നേപ്പാളിൽ ജലനിരപ്പ് കുറയുന്നു; മഴ തുടരുന്നു, അവശേഷിക്കുന്ന രണ്ട് തടാകങ്ങളിൽ ആശങ്ക

നേപ്പാളിലെ ദുരന്തബാധിതമേഖലയുടെ ഉപഗ്രഹദൃശ്യം
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഉണ്ടായ വെള്ളക്കെട്ടിന് ചെറിയ ശമനം. ഭോടെ കോസിയിൽ ജലനിരപ്പ് കുറയുന്നതായി കാലാവസ്ഥ വിദഗ്ധർ. ഹിമാനിയിൽ രണ്ട് തടാകങ്ങൾ കൂടെ അവശേഷിക്കുന്നുണ്ടെന്നും ആ ഭാഗത്ത് വീണ്ടും ഒരു പ്രകമ്പനമുണ്ടായാൽ സ്ഥിതി വഷളാകും എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും ജലനിരപ്പ് കുറയുന്നത് ആശ്വാസം സൃഷ്ടിച്ചിട്ടുണ്ട്.
നിലവിൽ ജലനിരപ്പ് കുറയുന്നത് രക്ഷാപ്രവർത്തനത്തിന് സഹായകമാകും. ഇപ്പോൾ തകർന്ന റോഡുകളുള്ള പ്രദേശങ്ങളിലും ഒലിച്ചുപോയ ഗ്രാമങ്ങളിലും ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജലനിരപ്പ് കുറയുന്നത് രക്ഷാപ്രവർത്തകർ പ്രദേശങ്ങളിൽ എത്തിക്കാൻ സഹായിക്കും.
രണ്ടാമതും പ്രളയം സംഭവിക്കുമെന്ന് ആശങ്കപ്പെടുത്തിയ തടാകത്തിന്റെ വിസ്തീർണം ഏകദേശം 99,000 ചതുരശ്ര മീറ്ററായി കുറഞ്ഞതായാണ് ഉപഗ്രഹദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നതെന്നും നേപ്പാൾ സർക്കാർ അറിയിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും 675 പേർ മരിച്ചതായാണ് പുതിയ റിപ്പോർട്ട്.
3000ഓളം പേരെ കാണാതായിട്ടുണ്ട്. 2,400ലധികം ആളുകളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും നൂറുകണക്കിന് പേർ പരിക്കേറ്റ് ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ വീണ്ടും മഴ തുടരുന്ന സാഹചര്യം ജലനിരപ്പ് ഉയർത്താനും കാരണമാകും. പ്രദേശത്തു അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.









0 comments