച്ചിയിലെ ആദ്യ കളി. മത്സരം കാണാൻ അൽ -ഫുസാൻ ഗ്രൂപ്പിന്റെ തലവനും യുഎഇ രാജകുടംബാംഗവുമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുണ്ടാകും.
ഐഎസ്‌എല്ലിന് നാളെ തുടക്കം
ഐഎസ്‌എൽ ഫുട്‌ബോളിന്റെ 13–ാം സീസണ് നാളെ ബംഗളൂരു ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തിൽ കിക്കോഫ്. ഉദ്‌ഘാടന മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ബംഗളൂരു എഫ്‌സി സ്‌പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. വൈകിട്ട് അഞ്ചിനാണ് മത്സരം. ആദ്യ ദിനം രണ്ട് കളിയുണ്ട്. രാത്രി ഏഴരയ്‌ക്ക് എഫ്‌സി ഗോവയും ചെന്നൈയിൻ എഫ്‌സിയും ഏറ്റുമുട്ടും. 13 ക്ലബുകളാണ് ആകെ.
ജംഷഡ്‌പുർ എഫ്‌സിക്ക് പകരം ചർച്ചിൽ ബ്രദേഴ്‌സാണ്. ജംഷഡ്‌പുരിനെ ചർച്ചിൽ ഏറ്റെടുത്തിരുന്നു. ഹോം എൻഡ് എവേ രീതിയിലാണ് മത്സരങ്ങൾ. മെയ് വരെയാണ് സീസൺ. ഇൗസ്‌റ്റ് ബംഗാളാണ് നിലവിലെ ചാമ്പ്യൻമാർ. വാണിജ്യ പങ്കാളിയുടെ അഭാവത്തിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും ക്ലബുകളും ചേർന്ന് സംയുക്തമായാണ് ലീഗ് നടത്തുന്നത്.








0 comments