ad
Deshabhimani

തൊഴിലുറപ്പും "കച്ചവടമാക്കി' ലീഗ്‌– കോൺഗ്രസ്‌ നേതാക്കൾ

കരാർ നിയമനത്തിന്‌ പണപ്പിരിവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 29, 2026, 02:29 AM | 1 min read

മലപ്പുറം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലെ കരാർ ജീവനക്കാരുടെ നിയമനം ഉറപ്പാക്കാൻ പണപ്പിരിവുമായി പ്രാദേശിക മുസ്ലിംലീഗ്‌–കോൺഗ്രസ്‌ നേതാക്കൾ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ജൂലൈ ഒന്നുമുതൽ വിബിജി ആർഎഎംജി പദ്ധതിയാകുന്നതും നിലവിലെ ജീവനക്കാരുടെ കരാർ കാലാവധി ഡിസംബർവരെയാക്കി ചുരുക്കിയതുമാണ്‌ പണിപ്പിരിവിനുള്ള വേദിയാക്കുന്നത്‌. കരാർ കാലാവധി അവസാനിക്കുന്ന ഡിസംബറിനുശേഷം നിയമനം ഉറപ്പാക്കാനാണ്‌ പണപ്പിരിവ്‌. ഓരോരുത്തരിൽനിന്നും രണ്ടുമാസത്തെ ശന്പളമാണ്‌ പ്രാദേശിക ലീഗ്‌– കോൺഗ്രസ്‌ നേതാക്കൾ ആവശ്യപ്പെടുന്നത്‌. കഴിഞ്ഞ തവണ എൽഡിഎഫ്‌ ഭരിച്ചിരുന്നതും ഇപ്പോൾ യുഡിഎഫ്‌ ഭരിക്കുന്നതുമായ തദ്ദേശ സ്ഥാപനങ്ങളിലെ തൊഴിലുറപ്പ്‌ പദ്ധതി കരാർ ജീവനക്കാരിൽനിന്നാണ്‌ തുടർ നിയമനം ഉറപ്പാക്കാൻ പണം ആവശ്യപ്പെടുന്നത്‌. സംസ്ഥാനത്താകെ പദ്ധതിയിൽ ആറായിരത്തോളം കരാർ ജീവനക്കാരാണുള്ളത്‌. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും രണ്ട്‌ അക്ക‍ൗണ്ടന്റുമാർ, ഓരോ അക്രഡിറ്റഡ്‌ എൻജിനിയർ, ഓവർസിയർ എന്നിങ്ങനെയാണ്‌ സ്‌റ്റാഫ്‌ പാറ്റേൺ. എന്നാൽ പദ്ധതിയിലേക്ക്‌ കൂടുതൽ ഫണ്ട്‌ വകയിരുത്തുന്ന സ്ഥാപനങ്ങളിൽ അക്ക‍ൗണ്ടന്റുമാരുടെയും ഓവർസിയർമാരുടെയും എണ്ണത്തിൽ വർനയുണ്ടാകും. അക്രഡിറ്റഡ്‌ എൻജിനിയർക്ക്‌ 31,460 രൂപയും ഓവർസിയർക്ക്‌ 25,540 രൂപയും യാത്രാ ബത്തയും അക്ക‍ൗണ്ടന്റിന്‌ 24,040 രൂപയുമാണ്‌ പുതുക്കിയ ശന്പളം. ജൂലൈ ഒന്നുമുതൽ വിബിജിആർഎഎംജി പദ്ധതിയാകുന്നതോടെ 40 ശതമാനം സംസ്ഥാന വിഹിതവും 60 ശതമാനം കേന്ദ്ര വിഹിതവുമാണ്‌ അനുവദിക്കുക. തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിക്കായി അനുവദിക്കുന്ന പ്ലാൻ ഫണ്ടിന്റെ നിശ്‌ചിത ശതമാനം തുകയാണ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ എക്‌സ്‌പെൻസ്‌ (ഭരണപരമായ ചെലവ്‌) എന്ന ഹെഡിലുൾപ്പെടുത്തി കരാർ ജീവനക്കാർക്ക്‌ ശന്പളമായി അനുവദിക്കുക. എന്നാൽ ഫണ്ട്‌ വകയിരുത്തലും വിനിയോഗവും കൃത്യമായി നടന്നില്ലെങകിൽ ജീവനക്കാർക്ക്‌ ശന്പളം ലഭിക്കുമോ എന്ന കാര്യത്തിൽ ഒരുറപ്പുമില്ല. ഇത്തരമൊരു സാഹചര്യം വരുമെന്ന്‌ ഉറപ്പായിരിക്കെ നിയമനത്തിന്‌ കോഴയാവശ്യപ്പെടുന്ന ലീഗ്‌– കോൺഗ്രസ്‌ പ്രാദേശിക നേതൃത്വങ്ങൾക്കെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home