print edition കൊൽക്കത്തയ്‌ക്ക് വരുൺ

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തിരിച്ചുവരവിന് ഉൗർജം പകർന്ന് വരുൺ ചക്രവർത്തി. ഐപിഎൽ ക്രിക്കറ്റിൽ തുടർത്തോൽവികൾക്കുശേഷമാണ് കൊൽക്കത്ത തിരിച്ചുവന്നത്. അവസാന കളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ചു. തുടർച്ചയായ മൂന്ന് കളിയിലാണ് അജിൻക്യ രഹാനെയുടെ സംഘം ജയം സ്വന്തമാക്കുന്നത്.
ഹൈദരാബാദിനെ ബൗളിങ് മിടുക്കിൽ കൊൽക്കത്ത പിടിച്ചുകെട്ടുകയായിരുന്നു. നാലോവറിൽ മൂന്ന് വിക്കറ്റെടുത്ത വരുണായിരുന്നു മാൻ ഓഫ് ദി മാച്ച്. 28 പന്തിൽ 61 റണ്ണുമായി അപകടം വിതച്ച ട്രാവിസ് ഹെഡിനെ വരുൺ പുറത്താക്കിയതോടെയാണ് കളി തിരിഞ്ഞത്.
166 റൺ ലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്‌ക്ക് വേണ്ടി രഹാനെയും (43), അങ്കകൃഷ് രഘുവംശിയും (59) തിളങ്ങിയപ്പോൾ ജയം അനായാസമായി. 11 പന്തിൽ 22 റണ്ണുമായി റിങ്കു സിങ് പുറത്തായില്ല. പത്ത് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് ജയമാണ് കൊൽക്കത്ത് നേടിയത്.
അവസാന മൂന്ന് കളിയിൽ എട്ട് വിക്കറ്റാണ് വരുണിന്റെ സന്പാദ്യം. രാജസ്ഥാനെതിരെയും മൂന്ന് വിക്കറ്റെടുത്ത് മാൻ ഓഫ് ദി മാച്ചായി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. വെസ്‌റ്റിൻഡീസ് സ്‌പിന്നർ സുനിൽ നരെയ്‌ന്റെ പിന്തുണയും വരുണിന് കരുത്തേകി.
ആദ്യ രണ്ട് കളികളിൽ ഇന്ത്യൻ സ്‌പിന്നർ പതറി. 48ഉം 31ഉം റൺ വിട്ടുകൊടുത്ത് വിക്കറ്റൊന്നും നേടാനായില്ല. അവസാന നാല് കളിയിൽ 117 റൺ വഴങ്ങി പത്ത് വിക്കറ്റ് നേടി.
ട്വന്റി20 ലോകകപ്പിലെ വരുണിന്റെ മോശം പ്രകടനം കൊൽക്കത്തയ്‌ക്ക് ആശങ്കയായിരുന്നു. ആദ്യ മത്സരങ്ങളിൽ കൊൽക്കത്ത ടീമിന് സ്‌പിന്നറുടെ പ്രകടനം തിരിച്ചടിയാകുകയും ചെയ്‌തു. എന്നാൽ അവസാന മത്സരങ്ങളിൽ വരുൺ താളം കണ്ടെത്തിയതോടെ കൊൽക്കത്തയും കുതിച്ചു.
എട്ടിന് ഡൽഹി ക്യാപിറ്റൽസുമായാണ് കൊൽക്കത്തയുടെ അടുത്ത മത്സരം. ഡൽഹിയിലാണ് കളി. ജയിച്ചാൽ മുൻചാമ്പ്യൻമാർക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താം.










0 comments