ad
Deshabhimani

എല്ലാ വലതുപക്ഷശക്തികളും ഒന്നിച്ചു, ഒരു ഘട്ടത്തിലും സിപിഐ എം ബഹുജനങ്ങളെ വഞ്ചിക്കില്ല: പിണറായി

Pinarayi Vijayan

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Aug 29, 2026, 10:25 PM | 2 min read

കണ്ണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ വലതുപക്ഷശക്തികളും എൽഡിഎഫിനെതിരെ ഒന്നിച്ചുവെന്ന് പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ തമസ്കരിക്കാനും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും മത്സരമുണ്ടായി. അക്കൂട്ടത്തിൽ വിവിധ താൽപര്യക്കാർ ഒത്തുചേർന്നു. കേരളത്തിൽ നല്ലൊരുഭാ​ഗം ജനങ്ങളെ തെറ്റിധരിപ്പിക്കാനായി. എൽഡിഎഫിനോടൊപ്പം നേരത്തെ ഉണ്ടായിരുന്നവർ ഇത്തവണ വിട്ടുനിന്നുവെന്നും പിണറായി പറഞ്ഞു. പയ്യന്നൂരിൽ സിപിഐ എം സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


എല്ലാ കാലത്തും സിപിഐ എമ്മിനെതിരെയുള്ള കുത്തൊഴുക്കിൽ അതിനെ പ്രതിരോധിച്ച് യശസ്സോടെ നിന്ന സ്ഥലമാണ് പയ്യന്നൂർ. 1965ൽ മണ്ഡലം രൂപംകൊണ്ടതിന് ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളിലും സിപിഐ എം സ്ഥാനാർഥികൾ മത്സരിച്ച് വിജയിച്ചു. ഇത്തവണ എൽഡിഎഫിന് കേരളത്തിൽ ആകെയുണ്ടായ പരാജയങ്ങളുടെ കാരണങ്ങൾക്കൊപ്പം പയ്യന്നൂരിൽ മറ്റ് ചിലതുകൂടിയുണ്ടായി. ബഹുജനങ്ങളിലും പാർടിയെ സ്നേഹിക്കുന്നവരിലും അവമതിപ്പുണ്ടാക്കാനായിരുന്നു ശ്രമം. പാർടിക്കുള്ളിൽനിന്നുകൊണ്ട് പാർടിയെ തകർക്കാനായിരുന്നു ശ്രമം. അതിനായി മറ്റ് ബന്ധങ്ങൾ സ്ഥാപിക്കുന്ന നിലയുണ്ടായി. ​നേതൃപദവിയിലുള്ളയാൾ പാർടിയെ തകർക്കാനുള്ള ആരോപണങ്ങളുമായി രംഗത്തുവന്നപ്പോൾ ബഹുജനങ്ങളിൽ സംശയമുണ്ടായി. സത്യത്തിനും വസ്തുതകൾക്കും മങ്ങലേറ്റു. ​ പാർടി പറഞ്ഞത് വസ്തുതയല്ല എന്ന് സ്ഥാപിക്കാൻ ശ്രമംനടത്തി. കഴിയാവുന്നത്ര തെറ്റ് തിരുത്തിക്കാനാണ് പാർടി എപ്പോഴും നടത്തുക. പക്ഷേ ആ ശ്രമങ്ങളൊന്നും ഇവിടെ ഏശിയില്ല.


എല്ലാക്കാലത്തും വസ്തുതകളാണ് പാർടി അറിയിക്കുന്നത്. ബഹുജനങ്ങളുടെ മുന്നിൽ പാർടി ഒരിക്കലും കാപട്യം കാണിക്കില്ല. ഒരിക്കലും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പാർടി പറയില്ല. തെറ്റുകൾ സംഭവിക്കരുത് എന്ന മനോഭാവത്തോടെയാണ് കാര്യങ്ങൾ പരിശോധിക്കുന്നത്. ഓരോ കമ്യൂണിസ്റ്റും കമ്യൂണിസ്റ്റ് പാർ‌ടിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് ജീവിക്കേണ്ടത്. എന്നാൽ അത്യപൂർവമായി ചിലർ മനുഷ്യസഹജമായ ചാപല്യങ്ങൾ കാണിക്കാറുണ്ട്. ആ ചാപല്യങ്ങൾ‌ പാർടിയുടെ യശസ്സിനെ ബാധിക്കുന്നതാണെങ്കിൽ ശക്തമായ നടപടി എടുക്കുകയും ചെയ്യും. അതിൽ സിപിഐ എം വിട്ടുവീഴ്ച ചെയ്യാറില്ല.


പയ്യന്നൂരിൽ പ്രചരിപ്പിച്ച പലകാര്യങ്ങളിലും പാർടി വ്യക്തത വരുത്തിയതാണ്. ഇത് കുറേപ്പേരെ തെറ്റിധരിപ്പിക്കാനിടയാക്കി. അന്നും ഇന്നും നാളെയും വസ്തുതകൾ മാത്രമേ പാർടി പറയാറുള്ളൂ എന്നാണ് തെറ്റിധരിപ്പിക്കപ്പെട്ടവരോട് പറയാനുള്ളത്. പാർടി ശത്രുക്കളും പാർടിയുടെ നേതൃതലത്തിൽനിന്നുകൊണ്ട് പാർടിയെ തകർക്കാനുള്ള ശ്രമവും പയ്യന്നൂരിൽ ഒന്നിച്ചുവന്നു. അങ്ങനെയാണ് താൽകാലിക വിജയം ശത്രുക്കൾക്ക് നേടാനായത്. തെറ്റിദ്ധരിക്കപ്പെട്ടവർ അക്കാര്യം തിരിച്ചറിഞ്ഞ് കഴിയാവുന്നത്ര വേഗത്തിൽ തിരിച്ചുവരണമെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home