print edition മുംബൈ മിന്നി

ലഖ്നൗവിനെതിരെ അർധ സെഞ്ചുറി തികച്ച മുംബെെ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമ
മുംബൈ: ഐപിൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം. 229 റൺ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറിൽ ജയം നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺ അടിച്ചുകൂട്ടി.
ഓപ്പണർമാരായ റ്യാൻ റിക്കിൾട്ടണും (32 പന്തിൽ 83) രോഹിത് ശർമയും (44 പന്തിൽ 83) ചേർന്നാണ് മുംബൈക്ക് ജയമൊരുക്കിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 143 റണ്ണടിച്ചു. റിക്കിൾട്ടൺ എട്ട് സിക്‌സറും ഏഴ് -ഫോറും നേടി. രോഹിതിന്റെ ഇന്നിങ്‌സിൽ ഏഴ് സിക്‌സറും ആറ് ഫോറും ഉൾപ്പെട്ടു. സീസണിൽ മൂന്നാം ജയമാണ് മുംബൈക്ക്. ലഖ്‌നൗ അവസാന സ്ഥാനത്ത് തുടർന്നു.
21 പന്തിൽ 63 റണ്ണെടുത്ത നിക്കോളാസ് പുരാനാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ. എട്ട് സിക്‌സറാണ് പറത്തിയത്. 2.3 ഓവറിൽ ജോഷ് ഇൻഗ്ലിസിനെ (5 പന്തിൽ 13) നഷ്ടപ്പെട്ടശേഷം പുരാനും മിച്ചെൽ മാർഷും (25 പന്തിൽ 44) ചേർന്ന് റണ്ണുയർത്തുകയായിരുന്നു.രണ്ടാം വിക്കറ്റിൽ ഇൗ സഖ്യം 35 പന്തിൽ 94 റണ്ണാണ് നേടിയത്.
8.3 ഓവറിൽ 123 റണ്ണുള്ളപ്പോഴാണ് സഖ്യം വേർപിരിഞ്ഞത്. മൂന്ന് സിക്‌സറും നാല് ഫോറുമായിരുന്നു മാർഷിന്റെ ഇന്നിങ്‌സിൽ. ടൂർണമെന്റിൽ ആദ്യമായി മികവ് കണ്ടെത്തിയ പുരാൻ 16 പന്തിലാണ് അർധസെഞ്ചുറി പൂർത്തിയാക്കിയത്.
ഇരുവരെയും കോർബിൻ ബോഷാണ് പുറത്താക്കിയത്. മാർഷും പുരാനും പുറത്തായതോടെ മധ്യഓവറുകളിൽ ലഖ്‌നൗവിന്റെ റണ്ണൊഴുക്കിന് വേഗം കുറഞ്ഞു. ക്യാപ്‌റ്റൻ ഋഷഭ് പന്തിന് 10 പന്തിൽ 15 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു സിക്‌സറും ഫോറും പറത്തിയ പന്തിനെ സ്‌പിന്നർ വിൽ ജാക്‌സ് മടക്കി.
ഒന്പതോവറിൽ 85 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റാണ് നഷ്ടമായത്. അവസാന അഞ്ചോവറിൽ 53 റണ്ണടിച്ചാണ് സ്‌കോർ 200 കടത്തിയത്. 31 പന്തിൽ 40 റണ്ണുമായി ഹിമ്മത് സിങ്ങും 25 പന്തിൽ 31 റണ്ണുമായി എയ്‌ദൻ മാർക്രവും പുറത്താകാതെനിന്നു.
ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈക്കായി ഇറങ്ങിയില്ല. സൂര്യകുമാർ യാദവാണ് പകരം നയിച്ചത്.










0 comments