രവീന്ദ്ര ജഡേജ വൈസ് ക്യാപ്‌റ്റൻ , നിതീഷ് തിരിച്ചെത്തി
വിൻഡീസിനെതിരായ ടെസ്‌റ്റ് പരമ്പര ; പടിക്കൽ ടീമിൽ, കരുൺ പുറത്ത്

ദേവ്ദത്ത് പടിക്കൽ
ദുബായ്
മധ്യനിര ബാറ്റർ കരുൺ നായരെ ഒഴിവാക്കി വെസ്‌റ്റിൻഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കുകാരണം വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഉൾപ്പെട്ടില്ല. ശുഭ്‌മാൻ ഗിൽ നയിക്കുന്ന ടീമിൽ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്‌റ്റൻ. ബാറ്റർ ദേവ്‌ദത്ത് പടിക്കലും ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും തിരിച്ചെത്തി. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഒക്‌ടോബർ രണ്ടിന് അഹമ്മദാബാദിലാണ് ആദ്യ ടെസ്‌റ്റ്. രണ്ട് മത്സരമാണ് പരമ്പരയിൽ.
എട്ട് വർഷത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ കരുണിന് അവസരം ഉപയോഗിക്കാനായില്ല. ഇംഗ്ലണ്ടുമായുള്ള ടെസ്‌റ്റ് പരമ്പരയിൽ എട്ട് ഇന്നിങ്‌സുകളിൽ 205 റണ്ണായിരുന്നു സമ്പാദ്യം. 57 ആയിരുന്നു ഉയർന്ന സ്‌കോർ. കരുണിൽനിന്ന് പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ലെന്ന് മുഖ്യ സെലക്ടർ അജിത് അഗാർക്കർ പ്രതികരിച്ചു. ‘കരുണിൽനിന്ന് ഞങ്ങൾ അൽപ്പം കൂടി പ്രതീക്ഷിച്ചിരുന്നു. എല്ലാവർക്കും 15– 20 ടെസ്‌റ്റിൽ അവസരം നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ, അതെപ്പോഴും സംഭവിക്കണമെന്നില്ല.– അഗാർക്കർ വ്യക്തമാക്കി.
കരുണിന് പകരമാണ് ഇടംകൈയൻ ബാറ്ററായ ദേവ്‌ദത്ത് ഇടംപിടിച്ചത്. ഇരുപത്തഞ്ചുകാരൻ രണ്ട് ടെസ്‌റ്റിലാണ് ഇന്ത്യക്കായി ഇറങ്ങിയത്. മൂന്ന് ഇന്നിങ്‌സിലായി 90 റണ്ണടിച്ചു. ഓസ്‌ട്രേലിയൻ എ ടീമിനെതിരായ ഇന്ത്യൻ എ ടീമിന്റെ രണ്ടാം ചതുർദിന മത്സരത്തിൽ ഇരുപത്തഞ്ചുകാരന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയിരുന്നു. അതേസമയം കരുണിന് പകരമെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട സർഫറാസ് ഖാന് പരിക്ക് വിനയായി.
പേസർ ജസ്‌പ്രീത് ബുമ്ര രണ്ട് ടെസ്‌റ്റിലും കളിക്കുമെന്ന് വ്യക്തമാക്കി. ഏഷ്യാ കപ്പ് ഫൈനൽ കഴിഞ്ഞ് മൂന്ന് ദിവസത്തിലാണ് ആദ്യ ടെസ്‌റ്റ് തുടങ്ങുന്നത്. ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്‌റ്റിനിടെ കാൽപ്പാദത്തിന് പരിക്കേറ്റ പന്തിന് ഇതുവരെ പൂർണ കായികക്ഷമത കൈവരിക്കാനായിട്ടില്ല. ഇൗ സാഹചര്യത്തിലാണ് വൈസ് ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് മുതിർന്ന താരം ജഡേജയെ പരിഗണിച്ചത്. ആദ്യമായാണ് മുപ്പത്താറുകാരൻ ടെസ്‌റ്റ് ടീം ഉപനായകനാകുന്നത്. വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലെത്തും. തമിഴ്‌നാട്ടുകാരൻ എൻ ജഗദീശനാണ് രണ്ടാം വിക്കറ്റ് കീപ്പർ.
കരുണിന് പുറമെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായിരുന്ന അഭിമന്യു ഇൗശ്വരൻ, ആകാശ് ദീപ്, അൻഷുൽ കാംബോജ്, അർഷ്‌ദീപ് സിങ്, ശാർദുൽ ഠാക്കൂർ എന്നിവരെയും പരഗണിച്ചില്ല. ആകാശ് പരിക്കിൽനിന്ന് മുക്തനാകുന്നതേയുള്ളൂ.
ഇന്ത്യൻ ടീം:
ശുഭ്‌മാൻ ഗിൽ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ബി സായ് സുദർശൻ, ദേവ്‌ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, ജസ്‌പ്രീത് ബുമ്ര, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, കുൽദീപ് യാദവ്, എൻ ജഗദീശൻ.










0 comments