ഗിൽ പരമ്പര ; രണ്ടാം ടെസ്‌റ്റ് ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ന്യൂഡൽഹി
ഒരുമണിക്കൂറിൽ കളി തീർത്ത് ഇന്ത്യ വെസ്‌റ്റിൻഡീസിനെതിരായ ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പര 2–0ന് സ്വന്തമാക്കി. രണ്ടാം ടെസ്‌റ്റിൽ ഏഴ് വിക്കറ്റിനാണ് ജയം. 121 റൺ ലക്ഷ്യമിട്ട ഇന്ത്യക്ക് അവസാനദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ 58 റൺ മതിയായിരുന്നു. കെ എൽ രാഹുൽ (58) പുറത്താകാതെ നേടിയ അർധസെഞ്ചുറിയിൽ ഇന്ത്യ എളുപ്പത്തിൽ ലക്ഷ്യം കണ്ടു.
അഞ്ചാംദിനം ബി സായ് സുദർശൻ (39), ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആറ് റണ്ണുമായി ധ്രുവ് ജുറേലായിരുന്നു രാഹുലിന് കൂട്ട്.
സ്‌കോർ: ഇന്ത്യ 518/5 ഡി, 124/3; വെസ്‌റ്റിൻഡീസ് 248, 390. രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റെടുത്ത സ്‌പിന്നർ കുൽദീപ് യാദവാണ് മാൻ ഓഫ് ദി മാച്ച്. 104 റണ്ണും എട്ട് വിക്കറ്റും നേടിയ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ പരമ്പരയിലെ മികച്ച താരമായി. ക്യാപ്‌റ്റൻ കുപ്പായത്തിൽ ഗില്ലിന്റെ ആദ്യ പരമ്പര ജയമാണിത്.
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് പോയിന്റ് പട്ടികയിൽ മൂന്നാമത് തുടരുകയാണ് ഇന്ത്യ. 61.9 പോയിന്റ് ശതമാനമാണ്. ഓസ്‌ട്രേലിയ ഒന്നാമതും ശ്രീലങ്ക രണ്ടാമതുമാണ്.
അഞ്ചാംദിനം വേഗത്തിൽ കളി തീർക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. ഒന്നിന് 63 റണ്ണെന്ന നിലയിൽ കളി തുടങ്ങിയെങ്കിലും സ്‌കോർ 88ൽ സായ് സുദർശനെ നഷ്ടമായി. രണ്ട് ഫോറുകളുമായി തുടങ്ങിയ ഗിൽ ജയത്തിന് 13 റണ്ണകലെയും മടങ്ങി. ജയമുറപ്പാക്കിയ രാഹുൽ പരമ്പരയിൽ 192 റണ്ണാണ് നേടിയത്. 219 റണ്ണുള്ള യശസ്വി ജയ്‌സ്വാളാണ് റൺ വേട്ടക്കാരിൽ ഒന്നാമൻ.
ആദ്യ ടെസ്‌റ്റിൽ ഇന്നിങ്സ് ജയമായിരുന്നു. തുടർച്ചയായ പത്താം ജയമാണ്. ടെസ്‌റ്റിൽ ആകെ 122 ജയവുമായി ദക്ഷിണാഫ്രിക്കയെ പിന്തള്ളി. നവംബറിൽ ദക്ഷിണാഫ്രിക്കയുമായാണ് അടുത്ത പരമ്പര. ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ രണ്ട് ടെസ്‌റ്റുകളാണുള്ളത്.










0 comments