ad
Deshabhimani

കർഷകരെ കാണാതെ പ്രധാനമന്ത്രി; ഒരുലക്ഷം മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്ന്‌ എസ്‌കെഎം

morcha
avatar
സ്വന്തം ലേഖകൻ

Published on Sep 03, 2026, 08:44 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ കർഷകരെ കാണാൻ തയ്യാറാകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംയുക്ത കിസാൻ മോർച്ച(എസ്‌കെഎം) നേതാക്കൾ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. കർഷകരുടെ ആവശ്യങ്ങൾ രേഖാമൂലം അറിയിക്കുന്നതിനായാണ്‌ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ എസ്‌കെഎം അനുമതി തേടിയത്‌. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം വരുന്ന കർഷകർക്ക്‌ പ്രധാനമന്ത്രിയെ കാണാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന്‌ എസ്‌കെഎം പറഞ്ഞു.


വിളകൾക്ക്‌ സ്വാമിനാഥൻ കമീഷൻ നിശ്ചയിച്ചത്‌ പ്രകാരമുള്ള താങ്ങുവില ഉറപ്പാക്കുക, സ്വതന്ത്ര്യ വ്യാപാര കരാറുകൾ പിൻവലിക്കുക, കർഷകരുടെ കടം എഴുതിത്തള്ളുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നയങ്ങൾ ര‍ൂപപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച നിവേദനം രാജ്യത്തെ മുഖ്യമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി നൂ‍റിലധികം ജനപ്രതിനിധികൾക്ക്‌ കൈമാറി. ബിഹാറിലെ ബിജെപി മുഖ്യമന്ത്രി സാമ്രാട്ട്‌ ച‍ൗധരിക്കും നിവേദനം നൽകി.


ഒക്‌ടോബർ മൂന്ന്‌, ലഖിംപ‍‍ൂർ ഖേരി രക്തസാക്ഷി ദിനത്തിൽ ഒരുലക്ഷം ഗ്രാമങ്ങളിൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും. നവംബർ 26ന്‌ പുനരാരംഭിക്കുന്ന കർഷക സമരത്തിനായുള്ള വളണ്ടിയർമാരെ ഇ‍ൗ പഞ്ചായത്തുകളിൽ തെരഞ്ഞെടുക്കും. ഒക്‌ടോബർ പന്ത്രണ്ടിന്‌ ഹരിയാനയിലെ കർണാലിൽ എസ്‌കെഎമ്മിന്റെ ദേശീയ ക‍ൗൺസിൽ, ജനറൽ ബോഡി യോഗങ്ങൾ ചേർന്ന്‌ നവംബർ 26ന്‌ ആരംഭിക്കുന്ന സമരത്തിന്റെ രീതിയുൾപ്പെടെ നിശ്ചയിക്കും. ആഗസ്‌ത്‌ പത്തിന്‌ പ്രഖ്യാപിച്ച ജയിൽ നിറയ്ക്കൽ സമരത്തിൽ രാജ്യത്തെ 480 ഗ്രാമങ്ങളിൽ നിന്നായി പത്ത്‌ ലക്ഷത്തിനടുത്ത്‌ ജനങ്ങൾ പങ്കെടുത്തുവെന്നും വാർത്താസമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. ഡോ. അശോക്‌ ധാവ്‌ളെ, പി കൃഷ്ണപ്രസാദ്‌, അവിക്‌ സാഹ, ഡോ. സുനിലാം, രാജൻ ക്ഷീരസാഗർ, സത്യവാൻ, എന്നീ നേതാക്കൾ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home