ad
Deshabhimani

രാജസ്ഥാനിൽ നിന്ന് ഡബ്ലിനിലേക്ക്; ജയ് മുന്ദ്ര ഇന്ന് ഇന്ത്യക്കെതിരെ അരങ്ങേറുമോ?

jai mundra irlend

ജയ് മുന്ദ്ര അയർലൻഡിനായി അരങ്ങേറ്റത്തിന് ഒരുങ്ങുന്നു | Photo Credit:Cricket Ireland

വെബ് ഡെസ്ക്

Published on Jun 26, 2026, 12:43 PM | 1 min read

ബെൽഫാസ്റ്റ്: ഇന്ത്യയ്‌ക്കെതിരെ ബെൽഫാസ്റ്റിൽ നടക്കുന്ന ട്വന്റി 20 പരമ്പര അയർലൻഡ് ടീമിലെ ഇടംകൈയ്യൻ പേസ് ഓൾറൗണ്ടർ ജയ് മുന്ദ്രയ്ക്ക് അവിസ്മരണീയമാകും.


രാജസ്ഥാനിലെ ജയ്പൂരിനടുത്തുള്ള ടോങ്കിൽ ജനിച്ചുവളർന്ന മുന്ദ്ര, താൻ ജനിച്ച രാജ്യത്തിനെതിരെ തന്നെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്.


29 വയസ്സുള്ള ഈ താരം അയർലൻഡിനായി കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ്. നേരത്തെ പഞ്ചാബിൽ നിന്നുള്ള സിമി സിങ് അയർലൻഡിനായി കളിച്ചിട്ടുണ്ട്.


ക്രിക്കറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ച കാലം


ഒരുഘട്ടത്തിൽ തന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചെന്ന് മുന്ദ്ര കരുതിയിരുന്നു. 2019-ൽ ബിരുദപഠനം പൂർത്തിയാക്കിയപ്പോൾ കോർപ്പറേറ്റ് ജോലിയോ ക്രിക്കറ്റോ എന്ന പ്രതിസന്ധിയിലായിരുന്നു അദ്ദേഹം.


ക്രിക്കറ്റിന് ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ച അദ്ദേഹം, പഠനത്തിനായി 2021-ൽ അയർലൻഡിലേക്ക് കുടിയേറി. അവിടെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടുന്നതിനൊപ്പം ഡബ്ലിനിലെ ലെയിൻസ്റ്റർ ക്രിക്കറ്റ് ക്ലബിൽ ചേർന്നതാണ് അദ്ദേഹത്തിന്റെ കരിയർ മാറ്റിമറിച്ചത്.


2023-ൽ ലെയിൻസ്റ്റർ ടീമിനൊപ്പം ഐറിഷ് സീനിയർ കപ്പ് ജയിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവ്.


16 വയസ്സുവരെ ടോപ്പ് ഓർഡർ ബാറ്ററും സ്പിന്നറുമായിരുന്ന മുന്ദ്ര, കോളേജ് കാലഘട്ടത്തിലാണ് ഫാസ്റ്റ് ബൗളിംഗിലേക്ക് തിരിഞ്ഞത്. കഠിനാധ്വാനവും വർഷങ്ങളോളം നീണ്ട ത്യാഗവുമാണ് അദ്ദേഹത്തെ ഇന്ന് അയർലൻഡ് ദേശീയ ടീമിലെത്തിച്ചിരിക്കുന്നത്.


അയർലൻഡ് സെലക്ടർ ആൻഡ്രൂ വൈറ്റ് ടീമിലേക്കുള്ള വിളി അറിയിച്ചപ്പോൾ വാക്കുകൾ കിട്ടാതെ താൻ നിശബ്ദനായിപ്പോയെന്ന് മുന്ദ്ര ഓർക്കുന്നു.


ക്രിക്കറ്റ് കേവലം ഒരു കായിക വിനോദമല്ലെന്നും, അത് മനക്കരുത്തിന്റെയും സ്വഭാവത്തിന്റെയും പരീക്ഷണമാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.


ലോകചാമ്പ്യന്മാർക്ക് മുന്നിൽ പരീക്ഷണം


ഇടംകൈയ്യൻ പേസറായ മുന്ദ്രയ്ക്ക് മികച്ച രീതിയിൽ പന്ത് സ്വിങ് ചെയ്യാനും, ഇന്നിങ്‌സിന്റെ അവസാന ഓവറുകളിൽ സ്ലോവർ ബോളുകളും കട്ടറുകളും ഉപയോഗിച്ച് എതിരാളികളെ സമ്മർദ്ദത്തിലാക്കാനും പ്രത്യേക കഴിവുണ്ട്.


ബാറ്റിംഗിലും തന്റെതായ ശൈലി പുലർത്തുന്ന മുന്ദ്രയ്ക്ക് ഇന്ത്യയെപ്പോലൊരു ലോകോത്തര ടീമിനെ നേരിടുക എന്നത് വലിയ വെല്ലുവിളിയാണ്.


എങ്കിലും സമ്മർദ്ദത്തെ ഇഷ്ടപ്പെടുന്ന താൻ, ഈ അവസരം കരിയറിലെ ഏറ്റവും മികച്ച നേട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് താരം വ്യക്തമാക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home