നേരത്തെ വരാമെന്ന് പറഞ്ഞ് ഇറങ്ങി, പക്ഷേ..; വിവാഹവാർഷികദിനത്തിൽ നോവായി സാദിഖ്

സാദിഖ് (ഇടത്), മരണവാർത്ത അറിഞ്ഞ് സാദിഖിന്റെ വീട്ടിലെത്തിയ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും (വലത്)
മടിക്കൈ: കാസര്‍കോട് കാഞ്ഞിരപൊയിലില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ ചായ്യോത്ത് കെ പി സാദിഖ് (39) മരിച്ചത് തന്റെ വിവാഹ വാർഷികദിനത്തിൽ. സാദിഖ്- റുഖ്സാന ദമ്പതികെളുടെ നാലാം വിവാഹ വാർഷികമായിരുന്നു ശനിയാഴ്ച. രാവിലെ വീട്ടിൽനിന്നും ജോലിക്കായി പുറത്തിറങ്ങുമ്പോൾ സാദിഖ് ഭാര്യ റുഖ്സാനയോട് വൈകിട്ട് നേരത്തേയെത്താമെന്ന് പറഞ്ഞാണ് വന്നത്. പക്ഷെ സന്തോഷവും ആഘോഷവും നടക്കേണ്ട വീട്ടിലേക്ക് വൈകീട്ടോടെയെത്തിയത് സാദിഖിന്റെ ചേതനയറ്റ ശരീരമാണ്.
പരപ്പ, കാഞ്ഞങ്ങാട് റൂട്ടിലെ സ്വകാര്യ ബസുകളിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന സാദിഖ് അടുത്ത കാലത്താണ് ചെങ്കൽ ക്വാറിയിലെ ടിപ്പർ ലോറിയിൽ ഡ്രൈവറായത്. സാദിഖിന്റെ വരുമാനത്തിലാണ് കുടുംബം പുലരുന്നത്. മകന്റെ വേർപാടോടെ നിരാലംബരായിരിക്കുകയാണ് മാതാപിതാക്കൾ. രണ്ടുവയസുകാരൻ മകൻ ഇസാനുമായി നിൽക്കുന്ന റുഖ്സാനയുടെ സങ്കടം കണ്ടു നിന്നവരെയെല്ലാം സങ്കട കടലിലാഴ്ത്തി.
ശനി രാവിലെ എട്ടോടെയായിരുന്നു അപകടം. ലോറിയിൽനിന്നും ഒരു ഭാഗത്തെ കല്ലിറക്കി തിരിച്ചു വെക്കുന്നതിനിടയിൽ അരികിടിഞ്ഞ് ലോറി വീടിന്റെ പിറകുവശത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കുളങ്ങാട്ടെ കാലിക്കടവ് പി ഗോപാലന്റെ ഓടുമേഞ്ഞ വീടിന്റെ അടുക്കള ഭാഗം പൂർണമായി തകർന്നു.
കെ പി കരീമിന്റെയും ബീഫാത്തിമയുടെയും മകനാണ് സാദിഖ്. സഹോദരങ്ങൾ: നസ്രത്ത്, കുഞ്ഞാസിയ, ഷാജിത, ഷാഫി, തസ്ലീമ (എല്ലാവരും ചായ്യോത്ത്), സാബിറ (കടപ്പുറം).









0 comments