ഐപിഎൽ 2026
കലാശപ്പോര്: കിരീടം നിലനിർത്താൻ ബംഗളൂരു, ചരിത്രം കുറിക്കാൻ ഗുജറാത്ത്

രജത് പാട്ടിദാർ (ഇടത്) ശുഭ്മാൻ ഗിൽ (വലത്)
തിരുവനന്തപുരം : 65 ദിവസം നീണ്ടുനിന്ന ആവേശപ്പോരാട്ടങ്ങൾക്ക് വിരാമമിട്ട് ഐപിഎൽ 2026 സീസണിന്റെ കലാശപ്പോരാട്ടം മേയ് 31 ഞായറാഴ്ച നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ക്വാളിഫയർ ഒന്നിന്റെ ആവർത്തനമാകും ഈ ഫൈനൽ പോരാട്ടം.
ക്വാളിഫയർ ഒന്നിൽ ഗുജറാത്തിനെ തകർത്ത് ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ആർസിബി മാറി. ഫൈനലിൽ വിജയിക്കാനായാൽ ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും ശേഷം കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീമെന്ന റെക്കോഡ് രജത് പടിദാർ നയിക്കുന്ന ആർസിബിക്ക് സ്വന്തമാക്കാം. 19 സീസണുകൾക്കിടയിൽ ബംഗളൂരുവിന്റെ അഞ്ചാമത്തെ ഫൈനലാണിത്. 2025ൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയാണ് ആർസിബി തങ്ങളുടെ ആദ്യ കിരീടം നേടിയത്.
മറുഭാഗത്ത് ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനും ഇത് ചരിത്ര നിമിഷമാണ്. നാളെ ജയിച്ചാൽ ചെന്നൈ, മുംബൈ, കൊൽക്കത്ത ടീമുകൾക്ക് ശേഷം ഒന്നിലധികം തവണ ഐപിഎൽ കിരീടം നേടുന്ന നാലാമത്തെ ടീമായി ഗുജറാത്ത് മാറും. അരങ്ങേറ്റ സീസണായ 2022ൽ രാജസ്ഥാനെ തോൽപ്പിച്ച് ചാമ്പ്യന്മാരായ ഗുജറാത്ത്, 2023ൽ ചെന്നൈയോട് പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പായിരുന്നു. ഗുജറാത്തിന്റെ മൂന്നാമത്തെ ഐപിഎൽ ഫൈനലാണിത്.
ടീം സ്ക്വാഡ്:
ആർസിബി: രജത് പടിദാർ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ഫിൽ സാൽറ്റ്, ദേവ്ദത്ത് പടിക്കൽ, ടിം ഡേവിഡ്, ജിതേഷ് ശർമ്മ, ജേക്കബ് ബെഥേൽ, ക്രുനാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, രാസിഖ് സലാം ദാർ, സുയാഷ് ശർമ്മ, സ്വപ്നിൽ സിംഗ്, നുവാൻ തുഷാര, വെങ്കിടേഷ് അയ്യർ, ജേക്കബ് ഡഫി, മങ്കേഷ് യാദവ്, ജോർദാൻ കോക്സ്, വിക്കി ഓസ്ത്വാൽ, വിഹാൻ മൽഹോത്ര, കനിഷ്ക് ചൗഹാൻ, സാത്വിക് ദേശ്വാൽ, അഭിനന്ദൻ സിംഗ്.
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ലർ, നിഷാന്ത് സിന്ധു, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, മാനവ് സുതർ, രാഹുൽ തെവാട്ടിയ, ഗ്ലെൻ ഫിലിപ്സ്, അനുജ് റാവത്, കുൽവന്ത് ഖെജ്രോലിയ, കുമാർ കുശാഗ്ര, ഇഷാന്ത് ശർമ്മ, ഷാരൂഖ് ഖാൻ, ജയന്ത് യാദവ്, ലൂക്ക് വുഡ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, അശോക് ശർമ്മ, കോണർ എസ്റ്റർഹുയിസെൻ, ആർ സായ് കിഷോർ.
ഞായറാഴ്ച വൈകിട്ട് 7:00 മണിക്ക് ടോസ് നടക്കും. തുടർന്ന് 7:30നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലൂടെ ടിവിയിലും, ജിയോ ഹോട്ട്സ്റ്റാർ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും തത്സമയ ലൈവ് സ്ട്രീമിങായും പ്രേക്ഷകർക്ക് ആവേശപ്പോരാട്ടം കാണാം.









0 comments