ad
Deshabhimani

സഞ്ജുവും ഹെൻറിയും ഫ്ലോപ്പ്; ചെന്നൈക്കെതിരെ ആഞ്ഞടിച്ചു മുൻ ഇന്ത്യൻ ക്യാപ്റ്റൻ

matt henry
വെബ് ഡെസ്ക്

Published on Apr 06, 2026, 06:03 PM | 1 min read

ചെന്നൈ: ഐപിഎൽ 2026 സീസണിലെ തുടർച്ചയായ മൂന്ന് തോൽവികൾക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.


ടീം കോമ്പിനേഷനിൽ ചെന്നൈക്ക് വലിയ പിഴവ് പറ്റിയെന്നും നിലവിലെ പ്രകടനം തുടർന്നാൽ ടീം പ്ലേ ഓഫ് കാണാതെ പുറത്താകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചെന്നൈയുടെ പതനത്തെ ശ്രീകാന്ത് വിശകലനം ചെയ്തത്.


പ്രധാനമായും ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനെ ശ്രീകാന്ത് ചോദ്യം ചെയ്തു. മൂന്ന് മത്സരങ്ങളിൽ നിന്ന് 13 ഇക്കോണമിയിൽ വെറും രണ്ട് വിക്കറ്റുകൾ മാത്രം നേടിയ ഹെൻറിയെ എന്തിനാണ് വീണ്ടും വീണ്ടും കളിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.


ആർസിബിക്കെതിരായ മത്സരത്തിൽ മൂന്ന് ഓവറിൽ 36 റൺസ് വഴങ്ങിയ ഹെൻറിക്ക് പകരം അക്കീൽ ഹൊസൈനെ പരിഗണിക്കാമായിരുന്നുവെന്നും ഹെൻറിയെ ഇനി ടീമിൽ ഉൾപ്പെടുത്തരുതെന്നും ശ്രീകാന്ത് തുറന്നടിച്ചു.


ബൗളിങിന് പുറമെ ചെന്നൈയുടെ ബാറ്റിങ്ങ് നിരയെയും, പ്രത്യേകിച്ച് മലയാളി താരം സഞ്ജു സാംസണിന്റെ ഫോമില്ലായ്മയെയും അദ്ദേഹം വിമർശിച്ചു. ഈ സീസണിൽ വൻ പ്രതീക്ഷകളോടെ ടീമിലെത്തിയ സഞ്ജുവിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 22 റൺസ് മാത്രമാണ് നേടാനായത്.


ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം എത്തിയ സഞ്ജുവിന് 7.33 എന്ന മോശം ശരാശരിയാണുള്ളത്. സഞ്ജു റൺസ് കണ്ടെത്തേണ്ടത് ടീമിന് അനിവാര്യമാണെന്നും ബൗളർമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


ടീമിന്റെ ഫീൽഡിംഗിലെ പിഴവുകളെയും ശ്രീകാന്ത് പരിഹസിച്ചു. ഇത്തരം മോശം ഫീൽഡിംഗുമായി ടൂർണമെന്റിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്‌സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.


ഏപ്രിൽ 11-ന് ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിലെങ്കിലും ടീം വിജയവഴിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home