ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കോട്ടയത്ത് 21കാരൻ പിടിയിൽ

പൊലീസ് ജീപ്പിനു മുന്നിൽ നിന്ന് ആദിത്യൻ എടുത്ത ഫോട്ടോ (ഇടത്), ആദിത്യനെ കോട്ടയം വെസ്‌റ്റ് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ (വലത്)
കോട്ടയം: കോട്ടയത്ത് ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. കളത്തിപ്പടി പാട്ടുകളത്തിൽ ആദിത്യൻ പി കിഷോറാ(21)ണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിലും ഇയാൾ പ്രതിയാണ്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ഇയാൾ ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പലയിടത്തും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുള്ളതായും ചോദ്യംചയ്യലിൽ വ്യക്തമായി. ഇത്തരത്തിലൊരു തട്ടിപ്പ് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയതായി കണ്ടെത്തിയത്. തുടർന്ന് കോട്ടയം വെസ്‌റ്റ് പൊലീസ് ഇയാളെ വീട്ടിലെത്തി അറസ്‌റ്റ് ചെയ്‌തു.
ചേർത്തല സ്വദേശികളായ ദമ്പതികളെ, പ്രതി ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വഞ്ചിച്ചിരുന്നു. ദമ്പതികൾ ട്രാവൽ ഏജൻസിയിൽ നൽകിയ പാസ്‌പോർട്ട് തിരിച്ചുകിട്ടാതെ വന്നപ്പോൾ, അത് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രതി പണം വാങ്ങിക്കുകയായിരുന്നു. കോട്ടയം എഎസ്‌പി ആണെന്നാണ് പ്രതി ദമ്പതികളോട് പറഞ്ഞിരുന്നത്. പിന്നീട് സംശയം തോന്നിയ ദമ്പതികൾ കോട്ടയം ഡിവൈഎസ്‌പി ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു ഉദ്യോഗസ്ഥൻ ഇല്ലെന്ന് മനസിലായി. കോട്ടയം ഡിവൈഎസ്‌പി കെ ജി അനീഷിന്റെ നിർദേശപ്രകാരം കോട്ടയം വെസ്‌റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. ചേർത്തലയിലെ ദമ്പതികൾക്ക് പ്രതി നൽകിയ ജി പേ നമ്പരിലേക്ക് ദമ്പതികൾ വിളിച്ചപ്പോൾ പ്രതിയുടെ കാമുകിയായ പെൺകുട്ടിയാണ് ഫോണെടുത്തത്. ഐപിഎസുകാരനാണെന്നാണ് തന്നോടും പറഞ്ഞിട്ടുള്ളതെന്ന് പെൺകുട്ടി പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ബാറിൽ തോക്ക് ചൂണ്ടിയതിന് നിലവിൽ പ്രതിയുടെ പേരിൽ കേസുണ്ട്. കൂടാതെ, കീഴ്‌വായ്‌പൂര് പൊലീസ് സ്‌റ്റേഷനിൽ തട്ടിപ്പ് കേസുമുണ്ട്.









0 comments