ഇന്ത്യയുടെ സന്നാഹ മത്സരത്തിന് തുടക്കം; ശ്രീലങ്കക്കെതിരെ ത്രിദിന മത്സരം

Photo:PTI
കൊളംബൊ : ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം സന്നാഹ മത്സരത്തിനിറങ്ങി. കൊളംബൊ എൻസിസി ഗ്രൗണ്ടിൽ നടക്കുന്ന ത്രിദിന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇലവൻ ബാറ്റിങ് തെരഞ്ഞെടുത്തു. 10.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 41 റൺസെടുത്തു. നിശാന്ത് ഫെർണാണ്ടോയും രവീന്ദു രസാന്തയും ക്രീസിലുണ്ട്.
സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം നായകൻ ശുഭ്മൻ ഗില്ലിന് വിശ്രമം അനുവദിച്ചതിനാൽ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ ആണ് ടോസിന് എത്തിയത്. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് മുമ്പുള്ള ഇന്ത്യയുടെ ഏക സന്നാഹ മത്സരമായതിനാൽ ടീമിലെ പലർക്കും ലങ്കൻ സാഹചര്യങ്ങളിൽ ആദ്യമായി റെഡ്-ബോൾ ക്രിക്കറ്റ് കളിക്കാനുള്ള അവസരമായും ഈ മത്സരം മാറുന്നു.
ശ്രീലങ്കയുടെ കരുത്തുറ്റ സ്പിൻ ആക്രമണത്തെ നേരിടാനുള്ള പ്രധാന പരിശീലനാവസരമായാണ് ഇന്ത്യ സന്നാഹ മത്സരത്തെ കാണുന്നത്. സമീപകാലത്ത് ന്യൂസീലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളിൽ ഇന്ത്യൻ ബാറ്റർമാർ സ്പിന്നിന് മുന്നിൽ പതറിയിരുന്നു. ലങ്കൻ പിച്ചുകൾ ഇന്ത്യൻ സാഹചര്യങ്ങളിൽനിന്ന് വ്യത്യസ്തമായതിനാൽ കെ എൽ രാഹുൽ, യശസ്വി ജയ്സ്വാൾ എന്നിവരുൾപ്പെടെയുള്ള മുൻനിരയ്ക്ക് മത്സരം നിർണായകമാകും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് 15 മുതൽ ഗാലെയിലും രണ്ടാം ടെസ്റ്റ് 23 മുതൽ കൊളംബൊയിലുമാണ് നടക്കുക.









0 comments