ജയത്തിലേക്ക് ; രണ്ടാം ടെസ്റ്റിൽ വിൻഡീസിനെതിരെ ഇന്ത്യൻ ജയം 58 റണ്ണകലെ

ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ പന്തിൽ വിൻഡീസിന്റെ ജോമെൽ വരിക്കൻ ബൗൾഡാകുന്നു

Sports Desk
Published on Oct 14, 2025, 12:12 AM | 2 min read
ന്യൂഡൽഹി
വെസ്‌റ്റിൻഡീസിന്റെ പോരാട്ടവീര്യത്തിനിടയിലും രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യ അനായാസ ജയത്തിലേക്ക്. അവസാനദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ 58 റൺ മതി ഇന്ത്യക്ക് പരമ്പര നേടാൻ.
ഫോളോ ഓൺ വഴങ്ങിയ വെസ്‌റ്റിൻഡീസ് രണ്ടാം ഇന്നിങ്‌സിൽ തകർപ്പൻ കളിയാണ് പുറത്തെടുത്തത്. നാലാംദിനം 390 റണ്ണെടുത്ത് പുറത്തായി. 121 റൺ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽവച്ചത്. ചെറിയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാംദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റണ്ണെടുത്തു. 30 റണ്ണുമായി സായ് സുദർശനും 25 റണ്ണോടെ കെ എൽ രാഹുലുമാണ് ക്രീസിൽ. ഒന്നാം ഇന്നിങ്‌സിലെ സെഞ്ചുറിക്കാരൻ യശസ്വി ജയ്‌സ്വാളിന്റെ (8) വിക്കറ്റാണ് നഷ്ടമായത്.
സ്‌കോർ: ഇന്ത്യ 518/5 ഡിക്ല; വെസ്റ്റിൻഡീസ് 248, 390
ഒന്നാം ഇന്നിങ്‌സിൽ ചെറിയ സ്‌കോറിന് മടങ്ങിയ വിൻഡീസ് രണ്ടാം ഇന്നിങ്‌സിൽ അസാമാന്യ ചെറുത്തുനിൽപ്പാണ് നടത്തിയത്. ഇന്ത്യൻ ബൗളർമാരെ കാര്യമായി പരീക്ഷിക്കാനായി. 118.5 ഓവറാണ് പിടിച്ചുനിന്നത്. സെഞ്ചുറികളുമായി ജോൺ കാംബെലും (115) ഷായ് ഹോപ്പും (103) തിളങ്ങി. 50 റണ്ണുമായി ജസ്‌റ്റിൻ ഗ്രീവ്‌സ് പുറത്താകാതെനിന്നു. ക്യാപ്‌റ്റൻ റോസ്‌റ്റൺ ചേസ് 40 റണ്ണെടുത്ത് പുറത്തായി.
രണ്ടിന് 35 റണ്ണെന്ന നിലയിൽ ഒത്തുചേർന്ന കാംബെലും ഹോപ്പും ഇന്ത്യൻ ബൗളർമാർക്ക് ഒരു അവസരവും നൽകിയില്ല. 295 പന്ത് നേരിട്ട ഇരുവരും 177 റൺ കൂട്ടിച്ചേർത്തു. മൂന്ന് സിക്‌സറും 12 ഫോറും പറത്തിയ കാംബെൽ കന്നിസെഞ്ചുറിയാണ് സ്വന്തമാക്കിയത്. ഹോപ് എട്ട് വർഷത്തെ ഇടവേളയ്‌ക്കുശേഷം മൂന്നക്കം കണ്ടു. രണ്ട് സിക്‌സറും 12 ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു.
കാംബെലിനെ വിക്കറ്റിന് മുന്നിൽ കുരുക്കി രവീന്ദ്ര ജഡേജയാണ് കൂട്ടുകെട്ട് പിരിച്ചത്. പിന്നാലെ ഹോപ്പിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കി. നാലിന് 293 റണ്ണെന്ന നിലയിൽനിന്ന് ഒമ്പതിന് 311ലേക്കാണ് വിൻഡീസ് തകർന്നത്. എന്നാൽ അവസാന വിക്കറ്റിൽ ഗ്രീവ്‌സും ജയ്‌ഡെൻ ഷീൽസും (32) ഇന്ത്യയെ പരീക്ഷിച്ചു. 79 റണ്ണാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഒടുവിൽ ഷീൽസിനെ മടക്കി ജസ്‌പ്രീത് ബുമ്ര വിൻഡീസ് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യക്കായി ബുമ്രയും കുൽദീപ് യാദവും മൂന്ന് വീതം വിക്കറ്റെടുത്തു.
121 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വേഗത്തിൽ കളി തീർക്കാനാണ് ശ്രമിച്ചത്. ഇതിനിടെ ജയ്‌സ്വാൾ ജോമെൽ വരിക്കന്റെ പന്തിൽ പുറത്തായി.










0 comments