ad
Deshabhimani

print edition കശ്‌മീർ വീരഗാഥ; ജമ്മു കശ്‌മീരിന്‌ കന്നി രഞ്‌ജി ട്രോഫി

ranji trophy kashmir
വെബ് ഡെസ്ക്

Published on Mar 01, 2026, 12:09 AM | 2 min read

ഹുബള്ളി(കർണാടക): ആഭ്യന്തര ക്രിക്കറ്റിൽ പുതുചരിത്രമെഴുതി ജമ്മുകശ്‌മീർ. ആദ്യമായി രഞ്‌ജിട്രോ-ഫി സ്വന്തമാക്കി. 67 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ നേട്ടം. എട്ട്‌ തവണ ചാമ്പ്യൻമാരായ കർണാടകക്കെതിരായ ഫൈനൽ സമനിലയിൽ അവസാനിച്ചപ്പോൾ ഒന്നാം ഇന്നിങ്സ്‌ ലീഡിന്റെ മികവിലാണ്‌ കിരീടം. 291 റണ്ണിന്റെ ലീഡാണ്‌ നിർണായമായത്‌. സ്‌കോർ: ജമ്മു കശ്‌മീർ 584, 342/4; കർണാടക 293. അവസാന ദിനം ഉച്ചയോടെ ജമ്മു രണ്ടാം ഇന്നിങ്സ്‌ ഡിക്ലയർ ചെയ്‌ത ഉടൻ ക്യാപ്‌റ്റൻമാരായ പരസ്‌ ദോഗ്രയും ദേവദത്ത്‌ പടിക്കലും സമനിലക്ക്‌ സമ്മതിക്കുകയായിരുന്നു. അതിരറ്റ സന്തോഷത്തിൽ കളിക്കാർ മൈതാനത്ത്‌ നൃത്തം ചവിട്ടി. ഗ്യാലറിയിൽ കയ്യടികളുമായി മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയുണ്ടായിരുന്നു.


കളി അവസാനിക്കുമ്പോൾ ഖമ്രാൻ ഇഖ്‌ബാലും (160) സഹിൽ ലോട്രയും(101) സെഞ്ചുറിയുമായി പുറത്താകാതെനിന്നു. മൊത്തം ലീഡ്‌ 633 റണ്ണായി ഉയർത്തിയശേഷമാണ്‌ ജമ്മു ക്യാപ്‌റ്റൻ കൈകൊടുത്തത്‌. ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ശുഭം പണ്ഡിറാണ്‌(121) കളിയിലെ താരം. അഞ്ച്‌ വിക്കറ്റെടുത്ത പേസ്‌ ബ‍ൗളർ അക്വിബ്‌ നബി കിരീടനേട്ടത്തിൽ പ്രധാനിയായി. 10 കളിയിൽ 60 വിക്കറ്റാണ്‌ സമ്പാദ്യം. ജമ്മു 10 കളിയിൽ അഞ്ചെണ്ണം ജയിച്ചു. മുംബൈയോട്‌ 35 റണ്ണിന്‌ തോറ്റാണ്‌ തുടക്കം. ഡൽഹി, രാജസ്ഥാൻ, ഹൈദരാബാദ്‌, മധ്യപ്രദേശ്‌, ബംഗാൾ ടീമുകളെ കീഴടക്കി. ഫൈനൽ അടക്കം നാല്‌ കളിയിൽ സമനില. ബാറ്റർമാരിൽ ക്യാപ്‌റ്റൻ പരസ്‌ ദോഗ്രയുടെയും അബ്‌ദുൽ സമദിന്റെയും പ്രകടനം നിർണായകമായി. ദോഗ്ര 637 റണ്ണടിച്ചു. അബ്‌ദുൽ സമദിന്‌ 748 റണ്ണുണ്ട്‌.


1959ലാണ്‌ ജമ്മു രഞ്‌ജിട്രോഫിയിൽ അരങ്ങേറിയത്‌. ആദ്യ ജയത്തിന്‌ 1982–83 സീസൺവരെ കാത്തിരിക്കേണ്ടിവന്നു. മൂന്ന്‌തവണ ക്വാർട്ടറിലെത്തിയതായിരുന്നു ഇ‍ൗ സീസണിന്‌ മുമ്പുള്ള നേട്ടം. കഴിഞ്ഞ സീസണിൽ ഒറ്റ റണ്ണിനാണ്‌ സെമി നഷ്‌ടമായത്‌. ക്വാർട്ടറിൽ കേരളം ഒരു റണ്ണിന്റെ ഒന്നാം ഇന്നിങ്സ്‌ ലീഡിൽ കയറി. രഞ്‌ജിട്രോഫിയുടെ ചരിത്രത്തിൽ 91–ാം പതിപ്പാണിത്‌. ആദ്യമായി ഫൈനലിലെത്തി കിരീടം നേടുന്ന ഒമ്പതാമത്തെ ടീം. ഇന്ത്യ ക്രിക്കറ്റിലെ പരമ്പരാഗത ശക്തികളെ വീഴ്‌ത്തി പുതിയ ടീമുകൾ ഉയർന്നുവരുന്നതിന്റെ തെളിവാണ്‌ ജമ്മുവിന്റെ വിജയം. ഇ‍ൗ സീസണിൽ സയ്യിദ്‌ മുഷ്‌ത്താഖ്‌ ട്രോഫി ട്വന്റി20 കിരീടം ജാർഖണ്ഡിനാണ്‌. വിജയ്‌ ഹസാരെ ഏകദിന ട്രോഫി വിദർഭ നേടി. ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ ലോകകപ്പെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന രഞ്‌ജിയിൽ ജമ്മു കശ്‌മീരിന്റെ വീരഗാഥ.


