18 കോടിയുടെ ചഹലിന് ഒരോവർ പോലും നൽകിയില്ല! ശ്രേയസ് അയ്യരുടെ തീരുമാനങ്ങൾക്കെതിരെ ആരാധകർ

Photo Credit: Social Media
ധർമ്മശാല: ഐപിഎൽ 2026 സീസണിന്റെ ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനവുമായി പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന പഞ്ചാബ് കിങ്‌സ് കനത്ത തകർച്ചയിലേക്ക്. തിങ്കളാഴ്ച ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടതോടെ പഞ്ചാബ് തുടർച്ചയായ നാലാം തോൽവിയാണ് ഏറ്റുവാങ്ങിയത്.
11 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള പഞ്ചാബ് ഇപ്പോൾ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് എന്നിവർ തൊട്ടുപിന്നാലെയുള്ളതിനാൽ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ ഇപ്പോൾ തുലാസിലായിരിക്കുകയാണ്.
ഡൽഹിക്കെതിരായ മത്സരത്തിൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ സ്വീകരിച്ച ചില തീരുമാനങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ടീം 18 കോടി രൂപയ്ക്ക് സ്വന്തമാക്കിയ പ്രമുഖ സ്പിന്നർ യുവേന്ദ്ര ചഹലിന് മത്സരത്തിൽ ഒരോവർ പോലും നൽകാൻ അയ്യർ തയ്യാറായില്ല.
പേസർമാർക്ക് അനുകൂലമായ സാഹചര്യമായതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മത്സരശേഷം ശ്രേയസ് വിശദീകരിച്ചെങ്കിലും, ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ബൗളർമാർ അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
കൂറ്റൻ സ്കോർ പ്രതിരോധിക്കാനിറങ്ങിയ പഞ്ചാബിനായി അർഷ്ദീപ് സിംഗ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ് 5.25 എന്ന മികച്ച ഇക്കോണമി റേറ്റ് നിലനിർത്തി.
എന്നാൽ മറ്റ് പേസർമാരെല്ലാം ഡൽഹി ബാറ്റിംഗ് നിരയുടെ ചൂടറിഞ്ഞു. 4 ഓവറിൽ 55 റൺസ് വഴങ്ങിയ യാഷ് താക്കൂർ 2 വിക്കറ്റ് നേടിയെങ്കിലും 13.75 എന്ന മോശം ഇക്കോണമിയിലാണ് പന്തെറിഞ്ഞത്. മാർക്കോ ജാൻസൻ 4 ഓവറിൽ 45 റൺസ്, ബെൻ ഡ്വാർഷൂയിസ് 4 ഓവറിൽ 51 റൺസ് എന്നിവർ ധാരാളം റൺസ് വിട്ടുകൊടുത്തു.
മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ 3 ഓവറിൽ 44 റൺസാണ് ഡൽഹി അടിച്ചെടുത്തത് (ഇക്കോണമി 14.66). പ്രധാന ബൗളർമാർ ഇത്തരത്തിൽ റൺസ് വഴങ്ങിയപ്പോഴാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ യുവേന്ദ്ര ചഹലിനെ പന്തേൽപ്പിക്കാതിരുന്ന ക്യാപ്റ്റന്റെ തീരുമാനം കൂടുതൽ വിമർശിക്കപ്പെട്ടത് .
സ്പിൻ ബോളിംഗ് പരിശീലകൻ സായ്‌രാജ് ബഹുതുലെയും നായകന്റെ തീരുമാനത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്. ബോൾ സീം ചെയ്യുന്ന സാഹചര്യത്തിൽ ഫാസ്റ്റ് ബൗളർമാരിലൂടെ വിക്കറ്റുകൾ വീഴ്ത്താമെന്ന പ്ലാൻ എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് വെറും എട്ട് വിക്കറ്റുകൾ മാത്രം നേടി ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ചഹലിനെ ടീം വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന വിമർശനം ശക്തമാണ്.
പരാജയങ്ങളുടെ പശ്ചാത്തലത്തിലും ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് പരിശീലക സംഘം നൽകുന്ന സൂചന. തെറ്റുകൾ തിരുത്തി വിജയവഴിയിൽ തിരിച്ചെത്താനാണ് ശ്രമമെന്ന് ബഹുതുലെ വ്യക്തമാക്കി. മെയ് 14 വ്യാഴാഴ്ച ധർമ്മശാലയിൽ മുംബൈ ഇന്ത്യൻസിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.
പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ പഞ്ചാബിന് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ പഞ്ചാബ് കിങ്‌സിന് ഇനിയുള്ള ഓരോ മത്സരവും നിർണ്ണായകമാണ്.










0 comments