ad
Deshabhimani

കനക്കുന്ന ഐപിഎൽ പോരാട്ടം; ഓറഞ്ച് ക്യാപ് റേസിൽ സായ് സുദർശനും, പർപ്പിൾ ക്യാപിൽ ഭുവനേശ്വർ കുമാറും

BHUVANESHWAR AND SAI SUDHARSHAN

Photo Credit: BCCI

വെബ് ഡെസ്ക്

Published on May 23, 2026, 02:44 PM | 1 min read

മുംബൈ: ഐപിഎൽ 2026 സീസണിലെ ലീഗ് ഘട്ട മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഏറ്റവും കൂടുതൽ റൺസ് നേടുന്നവർക്കുള്ള ഓറഞ്ച് ക്യാപ്പിനും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്നവർക്കുള്ള പർപ്പിൾ ക്യാപ്പിനുമായുള്ള പോരാട്ടം അത്യന്തം ആവേശത്തിലേക്ക്. വെള്ളിയാഴ്ച നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പോരാട്ടത്തിന് ശേഷം ഇരു പട്ടികകളിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.


ബാറ്റർമാരുടെ ആധിപത്യം തുടരുന്ന ഓറഞ്ച് ക്യാപ് റേസിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ഓപ്പണിംഗ് സഖ്യമായ ബി സായ് സുദർശനും (638 റൺസ്) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (616 റൺസ്) തന്നെയാണ് ഇപ്പോഴും ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നത്.


എന്നാൽ ആർസിബിക്കെതിരെ 24 പന്തിൽ 51 റൺസ് അടിച്ചുകൂട്ടിയ ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസൻ 606 റൺസോടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ താരം വൈഭവ് സൂര്യവംശി (579 റൺസ്) നാലാം സ്ഥാനത്തും ആർസിബിക്കെതിരെ 79 റൺസ് നേടിയ ഹൈദരാബാദിന്റെ ഇഷാൻ കിഷൻ (569 റൺസ്) അഞ്ചാം സ്ഥാനത്തുമുണ്ട്.


ബൗളർമാരുടെ പർപ്പിൾ ക്യാപ് പോരാട്ടത്തിൽ വെള്ളിയാഴ്ച വിക്കറ്റൊന്നും നേടാനായില്ലെങ്കിലും ആർസിബി പേസർ ഭുവനേശ്വർ കുമാർ തന്നെയാണ് തലപ്പത്ത് തുടരുന്നത്. 24 വിക്കറ്റുകളുള്ള ഭുവനേശ്വറിനൊപ്പം ഗുജറാത്തിന്റെ കാഗിസോ റബാഡയും 24 വിക്കറ്റ് നേടിയിട്ടുണ്ടെങ്കിലും മികച്ച ഇക്കോണമി റേറ്റിന്റെ (8.07) പിൻബലത്തിൽ പർപ്പിൾ ക്യാപ് ഭുവനേശ്വറിന്റെ കൈകളിൽ ഭദ്രമായിരിക്കുകയാണ്.


ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ പേസർ അൻഷുൽ കംബോജ് 21 വിക്കറ്റുകളോടെ ഭുവനേശ്വറിന് തൊട്ടുപിന്നിൽ വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്. 19 വിക്കറ്റുകൾ വീതമുള്ള ഗുജറാത്തിന്റെ റാഷിദ് ഖാനും ഹൈദരാബാദിന്റെ ഇഷാൻ മലിംഗയുമാണ് പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.


ആർസിബിക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും റാഷിദിനേക്കാൾ ഇക്കോണമി റേറ്റ് കൂടുതലായതിനാലാണ് മലിംഗ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home