print edition ക്യാപ്‌റ്റന്മാരുടെ കളി; ഐപിഎൽ ക്രിക്കറ്റിന് ഇനി രണ്ട് ദിവസം

ഐപിഎൽ ടീം ക്യാപ്റ്റൻമാരായ അജിൻക്യ രഹാനെ (കൊൽക്കത്ത), റിയാൻ പരാഗ് (രാജസ്ഥാൻ), ശ്രേയസ് അയ്യർ (പഞ്ചാബ്), ഋതുരാജ് ഗെയ്--ക്ക്--വാദ് (ചെന്നെെ), ഋഷഭ് പന്ത് (ലഖ്നൗ) എന്നിവർ ഫോട്ടോഷൂട്ടിനിടെ
മുംബൈ : ഐപിഎൽ ക്രിക്കറ്റിൽ കിരീടത്തിനായി പത്ത് ക്യാപ്‌റ്റൻമാർ. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്‌റ്റനായി റിയാൻ പരാഗ് എത്തിയതാണ് പ്രധാന മാറ്റം. സഞ്‌ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയതിനെ തുടർന്നാണ് പരാഗ് എത്തിയത്.
ഋതുരാജ് ഗെയ്‌ക്ക്‌വാദ് (ചെന്നൈ സൂപ്പർ കിങ്‌സ്)
പരിക്കുകാരണം അഞ്ച് കളിയിൽ മാത്രമാണ് ഋതുരാജിന് കളിക്കാനായത്. പകരം മഹേന്ദ്ര സിങ് ധോണി നയിച്ചു. ഇക്കുറി ഋതുരാജ് തിരിച്ചെത്തുന്പോൾ ചെന്നൈ പ്രതീക്ഷയിലാണ്. സഞ്‌ജു സാംസണുണ്ടെങ്കിലും ഋതുരാജിനെതന്നെ നായക ചുമതല ഏൽപ്പിക്കുകയായിരുന്നു.
രജത് പടിദാർ (റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു)
പതിനേഴ് വർഷത്തെ കാത്തിരിപ്പിനുശേഷം ബംഗളൂരുവിന് കിരീടം നേടിക്കൊടുത്ത ക്യാപ്‌റ്റനാണ് പടിദാർ. വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ നിരയെ നയിക്കുന്നതിന്റെ സമ്മർദമില്ല മധ്യപ്രദേശുകാരന്. ക്യാപ്‌റ്റന് ഇൗ സീസണിൽ മികവിലേക്ക് ഉയരാനായിട്ടില്ല.
ശ്രേയസ് അയ്യർ (പഞ്ചാബ് കിങ്‌സ്)
കഴിഞ്ഞ സീസണിലെ ഐപിഎല്ലിനുശേഷം ശ്രേയസ് ട്വന്റി20 കളിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനലിലേക്ക് നയിച്ചു. പരിക്കുകാരണം ഏറെനാൾ പുറത്തിരിക്കേണ്ടിവന്നത് തിരിച്ചടിയായി. ലോകകപ്പ് ടീമിലും ഇടംപിടിക്കാനായില്ല.
ഹാർദിക് പാണ്ഡ്യ (മുംബൈ ഇന്ത്യൻസ്)
ഇന്ത്യയുടെ കിരീട ജയങ്ങളിൽ നിർണായക പ്രകടനം നടത്തിയാണ് ഹാർദിക് എത്തുന്നത്. കഴിഞ്ഞ സീസണിൽ മുംബൈയെ പ്ലേ ഓഫിൽ എത്തിക്കാനായി. 2020നുശേഷം മുംബൈക്ക് ആദ്യ ഫൈനലൊരുക്കുകയാണ് ലക്ഷ്യം.
ശുഭ്‌മാൻ ഗിൽ (ഗുജറാത്ത് ടൈറ്റൻസ്)
നിരാശയുടെ വർഷമായിരുന്നു ഗില്ലിന്. ആദ്യം ഇന്ത്യ ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്‌റ്റൻ സ്ഥാനം നഷ്ടമായി. പിന്നാലെ ലോകകപ്പ് ടീമിൽനിന്ന് പുറത്തായി. ഐപിഎല്ലിൽ ആ നിരാശ മാറ്റുകയാണ് ലക്ഷ്യം.
അക്‌സർ പട്ടേൽ (ഡൽഹി ക്യാപിറ്റൽസ്)
ലോകകപ്പിലെ മികച്ച പ്രകടനവുമായാണ് അക്‌സർ ഡൽഹിയെ നയിക്കാനെത്തുന്നത്. ക്യാപ്‌റ്റൻ കുപ്പായത്തിൽ കഴിഞ്ഞ സീസണിലായിരുന്നു അരങ്ങേറ്റം.
ഇഷാൻ കിഷൻ (സൺറൈസേഴ്‌സ് ഹൈദരാബാദ്)
ശൂന്യതയിൽനിന്നാണ് ഇഷാൻ കിഷന്റെ ഉയിർപ്പ് കണ്ടത്. ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമായി മാറിയ ഇഷാൻ ഐപിഎല്ലിലും ആവേശം തീർക്കാനൊരുങ്ങുകയാണ്. പാറ്റ് കമ്മിൻസ് തിരിച്ചെത്തിയാൽ ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന് മാറും.
ഋഷഭ് പന്ത് (ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്)
കഴിഞ്ഞ സീസണിൽ പന്തിന്റെ പ്രകടനം മോശമായിരുന്നു. ഒരു സെഞ്ചുറിയാണ് രക്ഷിച്ചത്. ലഖ്‌നൗവും നിരാശപ്പെടുത്തി.
അജിൻക്യ രഹാനെ (കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)
മുപ്പത്തേഴുകാരനായ അജിൻക്യ രഹാനെയുടെ അവസാന അവസരമാണിത്. 14 കളിയിൽ അഞ്ച് ജയം മാത്രമായിരുന്നു കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്‌ക്ക്.
റിയാൻ പരാഗ് (രാജസ്ഥാൻ റോയൽസ്)
രാജസ്ഥാന്റെ ദീർഘകാല പദ്ധതികളുടെ ഭാഗമായാണ് പരാഗിനെ ക്യാപ്‌റ്റനാക്കിയത്. സഞ്‌ജുവിന് പകരമെത്തിയ പരാഗ് കഴിഞ്ഞ സീസണിൽ ചില കളികളിൽ നായകനായിരുന്നു.










0 comments