ad
Deshabhimani

തോൽവികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ കൊൽക്കത്ത; പതറുന്ന ഡൽഹിക്ക് ഇന്ന് അഗ്നിപരീക്ഷ

kkr vs dc

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 08, 2026, 01:28 PM | 1 min read

ന്യൂഡൽഹി: ഐപിഎൽ 2026 ന്റെ നിർണ്ണായക ഘട്ടത്തിൽ, പോയിന്റ് പട്ടികയുടെ താഴെത്തട്ടിലുള്ള ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നേർക്കുനേർ വരുന്നു.


ടൂർണമെന്റിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ട ഡൽഹി നിലവിൽ ഏഴാം സ്ഥാനത്താണ്. അതേസമയം, തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷം ഹാട്രിക് വിജയങ്ങളുമായി തിരിച്ചുവന്ന കൊൽക്കത്ത എട്ടാം സ്ഥാനത്ത് ഡൽഹിക്ക് തൊട്ടുപിന്നിലുണ്ട്.



ഹോം ഗ്രൗണ്ടിലെ ഡൽഹിയുടെ മോശം പ്രകടനമാണ് ടീമിനെ പ്രധാനമായും അലട്ടുന്നത്. ഈ സീസണിൽ സ്വന്തം തട്ടകത്തിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അവർക്ക് വിജയിക്കാനായത്.


പഞ്ചാബ് കിങ്‌സിനെതിരെ 264 റൺസ് നേടിയിട്ടും അത് പ്രതിരോധിക്കാൻ കഴിയാത്തതും, ബാംഗ്ലൂരിനെതിരെ 75 റൺസിന് പുറത്തായതും ഡൽഹിയുടെ ആത്മവിശ്വാസത്തിന് തിരിച്ചടിയായിട്ടുണ്ട്.


ഇന്നത്തെ മത്സരത്തിൽ കെ.എൽ. രാഹുൽ നയിക്കുന്ന ഡൽഹി ബാറ്റിംഗ് നിരയ്ക്ക് സുനിൽ നരെയ്ൻ-വരുൺ ചക്രവർത്തി സഖ്യത്തിന്റെ സ്പിൻ വെല്ലുവിളിയെ അതിജീവിക്കുക എന്നത് വലിയ കടമ്പയായിരിക്കും.



മറുഭാഗത്ത്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ സ്പിൻ കരുത്തിലാണ് പ്രതീക്ഷ വെക്കുന്നത്. ടൂർണമെന്റിലെ ഏറ്റവും മികച്ച എക്കണോമി റേറ്റും വിക്കറ്റ് വേട്ടയുമുള്ള കെകെആർ സ്പിന്നർമാർ ഡൽഹിയുടെ അസ്ഥിരമായ മധ്യനിരയെ പരീക്ഷിക്കും.


കെഎൽ രാഹുൽ മികച്ച സ്ട്രൈക്ക് റേറ്റിൽ റൺസ് കണ്ടെത്തുന്നുണ്ടെങ്കിലും, താരം നേരത്തെ പുറത്തായാൽ ഡൽഹി പ്രതിരോധത്തിലാകാൻ സാധ്യതയുണ്ട്. മതീഷ പതിരണ ടീമിനൊപ്പമുണ്ടെങ്കിലും വിദേശ താരങ്ങളുടെ നിലവിലെ കോമ്പിനേഷനിൽ മാറ്റം വരുത്താൻ കൊൽക്കത്ത തയ്യാറായേക്കില്ല.



മുൻ ടീമിനെതിരെ കളിക്കുന്ന സ്പിന്നർ കുൽദീപ് യാദവിന്റെ ഫോമില്ലായ്മ ഡൽഹിയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ഘടകമാണ്. ഈ സീസണിൽ ഇക്കോണമി റേറ്റ് പത്തിന് മുകളിലുള്ള കുൽദീപ് വിക്കറ്റ് കണ്ടെത്താൻ പ്രയാസപ്പെടുകയാണ്.


അതേസമയം, കൊൽക്കത്ത നിരയിൽ അജിങ്ക്യ രഹാനെയും യുവതാരം അങ്ക്രിഷ് രഘുവംശിയും ഉയർന്ന സ്‌കോറിംഗ് മത്സരങ്ങളിൽ സ്ട്രൈക്ക് റേറ്റ് വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇന്ന് വിജയിക്കുന്ന ടീമിന് പ്ലേഓഫ് റേസിൽ ഏഴാം സ്ഥാനത്തേക്ക് മുന്നേറാൻ സാധിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home