ad
Deshabhimani

ആരോട് വേണമെങ്കിലും തോറ്റോളൂ, പക്ഷേ അവരോട് അരുത്'; ഇന്ത്യ - പാക് പോരാട്ടത്തിന്റെ കടുത്ത സമ്മർദ്ദത്തെക്കുറിച്ച് ജെമീമ

Jemimah Rodrigues

Photo Credit:BCCI

വെബ് ഡെസ്ക്

Published on Jun 14, 2026, 11:27 AM | 2 min read

ബർമിംഗ്ഹാം: ഇന്ത്യ - പാകിസ്താൻ ക്രിക്കറ്റ് പോരാട്ടങ്ങൾ സൃഷ്ടിക്കുന്ന സമ്മർദ്ദം കായികലോകത്ത് മറ്റൊന്നിനുമില്ലെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ്. താൻ താമസിക്കുന്ന ഫ്ലാറ്റിലെ വാച്ച്മാൻ വരെ പാകിസ്താനെതിരെയുള്ള മത്സരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാറുണ്ടെന്ന് ജെമീമ വെളിപ്പെടുത്തി.


വനിതാ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാകിസ്താനെ നേരിടാൻ ഒരുങ്ങുന്നതിനിടെയാണ് ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ താരം ഈ കടുത്ത വൈര്യത്തെക്കുറിച്ചും ആരാധകരുടെ പ്രതീക്ഷകളെക്കുറിച്ചും സംസാരിച്ചത്.


"ഞാൻ ആദ്യമായി ഒരു ഇന്ത്യ - പാക് മത്സരം കളിച്ച നിമിഷം എനിക്കോർമ്മയുണ്ട്. അന്ന് ഡ്രെസ്സിങ് റൂമിൽ വെച്ച് ഹർമൻ ദിദി (ഹർമൻപ്രീത് കൗർ) ഞങ്ങളോട് സംസാരിച്ചിരുന്നു: 'നമുക്കിത് നിഷേധിക്കാൻ കഴിയില്ല, പുറത്തുനിന്ന് വലിയ രീതിയിലുള്ള സമ്മർദ്ദമുണ്ട്.


കാരണം ഇന്ത്യ - പാകിസ്താൻ മത്സരങ്ങളുടെ ചരിത്രവും ആരാധകരുടെ പ്രതീക്ഷകളും നമുക്കറിയാം' എന്നായിരുന്നു ഹർമൻ ദിദി പറഞ്ഞത്. എന്റെ ഫ്ലാറ്റിലെ വാച്ച്മാൻ വരെ എന്നോട് പറയാറുണ്ട്, 'നിങ്ങൾ ആരോട് വേണമെങ്കിലും തോറ്റോളൂ, പക്ഷേ പാകിസ്താനോട് മാത്രം തോൽക്കരുത്' എന്ന്.


ആളുകൾ ക്രിക്കറ്റിനെയും ഈ മത്സരത്തെയും അത്രമാത്രം സ്നേഹിക്കുന്നതുകൊണ്ടാണ് ഇത്രയും വലിയ സമ്മർദ്ദമുണ്ടാകുന്നത്," ജെമീമ പറഞ്ഞു.


ആരാധകരുടെ കനത്ത പ്രതീക്ഷകൾ നിലനിൽക്കുമ്പോഴും ഇന്ത്യൻ ടീമിന്റെ ലക്ഷ്യം തങ്ങളുടെ കന്നി ട്വന്റി 20 ലോകകിരീടം ഉയർത്തുക എന്നതാണെന്ന് ജെമീമ വ്യക്തമാക്കി.


"ലോകകപ്പ് ട്രോഫി ഉയർത്തുക എന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ന് രാവിലെ പോലും ഞങ്ങൾ അത് മനസ്സിൽ കണ്ട് ഉറപ്പിച്ചിരുന്നു. ഒരു ടീം എന്ന നിലയിൽ ഞങ്ങളുടെ പതിവ് രീതിയാണിത്.


ഒരു കാര്യം നമ്മൾ ദീർഘകാലം മനസ്സിൽ കാണുകയാണെങ്കിൽ, നമ്മൾ ആ ദിശയിലേക്ക് നീങ്ങാൻ തുടങ്ങുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഹെഡ് കോച്ച് അമോൽ സാർ (അമോൽ മുജുംദാർ) ഈ രീതി ഇവിടെയും നിർബന്ധമാക്കിയിട്ടുണ്ട്," താരം കൂട്ടിച്ചേർത്തു.


ലോകകപ്പിന് മുന്നോടിയായി ടീം നടത്തിയ കഠിനമായ തയാറെടുപ്പുകളെക്കുറിച്ചും ജെമീമ വിശദീകരിച്ചു. "എല്ലാ മത്സരങ്ങൾക്കുമായി ഞങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ഒരുങ്ങുന്നത്. കടുത്ത സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണമെന്ന് ഞങ്ങൾ പരിശീലനത്തിനിടെ ആവർത്തിച്ച് പരിശീലിക്കാറുണ്ട്.


പരിശീലന ക്യാമ്പുകൾ മികച്ചതായിരുന്നു. ടീം വലിയ ആത്മവിശ്വാസത്തിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ഞങ്ങൾക്ക് അത്ര നല്ലതായിരുന്നില്ല, എന്നാൽ ചിലപ്പോൾ വിജയങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ തോൽവികളാണ് നമ്മളെ പഠിപ്പിക്കുന്നത്. ആ പാഠങ്ങൾ ഉൾക്കൊണ്ട് ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്," ജെമീമ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home