print edition ലോർഡ്‌സിൽ വനിതാചരിതം

ഇംഗ്ലണ്ടിനെതിരായ ഏക വനിതാ ക്രിക്കറ്റ് ടെസ്‌റ്റ് ജയിച്ച ഇന്ത്യൻ ടീം ട്രോഫിയുമായി
ലോർഡ്‌സ്: ഇംഗ്ലണ്ടിലെ പ്രശസ്‌തമായ ലോർഡ്‌സ് മൈതാനത്ത് ആദ്യമായി നടന്ന വനിതാ ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യക്ക് അവിസ്‌മരണീയ ജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ ഏക ടെസ്‌റ്റിൽ 270 റണ്ണിന് തകർത്തു. ഇംഗ്ലണ്ടിനെതിരെ നാലാമത്തെ ടെസ്‌റ്റ് ജയമാണ്. ഇംഗ്ലീഷ് മണ്ണിൽ മൂന്നാമത്തേത്. യുവപേസ് ബൗളർ ക്രാന്തി ഗൗഡാണ് കളിയിലെ താരം. രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റെടുത്തു. സ്‌കോർ: ഇന്ത്യ 285, 341/7 ഡിക്ല. ഇംഗ്ലണ്ട് 170, 186.
ജയിക്കാൻ 457 റൺ വേണ്ടിയിരുന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 186 റണ്ണിന് അവസാനിച്ചു. സ്‌പിന്നർ സ്‌നേഹ് റാണ നാല് വിക്കറ്റ് നേടി. അവസാന ദിവസം ഉച്ചഭക്ഷണത്തിന് മുമ്പ് ഇന്ത്യ കളി ജയിച്ചു. 56 റണ്ണെടുക്കുന്നതിനിടെ അവസാന നാല് വിക്കറ്റും വീണു. സോഫി എക്ലസ്‌റ്റോണും (50) ആമി ജോൺസും (54) പൊരുതി. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റെടുത്ത ക്രാന്തി ഗൗഡിന് രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റുണ്ട്. സയാലി സദ്‌ഗരെയും ദീപ്‌തി ശർമയും രണ്ട് വിക്കറ്റ്‌വീതം സ്വന്തമാക്കി.
ഇന്ത്യൻ നിരയിൽ യസ്‌തിക ഭാട്ടിയ സെഞ്ചുറിയുമായി തിളങ്ങി. 14 ഫോറിന്റെ അകമ്പടിയിൽ 113 റണ്ണെടുത്തു. ലോർഡ്‌സിൽ സെഞ്ചുറി നേടിയ ആദ്യ വനിതാതാരമെന്ന ബഹുമതിയും നേടി. ഒന്നാം ഇന്നിങ്സിൽ 83 റണ്ണെടുത്ത സ്‌മൃതി മന്ദാന രണ്ടാം ഇന്നിജ്സിൽ 70 റണ്ണെടുത്തു. റിച്ചാഘോഷ് 50 റണ്ണുമായി പുറത്തായില്ല. ഒന്നാം ഇന്നിങ്സിൽ 115 റൺ ലീഡുണ്ടായിരുന്ന ഇന്ത്യ അത് 456 റണ്ണായി ഉയർത്തി.
ഏക ടെസ്‌റ്റിന് മുന്പുള്ള ട്വന്റി20 പരമ്പര ഇന്ത്യ 2–1ന് തോറ്റിരുന്നു.










0 comments