കരുത്ത് കാട്ടി ജമ്മു: ദേവ്‌ദത്തും രാഹുലും വീണു; കർണാടത്തിന് ബാറ്റിങ് തകർച്ച

ഹുബള്ളി (കർണാടക): രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ജമ്മു കശ്‌മീരിനെതിരെ കർണാടത്തിന് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്‌സിൽ ജമ്മു ഉയർത്തിയ 584 എന്ന കൂറ്റൻ സ്കോറിനെതിരെ മറുപടിക്കെത്തിയ കർണാടകയ്ക്ക് തുടക്കത്തിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായി. ക്യാപ്‌റ്റൻ ദേവ്‌ദത്ത് പടിക്കൽ, കെ എൽ രാഹുൽ, ആർ സമ്രാൻ, കരുൺ നായർ എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. 33 ഓവർ പിന്നിടുമ്പോൾ 110/4 എന്ന നിലയിലാണ് കർണാടക.
ഹബള്ളിയിലെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ജമ്മുവിന് മികച്ച തുടക്കമാണ് ലഭിച്ചത്. കന്നിക്കിരീട സ്വപ്‌നം കാണുന്ന ജമ്മു കർണാടക ബൗളിങ് നിരയ്‌ക്കെതിരെ ക്ഷമയോടെ ബാറ്റ് വീശി. ആറ് വിക്കറ്റ് നഷ്ടത്തിൽ 527 റണ്ണെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ജമ്മുവിന് 57 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. സെഞ്ചുറി നേടിയ ശുഭം പണ്ഡിറും (121) അർധസെഞ്ചുറി നേടിയ യാവെർ ഹസൻ (88), ക്യാപ്‌റ്റൻ പരസ് ദോഗ്ര (70), അബ്‌ദുൾ സമദ് (61), കനല്യ വധാവൻ (70), സഹിൽ ലോട്ര (72) എന്നിവരുമാണ് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
മറുപടിക്കെത്തിയ കർണാടകത്തിന് ഇന്ത്യൻ താരം കെ എൽ രാഹുലിന്റെ (13) വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീട് ക്യാപ്‌റ്റൻ ദേവ്‌ദത്ത് പടിക്കൽ (11), ആർ സമ്രാൻ (0), കരുൺ നായർ (0) എന്നിവർ കൂടി വീണതോടെ കർണാടക പരുങ്ങലിലായി. അർധസെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് (65*) ടീമിനെ വലിയ തകർച്ചയിൽ നിന്ന് കരയറ്റിയത്. പിന്തുണയുമായി ശ്രേയസ് ഗോപാലും (14*) ക്രീസിലുണ്ട്. ജമ്മുവിനായി പേസർ ആഖിബ് നബി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.










0 comments