ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫെെനൽ ; വിറപ്പിച്ച് റബാദ

ലോർഡ്‌സ്
ഓസ്‌ട്രേലിയൻ ബാറ്റിങ് നിരയെ ചുഴറ്റിയെറിഞ്ഞ് ലോർഡ്‌സിൽ കഗീസോ റബാദയുടെ മിന്നലാക്രമണം. ലോക ടെസ്‌റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം ഓസീസ് ഒന്നാം ഇന്നിങ്സിൽ 212 റണ്ണിന് കൂടാരം കയറി. നേരിട്ടത് 56.4 ഓവർ മാത്രം. അഞ്ച് വിക്കറ്റുമായി പേസർ റബാദ ദക്ഷിണാഫ്രിക്കയുടെ പട നയിച്ചു. മാർകോ ജാൻസെൺ മൂന്നെണ്ണം വീഴ്‌ത്തി. മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്കയും തകർന്നു. 43 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. 169 റൺ പിന്നിലാണ് അവർ.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ക്യാപ്‌റ്റൻ ടെംബ ബവുമയുടെ തീരുമാനത്തിന് ബൗളർമാർ അകമഴിഞ്ഞ പിന്തുണ നൽകുന്നതാണ് ലോർഡ്‌സിൽ കണ്ടത്. റബാദ ആദ്യ ഓവറുകളിൽ തന്നെ ആഞ്ഞടിച്ചു. ഒരു ഘട്ടത്തിൽ ഓസീസ് തിരിച്ചുവരവിന് ശ്രമിച്ചിരുന്നു. സ്‌റ്റീവൻ സ്‌മിത്തും (66) ബ്യൂ വെബ്‌സ്‌റ്ററും (72) പൊരുതിയപ്പോൾ ഓസീസ് തിരിച്ചുവരുമെന്ന് കരുതിയതാണ്. 192/5 എന്ന നിലയിൽ കളിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കൂട്ടത്തകർച്ച. 5.4 ഓവറിൽ ശേഷിക്കുന്ന അഞ്ച് വിക്കറ്റും നഷ്ടമായി. നേടിയതാകട്ടെ 20 റണ്ണും.
പരിചയ സമ്പന്നനായ ഓപ്പണർ ഉസ്‌മാൻ ഖവാജയെ റണ്ണെടുക്കുംമുമ്പ് മടക്കിയാണ് റബാദ തുടങ്ങിയത്. അതേ ഓവറിൽ കാമറൂൺ ഗ്രീനിനും (4) ഉത്തരമുണ്ടായില്ല. തട്ടിമുട്ടിനിന്ന ഓസീസിന്റെ പുതിയ ഓപ്പണർ മാർണസ് ലബുഷെയ്‌ൻ (17) ജാൻസന്റെ പന്തിലാണ് പുറത്തായത്. ലോർഡ്‌സിൽ മികച്ച റെക്കോഡുള്ള സ്‌മിത്ത് പിടിച്ചുനിന്നു. ഇതിനിടെ ട്രാവിസ് ഹെഡിനെയും (11) ജാൻസെൺ തീർത്തു. സ്‌മിത്ത്–-വെബ്‌സ്‌റ്റർ കൂട്ടുകെട്ടിലായി പിന്നെ ഓസീസിന്റെ പ്രതീക്ഷ. ഈ സഖ്യം അഞ്ചാം വിക്കറ്റിൽ 79 റണ്ണെടുത്തു. സ്‌മിത്തിനെ ജാൻസന്റെ കൈയിലെത്തിച്ച് സ്‌പിന്നർ കേശവ് മഹാരാജാണ് സഖ്യം വേർപിരിച്ചത്. വെബ്‌സ്‌റ്ററെ റബാദ മടക്കിയതോടെ കളി ഓസീസിന്റെ തകർച്ച പൂർണമായി.
മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്ക ഓസീസ് പേസർമാർക്ക് മുന്നിൽ പതറി. ക്യാപ്റ്റൻ ബവുമയും (3) ഡേവിഡ് ബെഡിങ്ഹാമും (8) ആണ് ക്രീസിൽ. ഓസീസ് പേസർ മിച്ചെൽ സ്റ്റാർക്ക് രണ്ട് വിക്കറ്റെടുത്തു.








0 comments