print edition ഐപിഎൽ ക്രിക്കറ്റിന് ഇനി 4 ദിവസം; ലഖ്‌നൗ സൂപ്പറാകുമോ

ലഖ്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത്
ലഖ്നൗ : ഇത്തവണയെങ്കിലും സൂപ്പർ ജയന്റുകളാകാനുള്ള ഒരുക്കത്തിലാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ഐപിഎൽ ക്രിക്കറ്റിൽ അരങ്ങേറി നാല് സീസൺ കഴിഞ്ഞിട്ടും കിരീടമോഹം തുടരുകയാണ്. പുതിയ പതിപ്പിനായി നേരത്തെ ഒരുക്കം തുടങ്ങിയ ഋഷഭ് പന്തും സംഘവും പ്രതീക്ഷയോടെയാണ് എത്തുന്നത്. ബൗളിങ്‌നിരയിൽ മൂർച്ച കൂട്ടിയാണ് വരവ്. മുഹമ്മദ് ഷമി, ആൻറിച്ച് നോർത്യെ, വണീന്ദു ഹസരങ്ക ത്രയം കളി മാറ്റുമെന്നാണ് കണക്കുക്കൂട്ടൽ.
കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്ത് അവസാനിപ്പിച്ച ലഖ്‌നൗ താരകൈമാറ്റ ജാലകത്തിലും ലേലത്തിലും വലിയ ഇടപെടൽ നടത്തിയിട്ടില്ല. എട്ട് പേരെയാണ് പുതുതായി എത്തിച്ചത്. ഷമി ഉൾപ്പെടെ എത്തി. ബാറ്റർമാരിൽ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസിനെയും സ്വന്തമാക്കി. കടലാസിൽ കരുത്തരാണ് ലഖ്‌നൗ. മിച്ചെൽ മാർഷ്, എയ്‌ദെൻ മാർക്രം, നികോളാസ് പുരാൻ എന്നിവർക്കൊപ്പം ക്യാപ്‌റ്റൻ പന്ത് കൂടി ചേരുമ്പോൾ കൂറ്റൻ സ്‌കോർ അനായാസം പടുത്തുയർത്താം. അവസാന സീസണിൽ തീർത്തും മങ്ങിയ പന്ത് ഇത്തവണ ബാറ്റിങ്ങിൽ മൂന്നാം നമ്പറിലെത്താൻ സാധ്യതയുണ്ട്. വെടിക്കെട്ട് വീരൻ പുരാനാണ് ടീമിന്റെ തുറുപ്പ്‌ചീട്ട്. ആയുഷ് ബദോനി കൂടി ചേരുമ്പോൾ സന്തുലതിമാണ് ബാറ്റിങ്‌നിര.
ഓൾറൗണ്ടർമാരുടെ കരുത്തിലാണ് ടീമിന് സംശയം. ഒറ്റയ്‌ക്ക് പന്തുകൊണ്ടും ബാറ്റ്‌കൊണ്ടും കളി ജയിപ്പിക്കാൻ പ്രാപ്‌തിയുള്ള ഓൾറൗണ്ടർമാരുടെ കുറവുണ്ട്. സ്‌പിന്നർമാരിൽ ഹസരങ്ക കഴിഞ്ഞാൽ മികച്ച താരങ്ങളില്ലാത്തതും വെല്ലുവിളിയാണ്. സച്ചിൻ ടെൻഡുൽക്കറിന്റെ മകനും പേസറുമായ അർജുൻ ടെൻഡുൽക്കർ ലഖ്‌നൗ സംഘത്തിലുണ്ട്. ഏപ്രിൽ 1ന് ഡൽഹി ക്യാപിറ്റൽസുമായാണ് ആദ്യ കളി.
പ്രധാന താരങ്ങൾ
ഋഷഭ് പന്ത് (ക്യാപ്‌റ്റൻ), നികോളാസ് പുരാൻ, എയ്‌ദെൻ മാർക്രം, മിച്ചെൽ മാർഷ്, ആയുഷ് ബദോനി, വണീന്ദു ഹസരങ്ക, മുഹമ്മദ് ഷമി, ആൻറിച്ച് നോർത്യെ.










0 comments