Deshabhimani

print edition നൂറുദിന വഞ്ചനയുടെ സാക്ഷ്യപത്രം; വാഗ്‌ദാനങ്ങൾ 
രേഖയിൽമാത്രം

v d satheesan Solidarity movement

വി ഡി സതീശൻ

avatar
ഒ വി സുരേഷ്‌

Published on Oct 09, 2026, 01:30 AM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്ത്‌ യുഡിഎഫ്‌ സർക്കാരിന്റെ നൂറുദിന കർമ പദ്ധതി വെള്ളിയാഴ്‌ച അവസാനിക്കുമ്പോൾ പലതും പാതിവഴിയിൽ. പ്രഖ്യാപിച്ചവയിൽ നിർവഹണത്തിൽ ഏറ്റവും പിന്നിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ധനവകുപ്പ്‌.


പ്രഖ്യാപിച്ചവയിലേറെയും മുൻ സർക്കാരിന്റെ കാലത്ത്‌ തുടങ്ങിയതോ പേരു മാറ്റിയതോ ആയവ. ചിത്രങ്ങൾമാത്രം അപ്‌ലോഡ്‌ ചെയ്‌ത്‌, പൂർത്തിയായെന്ന്‌ പ്രഖ്യാപിച്ചതുമുണ്ട്‌. പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കാൻ വെബ്‌പോർട്ടൽ തുടങ്ങിയത്‌ ആദ്യമായൈന്ന അവകാശവാദവും തെറ്റ്‌. എൽഡിഎഫ്‌ സർക്കാർ തുടങ്ങിയ വെബ്‌സൈറ്റ്‌ പേരുമാറ്റി പുതുക്കുകയായിരുന്നു.


ജൂലൈ ഒന്നിന്‌ ആരംഭിക്കുമ്പോൾ 50 വകുപ്പുകളിലായി 602 പദ്ധതിയാണ്‌ പ്രഖ്യാപിച്ചത്‌. 50 ദിവസം പിന്നിട്ടപ്പോൾ 13 എണ്ണം വെട്ടി. സർക്കാർ ഉത്തരവുകൾ മാത്രം വെബ്‌പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്‌ത്‌ പദ്ധതി പൂർത്തിയായെന്നും കാണിച്ചു. അമ്പതുദിവസം പിന്നിട്ടപ്പോൾ പൂർത്തിയായവയുടെ എണ്ണം രണ്ടു ശതമാനം. അതോടെ ശതമാനക്കണക്ക്‌ അപ്രത്യക്ഷമായി.


വ്യവസായ വകുപ്പിൽ 22 പദ്ധതികൾ പ്രഖ്യാപിച്ചതിൽ 21 എണ്ണം പൂർത്തിയായെന്നാണ്‌ അവകാവാദം. കശുവണ്ടി വ്യവസായത്തിനുള്ള സമഗ്ര പാക്കേജ്‌ ആണ്‌ അതിലൊന്ന്‌. യോഗങ്ങൾ ചേർന്നതല്ലാതെ പദ്ധതി നടപ്പായതായി ഇ‍ൗ മേഖലയ്‌ക്ക്‌ അറിവില്ല.


നാല്‌ ഖാദി ഷോറൂമുകൾ തുറന്നതാണ്‌ മറ്റൊരു നേട്ടം. പ്രതിരോധ മേഖലയിലേയ്‌ക്ക്‌ കെൽട്രോൺ പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കും എന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നടപ്പായതാണ്‌. ജിഎസ്‌ടി വകുപ്പിനുവേണ്ടി മുൻ സർക്കാർ വാങ്ങിയ വാഹനങ്ങളുടെ ഫ്ലാഗ്‌ ഓഫും 100 ദിന കർമപദ്ധതിയിലാണ്‌. പൊതുമരാമത്ത്‌ മേഖലയിലാണ്‌ കർമപദ്ധതിയുടെ തട്ടിപ്പിന്റെ എണ്ണം കൂടുതൽ. നേരത്തേ തുടങ്ങിയ പ്രവൃത്തികളിൽ സ്വാഭാവികമായി പൂർത്തിയായതും സർക്കാരിന്റെ നേട്ടമായാണ്‌ അവതരിപ്പിക്കുന്നത്‌.


ചെലവിട്ടത് പൂജ്യം


​സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ 100 ശതമാനം ലക്ഷ്യം നേടിയെന്ന ഗതാഗത വകുപ്പിന്റെ പ്രചാരണം തട്ടിപ്പ്. പ്രഖ്യാപിച്ച 46 പദ്ധതികളിൽ ഭൂരിഭാഗവും ഉത്തരവുകളും കടലാസ് ചർച്ച മാത്രമാണെന്ന് സർക്കാരിന്റെ ഔദ്യോഗിക പോർട്ടൽ വ്യക്തമാക്കുന്നു.


ലക്ഷക്കണക്കിന് രൂപ അടങ്കൽ വകയിരുത്തിയ പദ്ധതികളിൽ ഒരു രൂപ പോലും ചെലവഴിക്കാതെയാണ് വകുപ്പ് അവയെല്ലാം ‘100 ശതമാനം ഭൗതികമായി പൂർത്തിയായി' എന്ന് അവകാശപ്പെടുന്നത്.


കെഎസ്‌ആർടിസി ബസുകൾ സ്‌പോൺസർ ചെയ്യാൻ മാർഗരേഖ തയ്യാറാക്കിയതും കമ്മിറ്റി രൂപീകരിച്ചതും മികച്ച ഡ്രൈവർക്കും കണ്ടക്‌ടർക്കും പുരസ്‌കാരം പ്രഖ്യാപിച്ചതും പ്രത്യേക പദ്ധതികളാക്കി മാറ്റി. റോഡപകടം തടയാൻ ബ്ലാക്ക് സ്‌പോട്ട്‌ ശാസ്‌ത്രീയമായി പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല.


വാഹന സെൻസസ്, നമ്പർ പോർട്ടബിലിറ്റി, വേഗപരിധി മേഖലകൾ തിരിക്കൽ, വിർച്വൽ ചെക്ക് പോസ്റ്റ് തുടങ്ങി പത്തിലധികം പദ്ധതികളുടെ കോളത്തിൽ സർക്കാർ പോർട്ടലിൽ രേഖപ്പെടുത്തിയിരിക്കുന്നത് "സ്ഥിരീകരിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമല്ല’ എന്നാണ്. ഇവയെല്ലാം വിജയകരമായി പൂർത്തിയായെന്ന് രേഖകളിൽ തള്ളിക്കയറ്റി.


പൊതുഗതാഗതത്തിന്റെ നട്ടെല്ലായ കെഎസ്ആർടിസി സാമ്പത്തിക ബുദ്ധിമുട്ട് കാരണം സർവീസുകൾ വെട്ടിച്ചുരുക്കുമ്പോഴാണ് കടലാസ് നേട്ടം നിരത്തുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച 600 കോടി രൂപയുടെ സഹായം നേരിട്ട് നൽകാതെ കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി വായ്‌പയാക്കി മാറ്റി. 2,692 കോടി രൂപയുടെ ബാധ്യതയും പ്രതിദിനം 1.10 കോടി രൂപയുടെ വായ്‌പാ തിരിച്ചടവുമുള്ള സ്ഥാപനത്തെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്‌ യുഡിഎഫ്‌ സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home