സൂര്യകുമാർ യാദവിന്റെയും ശുഭ്‌മാൻ ഗില്ലിന്റെയും ഫോം ചർച്ചാവിഷയം , അവസരം കാത്ത് സഞ്‌ജു സാംസണും യശസ്വി ജയ്‌സ്വാളും
print edition റണ്ണടിക്കാതെ നായകർ

ശുഭ്മാൻ ഗിൽ
ധർമശാല
സ്വന്തംമണ്ണിൽ ഫെബ്രുവരിയിൽ അരങ്ങേറുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് തലവേദനയായി നായകൻമാരുടെ പ്രകടനം. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവും വൈസ് ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും റണ്ണടി മറന്നു. ട്വന്റി20യിൽ ഇൗ വർഷം ഇരുവർക്കും കഷ്ടകാലമാണ്. ദക്ഷിണാഫ്രിക്കൻ പരമ്പരയിലും ഫോമിലേക്കുയരുന്നില്ല. സഞ്‌ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ തുടങ്ങിയ മികച്ച ബാറ്റർമാർ അവസരം കാത്ത് പുറത്തിരിക്കുന്നുണ്ട്.
രോഹിത് ശർമയിൽനിന്ന് ഇന്ത്യയുടെ ക്യാപ്‌റ്റൻ സ്ഥാനമേറ്റേടുത്ത സൂര്യകുമാറിന് ബാറ്റിൽ ശോഭിക്കാനാകുന്നില്ല. മുൻ വർഷങ്ങളിൽ മാരകപ്രകടനം നടത്തിയ മുപ്പത്തഞ്ചുകാരൻ സ്ഥിരത കണ്ടെത്താൻ വിഷമിക്കുകയാണ്. ഇൗ വർഷം 17 ഇന്നിങ്‌സിൽനിന്നായി 201 റൺ മാത്രമാണ് നേടിയത്. ശരാശരി 14.35. പ്രഹരശേഷി 126.41. ഇന്ത്യൻ കുപ്പായത്തിൽ ആകെ 97 കളിയിൽ നാല് സെഞ്ചുറിയും 21 അരസെഞ്ചുറിയും ഉൾപ്പെടെ 2771 റണ്ണടിച്ചിട്ടുണ്ട് സൂര്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ രണ്ട് കളിയിൽ 17 റണ്ണാണ് സമ്പാദ്യം. പതിവായി മൂന്നാം നമ്പറിൽ കളിക്കുന്ന വലംകൈയൻ ബാറ്റർക്ക് പരിശീലകൻ ഗൗതം ഗംഭീർ വന്നശേഷമുള്ള സ്ഥാനപരീക്ഷണങ്ങളും തിരിച്ചടിയായി.
പരിക്കിനെ തുടർന്ന് കുറച്ചുനാൾ ട്വന്റി20യിൽനിന്ന് വിട്ടുനിന്ന ഗിൽ ഓപ്പണറായി വീണ്ടും മടങ്ങിയെത്തുകയായിരുന്നു. മികച്ച ഫോമിൽ കളിച്ച സഞ്‌ജുവിനെ മാറ്റിനിർത്തിയാണ് ടെസ്റ്റ്–ഏകദിന ക്യാപ്‌റ്റനായ ഗില്ലിനെ ഓപ്പണറായി വീണ്ടും പ്രതിഷ്‌ഠിച്ചത്. എന്നാൽ ഇരുപത്താറുകാരന് ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. അവസാന 14 മത്സരങ്ങളിൽ 263 റണ്ണാണുള്ളത്. 23.9 ആണ് ശരാശരി. 142.93 പ്രഹരശേഷിയും. ഒരു അർധ സെഞ്ചുറി പോലുമില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് കളിയിൽ നാല് റൺ മാത്രമാണ്. അവസാന ട്വന്റി20യിൽ ആദ്യ പന്തിൽ തന്നെ പുറത്തായി.
ഗില്ലിന്റെ വരവോടെ ഓപ്പണിങ് സ്ഥാനം നഷ്ടമായ സഞ്‌ജുവിനെ ഓസീസ് പരമ്പരയിൽ അഞ്ചാം നമ്പറിൽ പരിഗണിച്ചിരുന്നു. എന്നാൽ നല്ല പ്രകടനം നടത്താനായില്ല. പിന്നാലെ ഇൗ സ്ഥാനം ജിതേഷ് ശർമയ്‌ക്ക് നൽകി. നിലവിൽ സഞ്‌ജു പകരക്കാരുടെ ബെഞ്ചിലാണ്. ഓപ്പണറായി 17 കളിയിൽ മൂന്ന് സെഞ്ചുറി ഉൾപ്പെടെ 522 റണ്ണാണ് മലയാളി താരത്തിനുള്ളത്. 178.76 ആണ് പ്രഹരശേഷി. ശരാശരി 32.62. ജയ്‌സ്വാളിനും നല്ല റെക്കോഡാണുള്ളത്. മധ്യനിരയിൽ ശ്രേയസ് അയ്യരും സ്ഥിരതയുള്ള താരമാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് മത്സരമാണ് ബാക്കി. ഞായറാഴ്‌ച ധർമശാലയിലാണ് അടുത്ത കളി. ആദ്യ മത്സരം ഇന്ത്യ 101 റണ്ണിന് ജയിച്ചു. രണ്ടാമത്തേത് 51 റണ്ണിന് ജയിച്ച് ദക്ഷിണാഫ്രിക്ക തിരിച്ചുവന്നു. ലോകകപ്പിന് മുമ്പ് ജനുവരിയിൽ ന്യൂസിലൻഡുമായും നാട്ടിൽ അഞ്ച് മത്സര പരമ്പരയുണ്ട്.










0 comments