ഊട്ടിയിൽ കാട്ടാനശല്യം രൂക്ഷം; ജാഗ്രതപാലിക്കണമെന്ന് വനം വകുപ്പ്

ഊട്ടി : കോത്തഗിരി– മേട്ടുപാളയം റോഡിലും കൂനൂർ– ഊട്ടി റോഡിലും കാട്ടാന സാന്നിധ്യം വർധിച്ച സാഹചര്യത്തിൽ സഞ്ചാരികൾ ജാഗ്രതപാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. രാത്രി മാത്രമല്ല, പകലും ആനകൾ റോഡിലേക്ക് ഇറങ്ങുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം കാട്ടേരി ഗാർഡനിലും സമീപത്തെ ജനവാസകേന്ദ്രങ്ങളിലും എത്തിയിരുന്നു.
രാത്രിയിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രതപാലിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി. കോത്തഗിരി ഭാഗത്ത് ചക്ക ഭക്ഷിക്കാനാണ് ആനകൾ എത്തുന്നത്. റോഡിൽ ഇറങ്ങുന്നത് സഞ്ചാരികളെ ആശങ്കയിലാക്കുന്നുണ്ട്. കൂനൂർ ഭാഗത്ത് ആനകൾ കൂട്ടമായാണ് എത്തുന്നത്. തീറ്റയും വെള്ളവും തേടി റെയിൽവേ ട്രാക്ക് വഴിയാണ് ഇവ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങുന്നത്. കാട്ടേരി ഗാർഡനിലും ജനവാസ മേഖലകളിലും കൂട്ടത്തോടെ എത്തിയതോടെ നാട്ടുകാർ വലിയ ബുദ്ധിമുട്ടിലാണ്. പലപ്പോഴും കൂനൂർ–ഊട്ടി റോഡിൽ ഗതാഗത തടസ്സവും സൃഷ്ടിക്കുന്നുണ്ട്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാട്ടാനകളുടെ ശല്യം രൂക്ഷമായി തുടരുകയാണ്.









0 comments