റണ്ണൊഴുക്കി ജയ്‌സ്വാൾ


Sports Desk
Published on Oct 11, 2025, 12:02 AM | 1 min read
ന്യൂഡൽഹി
വെസ്‌റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിലും ഇന്ത്യ റണ്ണൊഴുക്കുന്നു. ഡൽഹിയിൽ ആദ്യദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 318 റണ്ണടിച്ചു. മിന്നുന്ന സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാളും (173*) ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും (20*) ആണ് ക്രീസിൽ. ബി സായ് സുദർശൻ 87 റണ്ണെടുത്ത് പുറത്തായി. കെ എൽ രാഹുലാണ് (38) പുറത്തായ മറ്റൊരു ബാറ്റർ.
ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന ഡൽഹിയിലെ പിച്ചിൽ ടോസ് ലഭിച്ച ഗിൽ രണ്ടാമതൊന്ന് ആലോചിച്ചില്ല. പേസർമാരെയും സ്‌പിന്നർമാരെയും ഒരുപോലെ നേരിട്ടാണ് ജയ്‌സ്വാൾ തുടങ്ങിയത്. രാഹുലായിരുന്നു അപകടകാരി. ആദ്യ ടെസ്‌റ്റിലെ സെഞ്ചുറിക്കാരൻ വേഗത്തിൽ റണ്ണടിച്ചു. ഒരു സിക്‌സറും അഞ്ച് ഫോറും പറത്തിയ രാഹുലിന് അമിതാവേശം വിനയായി. ഇടംകൈ സ്‌പിന്നർ ജോമെൽ വരിക്കന്റെ പന്തിൽ കയറിയടിക്കാൻ ശ്രമിച്ച ഇന്ത്യൻ ഓപ്പണറെ വിക്കറ്റ് കീപ്പർ ടെവിൻ ഇംലാഷ് സ്‌റ്റമ്പ് ചെയ്‌ത് പുറത്താക്കി. 58 റണ്ണിന് ആദ്യ വിക്കറ്റ്.
തുടർന്നെത്തിയ സുദർശൻ കളിജീവിതത്തിലെ രണ്ടാം അർധസെഞ്ചുറിയുമായി ജയ്‌സ്വാളിന് മികച്ച പിന്തുണ നൽകി. അച്ചടക്കത്തോടെ പന്തെറിഞ്ഞ വിൻഡീസ് ബൗളർമാർക്ക് ഒരു അവസരവും നൽകാതെയാണ് ഇരുവരും മുന്നേറിയത്. ടെസ്‌റ്റിലെ ഏഴാം സെഞ്ചുറി പൂർത്തിയാക്കിയ ജയ്‌സ്വാൾ 22 ബൗണ്ടറികൾ നേടി. കളിയുടെ അവസാന ഘട്ടത്തിൽ തുടർച്ചയായ ബൗണ്ടറികൾ പറത്തിയ ഇരുപത്തിമൂന്നുകാരൻ 150 റണ്ണും തികച്ചു.
വരിക്കന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് സുദർശൻ പുറത്തായത്. 12 ഫോറുകൾ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ജയ്‌സ്വാളുമായി 193 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്നെത്തിയ ഗിൽ ശ്രദ്ധാപൂർവം ബാറ്റ് ചെയ്‌തു. നാലാം വിക്കറ്റിൽ ജയ്‌സ്വാളും ഗില്ലും 67 റൺ കൂട്ടിച്ചേർത്തു.










0 comments