വനിതാ ട്വന്റി 20 ഏഷ്യാ കപ്പ്: തായ്‌ലൻഡിനെതിരെ ഇന്ത്യ നാളെയിറങ്ങും

ദുബായ്: വനിതാ ട്വന്റി 20 ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ഞായറാഴ്ച തായ്‌ലൻഡിനെ നേരിടും. ട്വന്റി 20 ഫോർമാറ്റിലെ സമീപകാലത്തെ മോശം പ്രകടനങ്ങൾ മറികടന്ന് വിജയത്തോടെ ടൂർണമെന്റ് തുടങ്ങുകയാണ് ഹർമൻപ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
ഈ വർഷം കളിച്ച 16 ട്വന്റി 20 മത്സരങ്ങളിൽ ഒമ്പതിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്‌ട്രേലിയയോട് തോറ്റതോടെ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുകയും ചെയ്തു. ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ ഫോമും ടീമിന്റെ സ്ഥിരതയില്ലായ്മയും ആശങ്കയായി തുടരുകയാണ്.
ട്വന്റി 20 ഏഷ്യാ കപ്പിൽ തായ്‌ലൻഡ്, ഹോങ്കോങ്, പാകിസ്ഥാൻ എന്നിവർക്കൊപ്പമാണ് ഇന്ത്യ ഗ്രൂപ്പ് എയിൽ. ജെമിമ റോഡ്രിഗസ് ഇല്ലാത്ത സാഹചര്യത്തിൽ പ്രതിക റാവലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ഓപ്പണിങ്ങിൽ ഇന്ത്യയുടെ പ്രധാന പ്രതീക്ഷകളാകും.
ദീപ്തി ശർമയുടെ നേതൃത്വത്തിലുള്ള സ്പിൻ ആക്രമണത്തിൽ ശ്രീ ചരണി,രാധ യാദവ്, പ്രേമ റാവത്ത് എന്നിവരും അണിനിരക്കും. പേസ് വിഭാഗത്തിൽ രേണുക സിങ് ഠാക്കൂറിനൊപ്പം ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, നന്ദനി ശർമ എന്നിവരും ടീമിലുണ്ട്.
ആദ്യ മത്സരത്തിൽ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് തായ്‌ലൻഡ്. ക്യാപ്റ്റൻ നരുമോൾ ചായ്‌വായിയും, ബൗളർമാരായ ഒന്നിച്ച കാംചോംഫുവും, ഫാനിത മായയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്കെതിരെയും ശക്തമായ പോരാട്ടം നടത്താനാകും തായ്‌ലൻഡിന്റെ ശ്രമം.









0 comments