ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 159 റണ്ണിന് പുറത്ത്
print edition ബുമ്രക്കാറ്റ്

കൊൽക്കത്ത
ഇൗഡൻ ഗാർഡനിൽ വീശിയ ബുമ്രക്കാറ്റിൽ ദക്ഷിണാഫ്രിക്ക കടപുഴകി. ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്ക 159 റണ്ണിന് പുറത്തായി. ഒന്നാം ദിവസം കളിനിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 37 റണ്ണെടുത്തു. 14 ഓവറിൽ 27 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത പേസ് ബൗളർ ജസ്‌പ്രീത് ബുമ്രയാണ് ആഫ്രിക്കൻ ബാറ്റിങ്നിരയുടെ അടിവേരിളക്കിയത്. സ്‌കോർ: ദക്ഷിണാഫ്രിക്ക 159(55 ഓവർ), ഇന്ത്യ 37/1(20).
ഇന്ത്യക്കായി കെ എൽ രാഹുലും(13) വാഷിങ്ടൺ സുന്ദറുമാണ്(6) ക്രീസിലുള്ളത്. 12 റണ്ണെടുത്ത യശസ്വി ജയ്‌സ്വാൾ പുറത്തായി. ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെല്ലാം 55 ഓവറിനുള്ളിൽ കൂടാരം കയറി. പേസർ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുമായി ബുമ്രയെ പിന്തുണച്ചു. സ്‌പിന്നർമാരായ കുൽദീപ് യാദവിന് രണ്ടും അക്‌സർ പട്ടേലിന് ഒരു വിക്കറ്റുമുണ്ട്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്‌ക്കായി ഓപ്പണർമാരായ എയ്‌ദൻ മാർക്രവും(31) റിയാൻ റിക്കിൾടണും(23) ശ്രദ്ധയോടെയാണ് തുടങ്ങിയത്. പത്ത് ഓവർ പിടിച്ചുനിന്നെങ്കിലും ബുമ്രയുടെ കണിശതയുള്ള പന്തേറിൽ പ്രതിരോധം ചോർന്നു. റിക്കിൾടണെ ബൗൾഡാക്കി ബുമ്ര വരവറിയിച്ചു. 57 റണ്ണിന് ആദ്യ വിക്കറ്റ് വീണു. മാർക്രത്തെ വിക്കറ്റ്‌കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചതോടെ ബുമ്ര കളം പിടിച്ചു.
വിയാൻ മുൾഡറും(24) ടോണി ഡി സോർസിയും(24) രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പേസിനൊപ്പം സ്‌പിന്നും ചേർത്ത് ഇന്ത്യ പൂട്ടി. മൂന്ന് റണ്ണെടുത്ത ക്യാപ്‌റ്റൻ ടെംബ ബവുമയെ കുൽദീപ് യാദവ് മടക്കി. വിക്കറ്റ്‌കീപ്പർ കൈൽ വെരിനെയെ(16) വിക്കറ്റിന് മുന്നിൽ കുടുക്കിയ സിറാജ് മാർകോ ജാൻസണെ റണ്ണെടുക്കുംമുമ്പ് ബൗൾഡാക്കി. തുടക്കം പോലെ ഒടുക്കവും ബുമ്ര വീശിയടിച്ചതോടെ ആഫ്രിക്കൻ കൂടാരം തകർന്നു. അവസാന 11 ഓവറിൽ അഞ്ച് വിക്കറ്റ് വീണത് 13 റണ്ണിനാണ്.
രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവർ അടക്കം നാല് സ്‌പിന്നർമാരുമായാണ് ഇന്ത്യ കളിച്ചത്. വിക്കറ്റ്‌കീപ്പർ ധ്രുവ് ജുറേൽ ബാറ്ററായി ടീമിലെത്തി. ഇന്ത്യക്കായി മൂന്ന് ഫോറടിച്ചാണ് യശസ്വി ജയ്‌സ്വാൾ തുടങ്ങിയത്. എന്നാൽ ഏഴാം ഓവറിൽ മാർകോ ജാൻസണിന്റെ പന്തിൽ ബൗൾഡായി. രാഹുലും സുന്ദറും ബാക്കി 13 ഓവർ സൂക്ഷിച്ചാണ് കളിച്ചത്. രാഹുൽ 59 പന്തിലാണ് 13 റൺ. സുന്ദർ 38 പന്ത് നേരിട്ട് ആറ് റൺ നേടി.









0 comments