25 വർഷത്തിനിടെ ആദ്യ കിരീടം, തിളങ്ങി, ക്യാപ്റ്റൻ ദോഗ്ര


ഹുബള്ളി: ഒരിക്കലും ഇന്ത്യക്കായി കളിച്ചിട്ടില്ല. ഐപിഎൽ തലക്കെട്ടുകളിലും നിറഞ്ഞിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിൽ ഒരിക്കലും കൊട്ടിഘോഷിക്കപ്പെടാത്ത പേരാണ്‌ പരസ്‌ ദോഗ്ര. 25 വർഷമായി ആഭ്യന്തര ക്രിക്കറ്റിൽ നിറഞ്ഞുകളിക്കുന്നു. പ്രായം 41 ആയി. ജമ്മു കശ്‌മീർ ആദ്യമായി രഞ്‌ജിട്രോഫി നേടുമ്പോൾ ക്യാപ്‌റ്റനായി ശ്രദ്ധനേടുന്നു.


ഹിമാചൽ പ്രദേശിലെ പാലംപൂരിൽ 1984ലാണ്‌ ജനനം. കഴിഞ്ഞവർഷമാണ്‌ ജമ്മു ടീമിലെത്തുന്നത്‌. 2001 മുതൽ 17 സീസൺ ഹിമാചൽ പ്രദേശിന്റെ കളിക്കാരനായിരുന്നു. അവർക്കായി 6000 റണ്ണും 19 സെഞ്ചുറിയും നേടി. 2018മുതൽ അഞ്ച്‌ സീസൺ പുതുച്ചേരിക്കായി കളിച്ചു. രണ്ട്‌ സീസണായി ജമ്മു ടീമിലുണ്ട്‌.


രഞ്‌ജിട്രോഫിയിൽ 10,000 റൺ തികച്ചു. മുംബൈയുടെ വസിം ജാഫർ മാത്രമാണ്‌ പതിനായിരം കടമ്പ കടന്ന ബാറ്റർ. 2012–13ൽ എട്ട്‌ കളിയിൽ അഞ്ച്‌ സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ എ ടീമിലെത്തിയെങ്കിലും സീനിയർ കുപ്പായം അകന്നുപോയി.

രാജസ്ഥാൻ റോയൽസ്‌, കിങ്സ്‌ ഇലവൻ പഞ്ചാബ്‌, കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്‌, ഗുജറാത്ത്‌ ലയൺസ്‌ ടീമുകൾക്കായി കളിച്ചെങ്കിലും തിളങ്ങിയില്ല.


ടൂർണമെന്റിലെ മികച്ച താരം, 10 കളിയിൽ 60 വിക്കറ്റ്; ഇന്ത്യൻ കുപ്പായമിടാൻ അക്വിബ്‌ നബി


ഹുബള്ളി: ജമ്മു കശ്‌മീരിന്‌ കന്നിക്കിരീടം ഒരുക്കിയതിൽ പ്രധാനിയാണ്‌ അക്വിബ്‌ നബിയെന്ന വലംകൈയൻ പേസർ. പത്ത്‌ കളിയിൽ 60 വിക്കറ്റുമായി ടൂർണമെന്റിലെ താരമായി. ഫൈനലിൽ ഉൾപ്പെടെ ഏഴ്‌ തവണ അഞ്ച്‌ വിക്കറ്റ്‌ പ്രകടനവും നടത്തി.


രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഒരു സീസണിൽ 60 വിക്കറ്റ്‌ നേടുന്ന മൂന്നാമത്തെ താരമാണ്‌. ജയദേവ്‌ ഉനദ്‌ഘട്ട്‌ (67 വിക്കറ്റ്‌, സ‍ൗരാഷ്‌ട്ര, 2020), ഡി ഗണേഷ്‌ (62 വിക്കറ്റ്‌, കർണാടക, 1989) എന്നിവരാണ്‌ ഇതിന്‌ മുമ്പ്‌ ഇ‍ൗ നേട്ടം സ്വന്തമാക്കിയത്‌. മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടെസ്റ്റ്‌ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ്‌ അക്വിബ്‌. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്‌ താരമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home