ഏഷ്യാകപ്പ് ടീമിനെ സൂര്യകുമാർ നയിക്കും; ഗിൽ വൈസ് ക്യാപ്റ്റൻ, സഞ്ജുവും ടീമിൽ

സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ
ന്യൂഡൽഹി: ഏഷ്യാ കപ്പ് ട്വന്‍റി 20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം നായകനായ ശുഭ്മാന് ഗിൽ വൈസ് ക്യാപ്റ്റനായി ട്വന്റി 20 ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറാകും. ജസ്പ്രീത് ബുമ്രയും മടങ്ങിയെത്തിയപ്പോൾ ശ്രേയസ് അയ്യർക്ക് ടീമിൽ ഇടംനേടാനായില്ല. ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. 15 അംഗ ടീമിനെയാണ് അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.
ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, റിങ്കു സിങ്.
ഏഷ്യാകപ്പിൽ എട്ട് ടീമുകൾ
ഏഷാകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ എട്ട് ടീമുകളാണ്. സെപ്തംബർ എട്ടുമുതൽ 28വരെ ദുബായിലും അബുദാബിയിലുമാണ് മത്സരങ്ങൾ. ഫൈനൽ അടക്കം 19 കളിയുണ്ടാകും. ഇന്ത്യ ഉൾപ്പെട്ട എ ഗ്രൂപ്പിൽ പാകിസ്ഥാൻ, ഒമാൻ, യുഎഇ ടീമുകളാണ്. ബി ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോങ്, ശ്രീലങ്ക എന്നിവയാണുള്ളത്. രണ്ട് ഗ്രൂപ്പിൽനിന്നും മികച്ച രണ്ട് ടീമുകൾ സൂപ്പർ ഫോറിലേക്ക് മുന്നേറും. അതിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനൽ കളിക്കും. ഇന്ത്യയുടെ ആദ്യകളി 10ന് ആതിഥേയരായ യുഎഇയുമായാണ്. 14ന് പാകിസ്ഥാനെ നേരിടും. 19ന് ഒമാനുമായാണ് പോരാട്ടം.








0 comments