സെഞ്ചുറിക്കോട്ട ; വിൻഡീസിനെതിരെ രാഹുലിനും ജുറെലിനും ജഡേജയ്ക്കും സെഞ്ചുറി

കെ എൽ രാഹുൽ 100 / ധ്രുവ് ജുറെൽ 125 / രവീന്ദ്ര ജഡേജ 104*

Sports Desk
Published on Oct 04, 2025, 12:00 AM | 2 min read
അഹമ്മദാബാദ്
പേസർമാർ കൊളുത്തിവിട്ട ആവേശം ബാറ്റിങ്‌നിരയും ഏറ്റെടുത്തതോടെ വെസ്റ്റിൻഡീസ് തവിടുപൊടി. കെ എൽ രാഹുലിന്റെയും (100), ധ്രുവ് ജുറെലിന്റെയും (125), രവീന്ദ്ര ജഡേജയുടെയും (104*) സെഞ്ചുറികളിൽ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 286 റൺ ലീഡായി. മൂന്ന് ദിനം ശേഷിക്കെ കൂറ്റൻ ലീഡിലേക്കാണ് കുതിപ്പ്. ഇന്നിങ്‌സ് ജയവും സ്വപ്നം കാണുന്നു. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ (50) അർധസെഞ്ചുറിയും നേടി. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 448 റണ്ണെന്ന നിലയിലാണ്. ജഡേജയ്‌ക്കൊപ്പം വാഷിങ്‌ടൺ സുന്ദറാണ് (9) ക്രീസിൽ.
സ്‌കോർ: വിൻഡീസ് 162, ഇന്ത്യ 448/5
കരീബിയൻ പട പതറിയ അഹമ്മദാബാദിലെ പിച്ചിൽ ഇന്ത്യ അനായാസം റണ്ണടിച്ചു. 2/121 എന്ന നിലയിൽ ബാറ്റിങ് രണ്ടാംദിനം തുടങ്ങിയ ഇന്ത്യക്കായി രാഹുലും ഗില്ലും ആത്മവിശ്വാസത്തോടെ മുന്നേറി. ഇൗ കൂട്ടുകെട്ട് 98 റൺ നേടി. അഞ്ച് ഫോർ ഉൾപ്പെടെ അരസെഞ്ചുറി തികച്ച ഗില്ലിനെ വിൻഡീസ് നായകൻ റോസ്‌റ്റൺ ചേസാണ് പുറത്താക്കിയത്. ക്ഷമയോടെയായിരുന്നു രാഹുൽ കളിച്ചത്. 12 ബൗണ്ടറി നേടി. 11–ാം സെഞ്ചുറിയാണ് മുപ്പത്തിമൂന്നുകാരൻ കുറിച്ചത്. നാട്ടിൽ രണ്ടാമത്തേതും.
2016നുശേഷമാണിത്. ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ ഓവറിൽ വലംകൈയൻ പുറത്തായി. ജൊമെൽ വാരികാന്റെ പന്തിൽ ജസ്റ്റിൻ ഗ്രീവ്‌സ് പിടിച്ചാണ് മടക്കം. നാലിന് 218 എന്ന നിലയിലായ ടീമിനെ പിന്നീട് ഒത്തുചേർന്ന ജുറെലും ജഡേജയും ഉയർത്തി. അഞ്ചാം വിക്കറ്റിൽ 331 പന്തിൽ 206 റണ്ണാണ് ഇരുവരും ചേർത്തത്. ഋഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാൽ ടീമിലിടം പിടിച്ച ജുറെൽ അവസരം നന്നായി മുതലാക്കി. മൂന്ന് സിക്‌സറും 15 ഫോറും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്‌സ്. രണ്ടാംദിനം അവസാനിക്കാൻ അഞ്ച് ഓവർ ശേഷിക്കെയായിരുന്നു പുറത്തായത്.
മറുവശം ജഡേജ അതിവേഗം സ്‌കോർ ഉയർത്തി. വൈസ്‌ക്യാപ്‌റ്റനായുള്ള അരങ്ങേറ്റത്തിൽ സ്ഥിരത തുടർന്നു മുപ്പത്താറുകാരൻ. അഞ്ച് സിക്‌സറും ആറ് ഫോറും പായിച്ചു. അവസാന 13 ഇന്നിങ്‌സിൽ രണ്ട് സെഞ്ചുറിയും അഞ്ച് അരസെഞ്ചുറിയും സഹിതം 659 റണ്ണാണ് നേടിയത്. മൂന്നാംദിനം പരാമവധി റണ്ണടിച്ച് കൂറ്റൻ ലീഡ് നേടുകയാകും ഇന്ത്യൻ ലക്ഷ്യം.
മൂന്ന് പുഞ്ചിരികൾ
ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ച മൂന്ന് സെഞ്ചുറിക്കാർ ആഘോഷത്തിൽ വ്യത്യസ്‌തരായി. ആറാമത്തെ ടെസ്‌റ്റ് കളിക്കുന്ന വിക്കറ്റ്‌കീപ്പർ ധ്രുവ് ജുറെലിന്റെ ആദ്യ സെഞ്ചുറിയാണ്.
നേട്ടം സൈനികർക്ക് സമർപ്പിക്കുന്നതായി ഇരുപത്തിനാലുകാരൻ പറഞ്ഞു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനായ അച്ഛന് അർധസെഞ്ചുറി സമർപ്പിച്ച ജുറെൽ 100 കടന്നതോടെ സൈനികരെ അനുസ്‌മരിച്ച് സല്യൂട്ട് ചെയ്‌തു. 190 പന്തിലാണ് സെഞ്ചുറി. ടെസ്റ്റിൽ സെഞ്ചുറി നേടുന്ന 12–ാം ഇന്ത്യൻ വിക്കറ്റ‍് കീപ്പറാണ്.
പതിനൊന്നാം സെഞ്ചുറി നേടിയ കെ എൽ രാഹുൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഓർത്ത് വിരൽ കുടിക്കുന്ന ആംഗ്യം കാണിച്ചു. മാർച്ചിലാണ് രാഹുൽ അച്ഛനായത്.
വെെസ് ക്യാപ്റ്റൻ കൂടിയായ രവീന്ദ്ര ജഡേജയുടെ ആറാം സെഞ്ചുറിയാണ്. പതിവ് വാൾവീശൽ ആഘോഷമായിരുന്നു ഓൾറൗണ്ടറുടേത്.










0 comments