print edition വമ്പൊടിഞ്ഞ് മുംബൈ

ബംഗളൂരുവിനെതിരായ മത്സരത്തിനിടെ മുംബെെ ഇന്ത്യൻസ് പേസർ ജസ്--പ്രീത് ബുമ്രയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും
റായ്‌പുർ: അഞ്ച് തവണ ജേതാക്കളായ മുംബൈ ഇന്ത്യൻസ് ഐപിഎൽ ക്രിക്കറ്റിൽ അവിശ്വസനീയമായി തകർന്നടിഞ്ഞു. മൂന്ന് കളി ശേഷിക്കെയാണ് പ്ലേഓഫ് കാണാതെ പുറത്തായത്. 11 കളിയിൽ എട്ട് തോൽവിയും മൂന്ന് ജയവും. ആറ് പോയിന്റുമായി ഒന്പതാംസ്ഥാനത്താണ്. പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്കെതിരെ കളി ബാക്കിയുണ്ട്.
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ത്രില്ലർ പോരിലുണ്ടായ രണ്ട് വിക്കറ്റ് തോൽവി തിരിച്ചടിയായി. നാല് ഓവറിൽ 23 റൺ വഴങ്ങി നാല് വിക്കറ്റെടുത്ത ബംഗളൂരു പേസ് ബൗളർ ഭുവനേശ്വർകുമാറാണ് ‘മാൻ ഓഫ് ദി മാച്ച്’. സ്‌കോർ: മുംബൈ 166/7, ബംഗളൂരു 167/8.
ബാറ്റിങ്ങിലും ബൗളിങ്ങിലും തകർന്നടിഞ്ഞതാണ് ഇൗ സീസണിൽ മുംബൈയ്‌ക്ക് തിരിച്ചടിയായത്.
ഹാർദിക് പാണ്ഡ്യ ക്യാപ്‌റ്റൻ ചുമതലയിൽ മാത്രമല്ല ബാറ്റിങ്ങിലും മങ്ങിപ്പോയി. സൂര്യകുമാർ യാദവിന്റേത് ദയനീയ പ്രകടനമായിരുന്നു. 11 കളിയിൽ 195 റൺ മാത്രം. ഓപ്പണർ റയാൻ റിക്കിൾട്ടനാണ് റണ്ണടിയിൽ മുമ്പിൽ. റൺവേട്ടക്കാരിൽ റിക്കിൾട്ടൺ (382) ഒമ്പതാംസ്ഥാനത്തുണ്ട്. നമൻധിർ(303), തിലക് വർമ(261) രോഹിത് ശർമ(243) എന്നിവരാണ് കൂടുതൽ റൺ നേടിയവർ.
പരിക്കിനെതുടർന്ന് രോഹിതിന് അഞ്ച് കളി നഷ്‌ടമായിരുന്നു. പാണ്ഡ്യക്കും മൂന്ന് കളി നഷ്‌ടം. പരിക്കിനെതുടർന്ന് സ്‌പിൻ ബൗളിങ് ഓൾറൗണ്ടറായ മിച്ചെൽ സാന്റ്‌നറെ നഷ്‌ടപ്പെട്ടു. കളിക്കാരുടെ പരിക്കുകൾ ടീമിന്റെ ഘടനയെയും പ്രകടനത്തെയും ബാധിച്ചതായി മുഖ്യകോച്ച് മഹേല ജയവർധനെ പറഞ്ഞു.
പേസർമാരായ ജസ്‌പ്രീത്‌ബുമ്രയുടെയും ട്രെന്റ്‌ബോൾട്ടിന്റെയും ഫോമില്ലായ്‌മ ബൗളിങ്ങിന്റെ മുനയൊടിച്ചു. ബുമ്ര 11 കളിയിൽ നേടിയത് മൂന്ന് വിക്കറ്റാണ്. ബോൾട്ടിന് അഞ്ച് കളിയിൽ രണ്ട് വിക്കറ്റ്. അഫ്‌ഗാൻ സ്‌പിന്നർ ഗസൻഫർ നേടിയ 13 വിക്കറ്റാണ് രക്ഷയായത്.
കഴിഞ്ഞ ആറ് സീസണിൽ നാലിലും പ്ലേഓഫ് കാണാതെ പുറത്തായി. 2023ലും 2025ലും നാലാംസ്ഥാനം നേടിയതാണ് സമീപകാലത്തെ മികച്ച നേട്ടം. 2019ലും 2020ലുമാണ് അവസാന കിരീടങ്ങൾ.










0 comments