പുരുഷ ടീമിന്റെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ വനിതകൾ; അയർലെൻഡിനെതിരെ കൂറ്റൻ സ്‌കോർ

ന്യൂഡൽഹി: അയർലെൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ വനിതാ ടീം. രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 435 റൺസെടുത്തു. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോറാണിത്. പുരുഷ ടീമിന്റെ ചരിത്രത്തിലെ ഉയർന്ന സ്‌കോർ മറികടക്കാനും ഈ ഇന്നിങ്സിലൂടെ വനിതകൾക്കായി. 2011 ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസെന്ന സ്കോറായിരുന്നു ഏകദിനത്തിലെ ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച സ്‌കോർ.
ഓപ്പണർമാരായ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയുടേയും (80 പന്തിൽ 135) പ്രതിക റാവലിന്റെയും (129 പന്തിൽ 159) മികച്ച പ്രകടനങ്ങളാണ് ടീമിനെ വൻ സ്‌കോറിലെത്തിച്ചത്. മൂന്നാമതായി ക്രീസിലെത്തിയ റിച്ച ഗോഷ് (42 പന്തിൽ 59) അർധ സെഞ്ചുറി നേടുകയും ചെയ്തു.
സ്‌മൃതി മന്ദാനയ്ക്കും റെക്കോർഡ്
അയർലെൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ റെക്കോർഡുമായി ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന. ഇന്ത്യൻ വനിതകളിൽ ഏറ്റവും വേഗതയിൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡാണ് സ്‌മൃതി തന്റെ പേരിലാക്കിയത്. 70 പന്തിൽ നിന്നായിരുന്നു സ്‌മൃതിയുടെ സെഞ്ചുറി നേട്ടം. 84 പന്തിൽ സെഞ്ചുറിയടുച്ച ഹർമൻപ്രീത് കൗറിന്റെ റെക്കോർഡാണ് സ്‌മൃതി മറികടന്നത്.
Related News

0 comments