ad
Deshabhimani

print edition സ്‌പിൻ മിടുക്ക്‌

Test.jpg

ശ്രീലങ്കയുടെ നാല് വിക്കറ്റെടുത്ത ഇന്ത്യൻ സ്--പിന്നർ മാനവ് സുത്താറിനെ (നടുവിൽ) സഹതാരങ്ങൾ അഭിനന്ദിക്കുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 01:10 AM | 2 min read

ഗാലെ: മഴമാറിയ പിച്ചിൽ ഇന്ത്യൻ സ്‌പിന്നർമാർ കളി തുടങ്ങി. ഗാലെ ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ മൂന്നാംദിനം ഇന്ത്യൻ സ്‌പിന്നർമാർ ലങ്കയെ ഒന്നാം ഇന്നിങ്‌സിൽ 284ന്‌ പിടിച്ചുകെട്ടി. 178 റണ്ണിന്റെ കൂറ്റൻ ലീഡും ലഭിച്ചു. രണ്ടാം ടെസ്‌റ്റ്‌ കളിക്കുന്ന മാനവ്‌ സുത്താർ നാല്‌ വിക്കറ്റുമായി ഇന്ത്യൻ സ്‌പിന്നർമാരിൽ തിളങ്ങി.


രവീന്ദ്ര ജഡേജ മൂന്നെണ്ണം നേടി. സെഞ്ചുറി നേടിയ സോണൽ ദിനുഷയാണ്‌ (100) ലങ്കയെ ഫോളോ ഓൺ ഭീഷണിയിൽനിന്ന്‌ രക്ഷിച്ചത്‌. വെളിച്ചക്കുറവ്‌ കാരണം കളി നിശ്‌ചിത സമയത്തിനുംമുന്പ്‌ നിർത്തി.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്‌ 462നാണ്‌ അവസാനിച്ചത്‌.


തകർച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം. ഇന്നിങ്‌സിന്റെ രണ്ടാംപന്തിൽതന്നെ ഓപ്പണർ നിഷാൻ മധുഷ്‌ക ഫെർണാണ്ടോയെ (0) നഷ്ടമായി. പേസർ മുഹമ്മദ്‌ സിറാജാണ്‌ വിക്കറ്റെടുത്തത്‌. തുടർന്നായിരുന്നു സ്‌പിന്നർമാരുടെ രംഗപ്രവേശം. ദിനേഷ്‌ ചൻഡിമൽ (4), ലാഹിരു ഉദാര (27) എന്നിവരെ സുത്താർ പുറത്താക്കി.


കമിന്ദു മെൻഡിസിനെ (14) കുൽദീപ്‌ യാദവും പറഞ്ഞയച്ചു. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്റെ ഒന്നാന്തരം ക്യാച്ചിലായിരുന്നു മെൻഡിസിന്റെ മടക്കം. ലങ്ക നാലിന്‌ 59ലേക്ക്‌ കൂപ്പുകുത്തി. ക്യാപ്‌റ്റൻ ധനഞ്‌ജയ ഡി സിൽവയും ദിനുഷയും ഒത്തുചേർന്നപ്പോൾ ലങ്ക പ്രതീക്ഷിച്ചു. പക്ഷേ, ധനഞ്‌ജയയെ (21) കെ എൽ രാഹുലിന്റെ കൈയിലെത്തിച്ച്‌ ജഡേജ ഇ‍ൗ സഖ്യം വേർപെടുത്തി. അഞ്ചിന്‌ 99 റണ്ണെന്ന നിലയിലായി ലങ്ക.


തുടർന്നായിരുന്നു ദിനുഷയും വിക്കറ്റ്‌ കീപ്പർ നിരോഷൻ ഡിക്‌വെല്ലയും ചേർന്ന്‌ കളി പിടിച്ചത്‌. ഏറെക്കാലത്തിനുശേഷം ടീമിൽ തിരിച്ചെത്തിയ ഡിക്‌വെല്ല 80 റണ്ണെടുത്തു. ആറാം വിക്കറ്റിൽ 146 റണ്ണാണ്‌ ഇരുവരും കൂട്ടിച്ചേർത്തത്‌.


കന്നിസെഞ്ചുറിക്ക്‌ 20 റണ്ണകലെവച്ച്‌ ഡിക്‌വെല്ലയെ പ്രസിദ്ധ്‌ കൃഷ്‌ണ പുറത്താക്കിയതോടെ ലങ്കയുടെ ചെറുത്തുനിൽപ്പ്‌ അവസാനിച്ചു. കന്നി സെഞ്ചുറി പൂർത്തിയാക്കിയപാടെ ദിനുഷ ജഡേജയുടെ പന്തിൽ വിക്കറ്റിന്‌ മുന്നിൽ കുരുങ്ങി. രണ്ട്‌ സിക്‌സറും നാല്‌ ഫോറുമായിരുന്നു ഇരുപത്തഞ്ചുകാരന്റെ ഇന്നിങ്‌സിൽ. 48 റണ്ണെിനിടെയാണ്‌ ലങ്കയ്‌ക്ക്‌ അവസാന അഞ്ച്‌ വിക്കറ്റ്‌ നഷ്ടമായത്‌.


ഒന്പതിന്‌ 460 റണ്ണെന്ന നിലയിൽ മൂന്നാംദിനം ആരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്‌ നാല്‌ പന്തിൽ തീർന്നു. രണ്ട്‌ റണ്ണെടുത്ത പ്രസിദ്ധ്‌ കൃഷ്‌ണയെ അസിത ഫെ-ർണാണ്ടോ പുറത്താക്കിയതോടെ ഇന്ത്യൻ സ്‌കോർ 462ൽ അവസാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home